കൊച്ചിയെ ഉന്നമിട്ട് 40 ആഡംബര കപ്പലുകള്‍; ആലപ്പുഴയ്ക്കും ഇടുക്കിക്കും കുമരകത്തിനും നേട്ടം

ആഡംബര കപ്പല്‍ ടൂറിസത്തിന്റെ (ക്രൂസ് ഷിപ്പ്) ദക്ഷിണേന്ത്യന്‍ ഹബ്ബായ കൊച്ചി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉണര്‍വിന്റെ ഓളങ്ങളിലേക്ക്. നടപ്പുവര്‍ഷം 15-20 വിദേശ കപ്പലുകളടക്കം 40 കപ്പലുകള്‍ കൊച്ചി ക്രൂസ് ടെര്‍മിനലിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായെന്ന് കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗം അധികൃതര്‍ ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2022-23) 41 ക്രൂസ് കപ്പലുകള്‍ കൊച്ചിയിലെത്തിയിരുന്നു. ഇതില്‍ 16 എണ്ണം അന്താരാഷ്ട്ര ക്രൂസ് കപ്പലുകളും 15 എണ്ണം ആഭ്യന്തര ക്രൂസ് ഷിപ്പുകളുമായിരുന്നു. എന്നാല്‍, നടപ്പുവര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളില്‍ ഈ മികവ് നിലനിറുത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ്, ഇപ്പോള്‍ ഒക്ടോബര്‍ മുതല്‍ അടുത്ത ഏപ്രിലിനകം 40 കപ്പലുകള്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായത്.
കൊവിഡിന് മുമ്പ് 2017-18ല്‍ 42 ആഡംബര കപ്പലുകളിലായി 50,000ഓളം സഞ്ചാരികള്‍ കൊച്ചിയിലെത്തിയിരുന്നു. കൊവിഡ് കാലത്ത് കപ്പലുകളൊന്നും വന്നില്ല. 2021-22ല്‍ ആകെ വന്നത് 9 ക്രൂസ് കപ്പലുകളാണ്. തുടര്‍ന്ന്, കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് വീണ്ടും കൊച്ചിയിലെ ടെര്‍മിനല്‍ സഞ്ചാരികളാല്‍ സജീവമായത്. കഴിഞ്ഞവര്‍ഷം 36,400 ക്രൂസ് സഞ്ചാരികളെയാണ് കൊച്ചി വരവേറ്റത്.
കൊച്ചിക്ക് മാത്രമല്ല, സമീപ ജില്ലകള്‍ക്കും നേട്ടം
അന്താരാഷ്ട്ര ക്രൂസ് കപ്പലുകള്‍ സാധാരണയായി ദുബൈ, മുംബൈ, ഗോവ, കൊളംബോ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ പാതയിലാണ് സാധാരണയായി കൊച്ചിയെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നത്.
മുംബൈ
, ഗോവ, കൊച്ചി പാതയിലാണ് പ്രധാനമായും ആഭ്യന്തര കപ്പലുകളുടെ യാത്ര. ലക്ഷദ്വീപും ഈ പട്ടികയില്‍ ഉള്‍പ്പെടാറുണ്ട്.
കൊച്ചിയിലെത്തുന്ന ഓരോ കപ്പലിലും കുറഞ്ഞത് 1,500 സഞ്ചാരികളുണ്ടാകും. കുറഞ്ഞത് 500 ജീവനക്കാരും കാണും. ഇവരെല്ലാം മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, കുമ്പളങ്ങി, കൊച്ചി നഗരം തുടങ്ങിയവയ്ക്ക് പുറമേ ആലപ്പുഴ, കോട്ടയം ജില്ലയിലെ കുമരകം, ഇടുക്കിയിലെ തേക്കടി, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷമാണ് തിരികെ പോകുക പതിവ്.
ഇത് പ്രാദേശിക കച്ചവടക്കാര്‍, ടാക്‌സികള്‍ എന്നിവര്‍ക്കും വലിയ നേട്ടമാണ്. ഓരോ വിദേശ സഞ്ചാരിയും ശരാശരി 400-500 ഡോളര്‍ (35-40,000 രൂപ) ഷോപ്പിംഗിനായി ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഓരോ ക്രൂസ് കപ്പലും കൊച്ചിയിലെത്തുമ്പോള്‍ ഫീസിനത്തില്‍ കൊച്ചി തുറമുഖവും 10 ലക്ഷത്തോളം രൂപ നേടുന്നുണ്ട്.
ക്രൂസ് ടെര്‍മിനല്‍ പി.പി.പി മോഡലിലേക്ക്
സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷക സൗകര്യങ്ങള്‍ ലഭ്യമാക്കാനായി കൊച്ചി തുറമുഖത്തെ ക്രൂസ് ടെര്‍മിനല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് (പി.പി.പി) മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി തുറമുഖ അതോറിറ്റി.
നിലവില്‍ കൊച്ചി തുറമുഖത്തെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള അത്യാധുനിക ക്രൂസ് ടെര്‍മിനല്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് തുറമുഖ അതോറിറ്റിയാണ്. ലോകോത്തര സൗകര്യങ്ങളുള്ള പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, ഇമ്മിഗ്രേഷന്‍ കൗണ്ടറുകള്‍, കസ്റ്റംസ് കൗണ്ടറുകള്‍, സെക്യൂരിറ്റി കൗണ്ടറുകള്‍, വൈ-ഫൈ തുടങ്ങിയവ ടെര്‍മിനലിലുണ്ട്.
ഷോപ്പിംഗ് മാള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്റുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തി വിശാലമായ സൗകര്യങ്ങള്‍ ഉറപ്പാക്കാനായാണ് പി.പി.പി മോഡല്‍ പരിഗണിക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നേടുന്നവര്‍ക്ക് ടെര്‍മിനലിന്റെ പ്രവര്‍ത്തനച്ചുമതലയും ലഭിക്കും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it