കേരളത്തിന്റെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് ഫിക്കി-കെ.എസ്.ഐ.ഡി.സി സമ്മേളനം കൊച്ചിയില്‍

കേരളത്തിന്റെ സമഗ്ര വികസനവും വ്യാവസായിക വളര്‍ച്ചയും ലക്ഷ്യമിട്ട് കേരള വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെ.എസ്.ഐ.ഡി.സി) സഹകരിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം കൊച്ചിയില്‍ നടക്കും. നവംബര്‍ 9, 10 തീയതികളില്‍ ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് സമ്മേളനം.

9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം കമല്‍ഹാസന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, എം.പിമാരായ ഡോ. ശശി തരൂര്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
കേരളത്തിന്റെ വൈദഗ്ദ്ധ്യം വിളിച്ചോതും
കേരളത്തിന്റെ വികസന സാധ്യതകളും വൈദഗ്ദ്ധ്യവും ആഗോളതലത്തില്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ വിളിച്ചോതുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. നിലവില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ ടൂറിസം, ആരോഗ്യം, വ്യവസായം, ഐ.ടി., ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ പോരായ്മകള്‍ക്കുള്ള പരിഹാരങ്ങളും കണ്ടെത്തി വികസനം ത്വരിതപ്പെടുത്താനുള്ള നടപടികളുമുണ്ടാകും.
സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ഡിബേറ്റുകളും ചര്‍ച്ചകളുമാണ് ഇതിനായി നടക്കുകയെന്നും ആഗോള തലത്തിലെ പ്രമുഖ കമ്പനികളും സി.ഇ.ഒമാരും സംബന്ധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.എം.ഐ സഹദുള്ള പറഞ്ഞു.
ആരോഗ്യം, വെല്‍നെസ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, അടിസ്ഥാനസൗകര്യം, ഐ.ടി ആന്‍ഡ് ഐ.ടി.ഇ.എസ്., വിനോദം, വിദ്യാഭ്യാസം, കല, സ്റ്റാര്‍ട്ടപ്പ്, റീട്ടെയില്‍, ടൂറിസം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലൂന്നിയാകും സംവാദങ്ങള്‍. 75ലേറെ പ്രമുഖര്‍ സംവാദങ്ങളുടെ ഭാഗമാകും. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള അവസരമൊരുക്കി ബി2ബി സെഷനുകളുമുണ്ടാകും.
സമ്മേളനത്തിന്റെ ഒന്നാംദിനം വൈകിട്ട് ചലച്ചിത്ര താരവും നര്‍ത്തകിയുമായ ശോഭന, രണ്ടാംദിനം വൈകിട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി എന്നിവര്‍ നയിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
മെയ്ഡ് ഇന്‍ കേരള അവാര്‍ഡുകളും
കേരളത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി മെയ്ഡ് ഇന്‍ കേരള പുരസ്‌കാരങ്ങളും ഇക്കുറി സമ്മേളനത്തില്‍ വിതരണം ചെയ്യും. 27 മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. ഇതിനകം 100ലേറെ എന്‍ട്രികള്‍ ലഭിച്ചു.
Related Articles
Next Story
Videos
Share it