'ഭവന നിര്‍മാണ രംഗത്തേക്ക് ഇറങ്ങാന്‍ കാരണം ഇതാണ്'

തൊടുന്നതെന്തിലും വ്യത്യസ്തത കാത്തുവെയ്ക്കുന്ന സംരംഭകനും റോള്‍ മോഡലുമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നാല്‍പ്പത്തിനാല് വര്‍ഷങ്ങളായി തുടരുന്ന അദ്ദേഹത്തിന്റെ സംരംഭകയാത്ര, സംരംഭകത്വം ഉള്ളില്‍ പേറുന്ന ഓരോ മലയാളിയിലും നിറയ്ക്കുന്ന പ്രചോദനവും പ്രോത്സാഹനവും വിവരണാതീതവും. വീഗാലാന്‍ഡ് ഹോംസിലൂടെ ഭവന നിര്‍മാണ രംഗത്തേക്ക് കടന്നെത്തിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ആ രംഗത്തേക്ക് കടക്കാനിടയായ കാര്യങ്ങളും പുതിയ പ്രവണതകളും തുറന്നുപറയുന്നു

Q. കേരളത്തില്‍ തഴക്കവും പഴക്കവുമുള്ള ബില്‍ഡര്‍മാര്‍ ഏറെയുള്ളപ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് വീഗാലാന്‍ഡ് ഹോംസുമായി ആ രംഗത്തേക്ക് കൂടി ഇറങ്ങിയത്?
ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി ഗാര്‍ഡ്, വണ്ടര്‍ല എന്നിവയുടെ സജീവ റോളുകളില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞാന്‍ 'തൊഴില്‍രഹിതനായി.' ഞാന്‍ സിവില്‍ എഞ്ചിനീയറിംഗ് എന്നല്ല എഞ്ചിനീയറിംഗേ പഠിച്ചിട്ടില്ല. പക്ഷേ, വണ്ടര്‍ലയുടെ നിര്‍മാണം നടക്കുമ്പോള്‍ അതില്‍ പൂര്‍ണമായും ഞാന്‍ മുഴുകിയിരുന്നു. അങ്ങനെ കണ്‍സ്ട്രക്ഷന്‍ രംഗവുമായി കൂടുതല്‍ അടുത്തു. പുതിയ ഒരു മേഖലയിലേക്ക് കടക്കണമെന്ന ചിന്ത വന്നപ്പോള്‍ ഭവനനിര്‍മാണ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ ഒരു കാരണം അതാണ്.
ഭവനനിര്‍മാണ രംഗത്ത് വിശ്വാസ്യതയുടെ പ്രതീകമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബ്രാന്‍ഡുകള്‍ അന്നുമുണ്ട്. ഇന്നുമുണ്ട്. പക്ഷേ, ഒരു റെസ്പോണ്‍സിബ്ള്‍ ബില്‍ഡര്‍ എന്ന സ്പേസ് വീഗാലാന്‍ഡ് ഹോംസ് തുടങ്ങിയ കാലത്തുമുണ്ട്. അത് ഇനിയുമുണ്ടാകും. ആ സ്പേസിലേക്കാണ് വീഗാലാന്‍ഡ് ഹോംസ് കടന്നുവന്നത്.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയൊക്കെ (റെറ) വരും മുമ്പേ സുതാര്യതയോടെ, ഉത്തരവാദിത്ത ബോധത്തോടെ വീഗാലാന്‍ഡ് ഹോംസ് പ്രവര്‍ത്തനം തുടങ്ങിയതും അതുകൊണ്ടുതന്നെയാണ്. ഒരുപാട് ഭവന നിര്‍മാണ പദ്ധതികള്‍ വാരിവലിച്ച് ചെയ്യാതെ, വളരെ കുറച്ച്, കൃത്യനിഷ്ഠതയോടെ, വീട് വാങ്ങുന്നവര്‍ക്ക് സംതൃപ്തി പകരും വിധം നിര്‍മിച്ചുനല്‍കുക എന്നതാണ് ഞങ്ങളുടെ ശൈലി. ഈ കോവിഡ് കാലത്തും അതുകൊണ്ട് തന്നെ വീഗാലാന്‍ഡ് ഹോംസിന് തരക്കേടില്ലാതെ വില്‍പ്പന ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.

