കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിയുടെ ലോക ഹബ്ബാകാന്‍ കൊച്ചി; രണ്ട് വമ്പന്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

കേരളത്തിന്റെയും ഇന്ത്യയുടെയും വികസനപ്പടവുകളില്‍ പുതിയ നാഴികക്കല്ലാകാന്‍ കൊച്ചിയില്‍ ഒരുങ്ങുന്ന രണ്ട് വമ്പന്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മ്മിച്ച് രാജ്യത്തിന് കൈമാറിയതടക്കം നിരവധി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ സജ്ജമാക്കുന്ന അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല (International Ship Reparing Faciltiy/ISRF), തേവരയില്‍ കപ്പല്‍ശാലയ്ക്ക് സമീപമായി ഒരുക്കുന്ന പുതിയ ഡ്രൈഡോക്ക് എന്നീ പദ്ധതികളുടെ കമ്മിഷനിംഗ് ഈ വര്‍ഷം ഡിസംബറില്‍ നടത്താനുള്ള ശ്രമങ്ങളാണ് അതിവേഗം പുരോഗമിക്കുന്നത്.

ആഗോള ഹബ്ബാകാന്‍ കൊച്ചി
കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് 970 കോടി രൂപ ചെലവഴിച്ച് ഐ.എസ്.ആര്‍.എഫ് സജ്ജമാകുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നേരിട്ടും പരോക്ഷമായും 5,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ഇപ്പോഴും ഇന്ത്യയിലെ കപ്പലുകളില്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണി ചെയ്യുന്നത് ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇന്ത്യക്ക് പോരായ്മയായിരുന്നത്. ഇത് നികത്തുക ലക്ഷ്യമിട്ടാണ് കൊച്ചിയില്‍ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കുന്നത്.
ഐ.എസ്.ആര്‍.എഫ് സജ്ജമാകുന്നതോടെ വിദേശ കപ്പലുകളെയും ആകര്‍ഷിക്കാനാകും. ഇത് സാമ്പത്തിക രംഗത്ത് കൊച്ചിക്കും കേരളത്തിനും ഇന്ത്യക്കാകെയും വലിയ കുതിപ്പാകും. ഫലത്തില്‍, അന്താരാഷ്ട്ര നിലവാരമുള്ള കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണികളുടെ ഹബ്ബായി മാറാനും കൊച്ചിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
മികച്ച സൗകര്യങ്ങള്‍
ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ നീളവും 6,000 ടണ്‍ കാര്യശേഷിയുമുള്ള ഷിപ്പ്ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഐ.എസ്.ആര്‍.എഫിലുണ്ടാകും. പ്രതിവര്‍ഷം ചെറുതും വലുതുമായ 80ലധികം വെസലുകളെ ഇവിടെ കൈകാര്യം ചെയ്യാനാകും.
കേരളത്തിന്റെ വ്യാവസായിക വികസനത്തിലെ നാഴികക്കല്ലായി ഐ.എസ്.ആര്‍.എഫ് പദ്ധതി മാറുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും പ്രതീക്ഷ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങള്‍ക്കും പദ്ധതിക്ക് അനുബന്ധമായി നിരവധി ബിസിനസ് അവസരങ്ങള്‍ ലഭിക്കുമെന്നതാണ് നേട്ടം.
ഐ.എസ്.ആര്‍.എഫ് നേരത്തേ പൂര്‍ത്തിയാകേണ്ടതായിരുന്നു. കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം പ്രതീക്ഷിച്ചതിലും വൈകിയാണ് ഇപ്പോള്‍ കമ്മിഷനിംഗിലേക്ക് എത്തുന്നത്.
ഒരുങ്ങുന്നു, പുതിയ ഡ്രൈഡോക്കും
1,800 കോടിയോളം രൂപ ചെലവഴിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒരുക്കുന്ന പുതിയ ഡ്രൈഡോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്ത് കഴിഞ്ഞു. തേവരയില്‍ കൊച്ചി കപ്പല്‍ശാലയോട് ചേര്‍ന്ന് തന്നെ 15 ഏക്കറോളം സ്ഥലത്താണ് പദ്ധതി. ആയിരത്തിലധികം തൊഴിലവസരങ്ങളുമാണ് പദ്ധതിയിലൂടെ തുറക്കുക. പുത്തന്‍ ഡ്രൈഡോക്കില്‍ വിമാന വാഹിനികള്‍ ഉള്‍പ്പെടെ വമ്പന്‍ കപ്പലുകളുടെ നിര്‍മ്മാണം സാദ്ധ്യമാകും. ഇത്, കപ്പല്‍ശാലയുടെ പ്രവര്‍ത്തന മികവിന് കൂടുതല്‍ കരുത്തും തിളക്കവുമാകും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it