Begin typing your search above and press return to search.
കിറ്റെക്‌സ് വിവാദം: സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി
കിറ്റെക്‌സ് വിവാദത്തില്‍ പ്രതിക്കൂട്ടിലാക്കിയ സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വ്യവസായികളുമായി സര്‍ക്കാരിന് സൗഹാര്‍ദ അന്തരീക്ഷമാണ് ഉള്ളതെന്നും വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കാന്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ബോധ്യപ്പെടുത്താനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രശ്‌നത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ ആണ് വാര്‍ത്തകള്‍ നല്‍കിയത്. സംഭവം ലോകം ശ്രദ്ധിച്ചതോടെ വ്യവസായ വകുപ്പിനും കേരളത്തിനും വളരെ ക്ഷീണമായി.
കേരളം നിക്ഷേപ സൗഹൃദമല്ലെന്ന കിറ്റക്‌സ് എം.ഡി. സാബുജേക്കബിന്റെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രണ നീക്കമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രശ്‌നത്തെ തള്ളിയെങ്കിലും വളരെ ഗൗരവത്തോടെ അദ്ദേഹം കാര്യങ്ങള്‍ കണ്ടു. വ്യവസായ മന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി ഇതു സംബന്ധിച്ച് അടിയന്തിര ചര്‍ച്ചകള്‍ നടത്തി. ജാഗ്രതയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഇതിനെതുടര്‍ന്നാണ്. വ്യവസായങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്ല് അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഇത്തരം ഒരു ബില്ല് കൊണ്ടുവരുന്നതിന് തങ്ങള്‍ നേരത്തെ തീരുമാനം എടുത്തതാണെന്നു പറയുന്നുണ്ടെങ്കിലും തിടുക്കം കാട്ടിയത് സാബു പ്രശ്‌നത്തോടെ യാണെന്ന് തീര്‍ച്ച.
തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് പ്രവാസി സംരഭകന്‍ നസീറും ഭരണപക്ഷ യൂണിയന്‍കാരുമായുള്ള പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടത് കിറ്റക്‌സ് പ്രശ്‌നത്തിന്റെ പ്രതിഫലനമാണ്. യൂണിയന്‍കാരെ തള്ളിപ്പറഞ്ഞ് സംരഭകന്റെ സംരക്ഷകനായി സര്‍ക്കാര്‍. തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടിയും കഴക്കുട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രനും പ്രവാസി സംരഭകനുമായി ചര്‍ച്ചകള്‍ നടത്തി.
ചിക്കുന്‍ഗുനിയ ബാധിച്ചു കിടക്കുകയായിരുന്ന എം എല്‍ എ തനിക്കുണ്ടായ അസുഖത്തെക്കാള്‍ വളരെ വേദനാജനകമായിട്ടാണ് സംരഭകന്റെ പ്രശ്‌നത്തെ കാണുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംരഭകന് എല്ലാ സംരക്ഷണവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു സി ഐ ടി യു ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നസീറിന്റെ വീട്ടിലെത്തി സംരംഭകനെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു.
ഇതിന് പുറമെ ഒട്ടറേ കര്‍മപദ്ധതികളുമായി വ്യവസായ വകുപ്പ് സജീവമായിരിക്കുകയാണ്. സംരഭകരുടെ പരാതി കേല്‍ക്കാന്‍ വ്യവസായ വകുപ്പുമന്ത്രി ഓരോ ജില്ലയിലും നേരിട്ട് എത്തിചേരുന്ന പരിപാടി ഈ മാസം 15-നു തുടക്കമാകുന്നു. ഓരോ ജില്ലകളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരെയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരില്‍ കാണുക.
വ്യവസായ നടത്തിപ്പുമായി ബന്ധപെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും,തടസ്സങ്ങളും സംരഭകര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. അത്തരം പരാതികള്‍ ബന്ധപെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയാണ് ലക്ഷ്യം. എറണാകുളം ജൂലായ് 15 ന് രാവിലെ 10, തിരുവനന്തപുരം ജൂലായ് 16 ഉച്ചയ്ക്ക് 2,കോട്ടയം ജൂലായ് 19 രാവിലെ 10, എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
'ഈസ് ഓഫ് ഡൂയിംഗ്' മായി ബന്ധപ്പെട്ട് വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് ഫിക്കി പ്രത്യേക പരിപാടി ജൂലായ് 12 ന് സംഘടിപ്പിച്ചിട്ടുണ്ട്. സി ഐ ഐ യും ഇതിനായി പ്രത്യേക വേദികളൊരുക്കുകയാണ്. ഇതിനുപുറമേ സര്‍ക്കാരിന്റെ നയങ്ങള്‍ അറിയിക്കാനായി ഒട്ടേറേ വ്യവസായസംഘടനകളുമായി മന്ത്രി നേരില്‍ കണ്ടു കൊണ്ടിരിക്കുകയാണ്.
വ്യവസായ അന്തരീക്ഷം കേരളത്തില്‍ അനുകൂലമാണെന്നു കാണിച്ച് സോഷ്യല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നീതി ആയോഗ്, സുസ്തിര വികസന സൂചികയില്‍ കേരളത്തി9െറ ഒന്നാം സ്ഥാനവും ഇന്ത്യ ഇന്നവേഷന്‍സ് സൂചികയില്‍, ബിസിനസ് സാഹചര്യം മനുഷ്യമൂലധനം,എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും ചൂണ്ടി കാണിച്ച് പ്രചരണം ആരംഭിക്കും വ്യവസായ നടപടികള്‍ ലളിതമാക്കാന്‍ ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തത്, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് നടപ്പാക്കിയത്. കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫൈസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പറന്റ് ക്ലിയറന്‍സ് (k shift) ,ഓണ്‍ ലൈന്‍ ക്ലിയറന്‍സ് സംവിധാനത്തിലൂടെ ലൈസന്‍സ് അനുമതികള്‍ വേഗത്തിലാക്കിയത്, മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷ ഫോറം കൊണ്ടു വന്നത്, എം എസ് ഇ വ്യവസായങ്ങള്‍ ആര0ഭിക്കുന്നതില്‍ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ കെ എസ് ഐ ഡി സി എം ഡി കണ്‍വീനര്‍ ആയി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചത്.
സംരഭകര്‍ക്കുള്ള അനുമതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, സ്യകാര്യ പാര്‍ക്കുകള്‍ക്കുള്ള അനുമതി, വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ബോര്‍ഡ് രൂപീകരണം , നൂറുകോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചക്കകം അനുമതി നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തും.
Next Story
Videos