Q വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ രംഗത്തായാലും അമ്യൂസ്മെന്റ് പാര്‍ക്ക് രംഗത്തായാലും വ്യത്യസ്ത അവതരിപ്പിച്ച താങ്കള്‍ ഭവന നിര്‍മാണ മേഖലയില്‍ എന്ത് സവിശേഷത കൊണ്ടുവരാനാണ് ശ്രമിച്ചത്?
ഇത്രയും കാലത്തെ സംരംഭക ജീവിതത്തില്‍ ഞാന്‍ ഇതുവരെ നൂതനമായ ഒന്നും അവതരിപ്പിച്ചിട്ടില്ല. പേറ്റന്റൊക്കെ നമുക്ക് വിധിച്ചിട്ടുള്ള കാര്യങ്ങളേയല്ല. ആര്‍ക്കുവേണമെങ്കിലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ് ഞാനും ചെയ്തത്. വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ ആര്‍ക്കും നിര്‍മിക്കാം. അമ്യൂസ്മെന്റ് പാര്‍ക്കും ആര്‍ക്കും സ്ഥാപിക്കാം. വീടുകളും അപ്പാര്‍ട്ട്മെന്റുകളും ആര്‍ക്കും കെട്ടിയുണ്ടാക്കി വില്‍പ്പന നടത്താം. പക്ഷേ ഈ രംഗങ്ങളിലേക്ക് എല്ലാം കടന്നപ്പോഴും, ആ മേഖലയില്‍ നിലവിലുള്ള ഉല്‍പ്പന്നത്തിന്റെ അഥവാ സേവനത്തിന്റെ പ്രശ്നങ്ങളെന്താണ്? ഉപഭോക്താക്കള്‍ മുടക്കുന്ന പണത്തിന് തുല്യമായ മൂല്യം എങ്ങനെ കൊടുക്കാം? എന്നതൊക്കെയാണ് ഞാന്‍ ചിന്തിച്ചതും നടപ്പാക്കാന്‍ ശ്രമിച്ചതും. ഇപ്പോള്‍ വീട് നിര്‍മിക്കുമ്പോള്‍, നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ, സ്പേസിന്റെ ബുദ്ധിപൂര്‍വ്വമായ വിനിയോഗം, രൂപകല്‍പ്പന, പരിസ്ഥിതിയോട് ചേര്‍ന്നുള്ള നിര്‍മിതി, സമാധാനമായി ജീവിക്കാന്‍ പറ്റുന്ന അന്തരീക്ഷം എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വീട്, അതിന്റെ ഉടമസ്ഥന്റെ ആയുഷ്‌കാല സമ്പാദ്യമാണ്. വീട് നിര്‍മിച്ചു നല്‍കുമ്പോള്‍ അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തിയേ മതിയാകൂ. അതുമാത്രമാണ് ഞാന്‍ ചെയ്യുന്നതും.

Q. ഭവന നിര്‍മാണ മേഖലയില്‍ താങ്കള്‍ അനുഭവിച്ച വെല്ലുവിളികള്‍ എന്തൊക്കെയാണ്?
മത്സരം ഏറെയുള്ള രംഗമാണ്. ചെറുതും വലുതുമായ, വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഭവന നിര്‍മാതാക്കള്‍ ഇവിടെയുണ്ട്. മത്സരം വെല്ലുവിളിയാണെങ്കിലും വിപണി ഒരു വലിയ കടലാണ്. ഉപഭോക്താവിന്റെ പ്രതീക്ഷകള്‍ക്കപ്പുറം നമുക്ക് നല്‍കാന്‍ സാധിച്ചാല്‍ ഏത് കാലത്തും ഏത് വിപണിയിലും വില്‍പ്പന നേടാനാകും. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ട്, ഇളവുകളോ കിഴിവുകളോ വാങ്ങലുകാര്‍ക്ക് അധികമായി നല്‍കാന്‍ വീഗാലാന്‍ഡ് ഹോംസിന് സാധിക്കില്ല. ഗുണമേന്മയുള്ള ഏത് ഉല്‍പ്പന്നത്തിനും അതിന്റേതായ വില കാണും. വീട് വാങ്ങാന്‍ അന്വേഷിച്ച് നടക്കുന്നവരുടെ ആഗ്രഹമെന്തോ അത് സാധിച്ചുകൊടുക്കാന്‍ സാധിച്ചാല്‍ നമുക്ക് വേണ്ട വില്‍പ്പന ലഭിക്കുമെന്ന് തന്നെയാണ് ഞാന്‍ ഇവിടെയുള്ള ടീമിനോട് പറയുക.

