കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ 51 വിമാനങ്ങള്‍; ദുബായിലേക്ക് 45
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇത് 2023 മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള കാലയളവിലേക്കാണ്. ആഴ്ചയില്‍ 1484 സര്‍വീസുകളാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വീസുകളും വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1202 ശൈത്യകാല വിമാന സര്‍വീസുകളാണുള്ളത്.
അന്താരാഷ്ട്ര സര്‍വീസുകള്‍
സിയാലിന്റെ വേനല്‍ക്കാല വിമാന സര്‍വീസുകളില്‍ 31 എയര്‍ലൈനുകള്‍ ഉണ്ടാകും. ഇതില്‍ 23 എണ്ണം മറ്റ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും. ഇവയ്ക്ക് ആഴ്ച്ചയില്‍ 332 സര്‍വീസുകള്‍ ഉണ്ടാകും. അബുദാബിയിലേക്ക് മാത്രം ആഴ്ചയില്‍ 51 സര്‍വീസുകള്‍ ഉണ്ടാകും. 45 സര്‍വീസുകള്‍ ദുബായിലേക്കും. എയര്‍ അറേബ്യ അബുദാബി ആഴ്ചയില്‍ 10 അധിക സര്‍വീസുകള്‍ നടത്തും. അതേസമയം ക്വാലാലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സര്‍വീസുകള്‍ നടത്തും. സ്പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും അധിക പ്രതിദിന ഫ്ളൈറ്റുകള്‍ പ്രഖ്യാപിച്ചു. ഇന്‍ഡിഗോ ദമാമിലേക്കും ബഹ്റൈനിലേക്കും പ്രതിദിന അധിക വിമാന സര്‍വീസുകള്‍ നടത്തും.
ആഭ്യന്തര സര്‍വീസുകള്‍
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്ക് അധിക പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തും. ഗോ ഫസ്റ്റ്, ഇന്‍ഡിഗോ എന്നിവ ഹൈദരാബാദിലേക്കും, ഇന്‍ഡിഗോയും ആകാശ എയറും ബാംഗ്ലൂരിലേക്ക് ദിവസേന സര്‍വീസ് നടത്തും. ബാംഗ്ലൂരിലേക്ക് 131, മുംബൈയിലേക്ക് 73, ഡല്‍ഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗതി, അഹമ്മദാബാദ്, ഗോവ, തിരുവനന്തപുരം, കണ്ണൂര്‍, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലേക്ക് 7 വിമാനങ്ങള്‍ വീതവും ഉണ്ടാകും. ഇവയെല്ലാം കൂടി ആഴിച്ചയില്‍ 742 സര്‍വീസുകള്‍ നടത്തും.
വ്യോമഗതാഗതത്തിന്റെ കേന്ദ്രം
അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമാണ് സിയാല്‍. അതിനാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വികസനങ്ങള്‍ കൈവരിക്കുന്നതിനായി കമ്പനി കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, ഐഎഎസ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ വ്യോമഗതാഗതത്തിന്റെ കേന്ദ്രമായി കൊച്ചിയെ മാറ്റുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ആ വളര്‍ച്ചയുമായി പൊരുത്തപ്പെടാനും ഭാവിയിലേക്കുള്ള പുതിയ പദ്ധതികള്‍ രൂപപ്പെടുത്താനുമുള്ള തന്ത്രങ്ങള്‍ സിയാല്‍ തയ്യാറാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.