Begin typing your search above and press return to search.
കൊച്ചി ഏഷ്യയുടെ കപ്പല്‍ അറ്റകുറ്റപ്പണി ഹബ്ബാകുമെന്ന് പ്രധാനമന്ത്രി; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളില്‍ മുന്നേറ്റം
കേരളത്തിന്റെയും ഇന്ത്യയുടെയും വികസനക്കുതിപ്പിന് പുത്തനുണര്‍വേകുന്ന മൂന്ന് വമ്പന്‍ പദ്ധതികള്‍ കൊച്ചിയില്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പദ്ധതികളായ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ISRF), പുതിയ ഡ്രൈ ഡോക്ക് (New Dry Dock), പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ ഒരുക്കിയ എല്‍.പി.ജി ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൊത്തം 4,000 കോടിയോളം രൂപ മതിക്കുന്ന പദ്ധതികളാണിവ.
പുതിയ പദ്ധതികള്‍ കേരളത്തിന്റെയും വികസനത്തില്‍ നാഴികക്കല്ലാകുമെന്നും കൊച്ചി ഏഷ്യയുടെ തന്നെ കപ്പല്‍ അറ്റകുറ്റപ്പണി ഹബ്ബായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയിലെ പുത്തന്‍ ഡ്രൈഡോക്ക്, ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റി, എല്‍.പി.ജി ടെര്‍മിനല്‍ എന്നിവ കേരളത്തിന് മാത്രമല്ല ദക്ഷിണേന്ത്യക്കാകെ വികസനക്കുതിപ്പാകും. മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ഡ് ഇന്‍ ഇന്ത്യ എന്നിവയ്ക്ക് വലിയ പിന്തുണയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നല്‍കുന്നത്. ആദ്യ തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഹരിതയാത്ര പ്രോത്സാഹിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ വെസ്സലുകള്‍, അയോധ്യ, വാരാണസി, മധുര, ഗുവഹാത്തി എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് വെസ്സലുകള്‍ എന്നിവ നിര്‍മ്മിച്ചത് കൊച്ചി കപ്പല്‍ശാലയിലാണെന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഷിപ്പിംഗ് മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടമാണ്. വന്‍തോതില്‍ നിക്ഷേപങ്ങളെത്തുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി 'വികസിത ഭാരത്' എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ കരുത്താകും.
എല്‍.പി.ജി ടെര്‍മിനല്‍ കേരളത്തിന് മാത്രമല്ല തമിഴ്‌നാടിന്റെ ഉള്‍പ്പെടെ എല്‍.പി.ജി ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നൊരു സൗഭാഗ്യ ദിനമാണെന്നും കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരമാണ് തനിക്ക് ലഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവവരും ചടങ്ങില്‍ സംബന്ധിച്ചു. ഗുരുവായൂരില്‍ ചലച്ചിത്രതാരവും ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്ര ദര്‍ശനത്തിനും ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഇന്നലെ അദ്ദേഹം എറണാകുളത്ത് റോഡ് ഷോയും നടത്തിയിരുന്നു.
ഡ്രൈഡോക്കും കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും
കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറില്‍ 970 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ISRF), തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക് എന്നിവയാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
ഐ.എസ്.ആര്‍.എഫില്‍ നേരിട്ടും പരോക്ഷമായും 5,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. മാത്രമല്ല ഇന്ത്യയിലെ നിരവധി കപ്പലുകള്‍ ഇപ്പോഴും അറ്റകുറ്റപ്പണിക്കായി ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവയെ ആശ്രയിക്കുന്നുണ്ട്. ഇതൊഴിവാക്കാനും കപ്പല്‍ അറ്റകുറ്റപ്പണിയുടെയും ആഗോള ഹബ്ബാകാനും മികവുറ്റ സൗകര്യങ്ങളുള്ള ഐ.എസ്.ആര്‍.എഫ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കരുത്തേകും.
തേവരയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനോട് ചേര്‍ന്ന് തന്നെ 15 ഏക്കറിലാണ് പുതിയ ഡ്രൈഡോക്ക് ഒരുക്കിയിട്ടുള്ളത്. ആയിരത്തോളം തൊഴിലവസരങ്ങള്‍ പദ്ധതിയില്‍ തുറക്കും. പുതിയ ഡ്രൈഡോക്കില്‍ വിമാനവാഹിനികള്‍, എല്‍.എന്‍.ജി കപ്പലുകള്‍ തുടങ്ങിയവ അടക്കം വമ്പന്‍ കപ്പലുകളുടെ നിര്‍മ്മാണം സാധ്യമാണ്.
പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനല്‍
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയിലിന്റെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 15,400 മെട്രിക് ടണ്‍ സ്റ്റോറേജ് ശേഷിയുള്ള ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ് 1,236 കോടി രൂപയാണ്.
കേരളത്തിലും തമിഴ്നാട്ടിലും പാചകവാതകം (LPG) സുലഭമാക്കാന്‍ ലക്ഷ്യമിടുന്നതാണ് എറണാകുളം പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനല്‍. പ്രതീക്ഷിച്ചതിലും അഞ്ചുവര്‍ഷത്തോളം വൈകിയാണ് പദ്ധതി സജ്ജമായത്. കേരളത്തിന്റെ മുഴുവന്‍ എല്‍.പി.ജി ആവശ്യവും നിറവേറ്റാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.
കപ്പലില്‍ ദ്രവരൂപത്തില്‍ എത്തിക്കുന്ന പാചകവാതകം സംഭരണികളില്‍ സൂക്ഷിച്ച് വാതകരൂപത്തിലാക്കിയശേഷം പൈപ്പ്ലൈന്‍ വഴി വിതരണം ചെയ്യുകയാണ് ലക്ഷ്യം. തമിഴ്നാട്ടിലെ സേലം വരെയാണ് പൈപ്പ്ലൈന്‍.
എറണാകുളം അമ്പലമുഗളിലെ ബി.പി.സി.എല്‍., ഐ.ഒ.സിയുടെ ഉദയംപേരൂര്‍, അമ്പലമുഗള്‍, പാലക്കാട്ടെ ബി.പി.സി.എല്‍ പ്ലാന്റുകളില്‍ പൈപ്പ്ലൈന്‍ വഴി എല്‍.പി.ജി എത്തിച്ചശേഷം സിലിണ്ടറില്‍ നിറച്ച് വിതരണം ചെയ്യും. ടാങ്കര്‍ ലോറികളില്‍ എല്‍.പി.ജി നീക്കംചെയ്യുന്നത് ഇതുവഴി വന്‍തോതില്‍ കുറയ്ക്കാനാകും. കേരള സര്‍ക്കാരിന് 300കോടിയോളം രൂപയാണ് പ്രതിവര്‍ഷ നികുതി വരുമാനമായി എല്‍.പി.ജി ടെര്‍മിനലില്‍ നിന്ന് ലഭിക്കുക. കൊച്ചി തുറമുഖത്തിന് വരുമാനമായി 50 കോടിയോളം രൂപയും ലഭിക്കും.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളില്‍ കുതിപ്പ്
പുത്തന്‍ പദ്ധതികളുടെ ഉദ്ഘാടന പശ്ചാത്തലത്തില്‍ വന്‍ മുന്നേറ്റത്തിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍. ഇന്നൊരുവേള 11 ശതമാനത്തിലേറെ കുതിച്ച് 888 രൂപവരെ എത്തിയ ഓഹരി, നിലവിലുള്ളത് 7.77 ശതമാനം നേട്ടത്തോടെ 853.40 രൂപയില്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണിമൂല്യം 22,450 കോടി രൂപയും കടന്നു.
നിലവില്‍ 22,000 കോടിയിലധികം രൂപയുടെ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശമുണ്ട്. ഇന്ത്യയുടെ രണ്ടാം തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണച്ചുമതലയും വൈകാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചേക്കും.
Next Story
Videos