Q. ഭവന നിര്‍മാണ രംഗത്ത് ഒരു പക്ഷേ ബില്‍ഡര്‍ കഠിനാധ്വാനം ചെയ്താല്‍ പോലും കൃത്യസമയത്ത് വീട് കൈമാറ്റം നടത്താന്‍ പറ്റണമെന്നില്ല. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ താങ്കള്‍ സ്വീകരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?
ഒരു ഭവന പദ്ധതി ഇത്ര നാള്‍ കൊണ്ട് തീര്‍ക്കണമെന്ന് ആരും നമ്മളോട് പറയുന്നില്ല. നമ്മളാണ് ഉപഭോക്താവിന് വാഗ്ദാനം കൊടുക്കുന്നത്. വീഗാലാന്‍ഡ് ഹോംസ്, ഭവന നിര്‍മാണത്തിനിടെ വരാനിടയുള്ള എല്ലാകാര്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് കൈമാറ്റതീയതി പറയുന്നത്. വാഗ്ദാനം ചെയ്താല്‍ അത് പാലിച്ചിരിക്കണം. എപ്പോഴും വാഗ്ദാനം ചെയ്ത സമയത്തിന് മുമ്പേ തന്നെയാണ് ഞങ്ങളുടെ നിര്‍മാണവും പുരോഗമിക്കുക. ഈ കോവിഡ് കാലത്തും അതിന് മാറ്റമില്ല. ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ യാഥാര്‍ത്ഥ്യബോധ്യമില്ലാതെ നിര്‍മാണ പൂര്‍ത്തീകരണ തീയതി പ്രഖ്യാപിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ തലപൊക്കുന്നത്. അത്തരം ഓഫറുകള്‍ വീഗാലാന്‍ഡ് ഹോംസ് നല്‍കാറില്ല.

Q.വീട് വാങ്ങാന്‍ ഇത് അനുകൂലസമയമാണോ?
എന്റെ അഭിപ്രായത്തില്‍, ഉത്തരം അതേ എന്നു തന്നെയാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി വീടുകളുടെ വില കൂടിയിട്ടില്ല. ഞങ്ങളടക്കം എല്ലാ ബില്‍ഡര്‍മാരും വളരെ നേര്‍ത്ത മാര്‍ജിനാണ് എടുക്കുന്നത്. വന്‍തോതില്‍ വില കൂട്ടി ഉല്‍പ്പന്നം വില്‍ക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഇപ്പോള്‍ വിപണിയിലുള്ള വിലക്കുറവ് ദീര്‍ഘകാലം അതുപോലെ തുടരാനിടയില്ല. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില കൂടി. നിര്‍മാണ ചെലവ് കൂടി. പെട്രോള്‍, ഡീസല്‍ വില കൂടുമ്പോള്‍ ചരക്ക് കൂലി മാത്രമല്ല കൂടുതന്നത്, പിവിസി പൈപ്പുകളുടെ നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളുടെ വരെ വില കൂടും. ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന എല്ലാ ഭവന പദ്ധതികളെയും ഈ വിലവര്‍ധന ബാധിക്കും. ഞങ്ങള്‍ തന്നെ വില പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യം വെച്ച് പത്തുശതമാനത്തോളം വില കൂട്ടേണ്ടി വരും. പക്ഷേ ഒറ്റയടിക്ക് വില കൂട്ടാനും സാധിക്കില്ല. അതുകൊണ്ട് ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കും. പക്ഷേ, നിര്‍മാണം പൂര്‍ത്തിയായവയുടെ വില കൂട്ടില്ല.
മാത്രമല്ല, ഭവന വായ്പ ഏറ്റവും ആകര്‍ഷകമായ പലിശ നിരക്കില്‍ ഇപ്പോള്‍ ലഭ്യമാണ്. രാജ്യത്തെ പലിശ നിരക്കിലും മാറ്റം വന്നേക്കാം. ഇപ്പോള്‍ അനുകൂലമായ ഘടകങ്ങള്‍ ഏറെ നാള്‍ അതുപോലെ നിലനില്‍ക്കാനിടയില്ല. അതുകൊണ്ട് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുന്നതാകും ഉചിതം.

Q. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരോട് താങ്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശമെന്താണ്?
റെറ വന്നതോടെ വാങ്ങലുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. റെറയെ ആദ്യഘട്ടത്തില്‍ തന്നെ ഞാന്‍ സ്വാഗതം ചെയ്തതും അതുകൊണ്ടാണ്. കുറച്ച് സങ്കീര്‍ണതയുണ്ടെങ്കിലും റെറ നല്ലതാണ്. വാങ്ങലുകാര്‍ക്ക് ഏറെ സഹായകരവുമാണ്.
എന്നിരുന്നാലും വീട് നോക്കുന്നവര്‍ ബില്‍ഡറുടെ വിശ്വാസ്യത തീര്‍ച്ചയായും പരിഗണിച്ചിരിക്കണം. വീടിന്റെ രൂപകല്‍പ്പന, നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളുടെ ഗുണമേന്മ തുടങ്ങിയവയെല്ലാം കൃത്യമായി നോക്കണം. ഇതൊക്കെ സ്വന്തമായി വിലയിരുത്താന്‍ പറ്റിയില്ലെങ്കില്‍, അതത് രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ വീട് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അത്തരം വിദ്ഗധരെ കൂടെക്കൂട്ടി സൈറ്റ് വിസിറ്റ് നടത്തുന്നവരുണ്ട്. അത് നല്ലകാര്യമാണ്.

Q. ഈ രംഗത്ത് പുതുതായുള്ള ബിസിനസ് അവസരങ്ങളെന്തൊക്കെയാണ്?
ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ, ബിസിനസ് അവസരം ഒരാള്‍ക്ക് ചൂണ്ടിക്കാട്ടി തരാന്‍ സാധിക്കില്ല. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം കഴിവും കഴിവുകേടുകളും കൃത്യമായി തിരിച്ചറിഞ്ഞ്, കടുത്ത പ്രതിസന്ധികള്‍ വരുമെന്ന് കണക്കാക്കി തന്നെ രംഗത്തിറങ്ങുക. നമുക്ക് ചുറ്റിലുമുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന ഒരു പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം നല്‍കാന്‍ സാധിക്കുന്നതാണ് ഏറ്റവും മികച്ച ബിസിനസ് ആശയം.
ഞാന്‍ സ്റ്റെബിലൈസര്‍ നിര്‍മാണം തുടങ്ങിയപ്പോള്‍ വിപണിയില്‍ വേറെ കമ്പനിയുടെ സ്റ്റെബിലൈസര്‍ ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് നല്‍കാന്‍ സാധിക്കാത്തത് ഞാന്‍ നല്‍കാന്‍ ശ്രമിച്ചു. അങ്ങനെയാണ് വി ഗാര്‍ഡ് പിറന്നതും വളര്‍ന്നതുമെല്ലാം. സംരംഭം സൃഷ്ടിക്കുക, വളര്‍ത്തുക എന്നത് സംരംഭകന്റെ അത്യാവശ്യം കൂടിയായിരിക്കണം.


Related Articles
Next Story
Videos
Share it