

ഇന്ത്യയിലെ സംരംഭകരില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ എഡല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ലിസ്റ്റില്‍ വി ഗാര്‍ഡ് ചെയര്‍മാന്‍ എമറിറ്റസ് കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയും ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസും 'ടോപ് 20' യിലെത്തി.
ഹെല്‍ത്ത് കെയര്‍ രംഗത്ത് 68 കോടിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ എംഎ യൂസഫലി ചെലവിട്ടത്. മുമ്പും അദ്ദേഹം ലിസ്റ്റില്‍ സ്ഥിര സാന്നിധ്യമായിരുന്നു. ആദ്യ പത്തില്‍ ഏഴാം സ്ഥാനമാണ് അദ്ദേഹം ഇത്തവണ സ്വന്തമാക്കിയത്.
എഡല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ടോപ് പേഴ്‌സണല്‍ ഫിലാന്ത്രോപിസ്റ്റ്‌സ് 2020 ലിസ്റ്റിലാണ് വ്യവസായ പ്രമുഖനും തികഞ്ഞ മനുഷ്യസ്‌നേഹിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 19-ാം സ്ഥാനത്തെത്തിയത്്. 12 കോടി രൂപയാണ് വി ഗാര്‍ഡിന്റെ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടായി 2020 വര്‍ഷത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെലവിട്ടത്. തൊട്ടരികില്‍ 20-ാം സ്ഥാനമാണ് ജോയ് ആലുക്കാസിന്റേത്. എട്ട് കോടി രൂപയാണ് വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ 'മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന'തിനായി അദ്ദേഹം ചെലവിട്ടത്.
ഹൂറൂണിന്റെ ഫിലാന്ത്രോപ്പി ലിസ്റ്റില്‍ ഈ മലയാളി സരംഭകര്‍ക്ക് തൊട്ടുമുന്നില്‍ 18-ാം സ്ഥാനത്താണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവികളായ സൈറസ് പൂനാവാലയും അദാര്‍ പൂനാവാലയും ഇടം പിടിച്ചിരിക്കുന്നത്.
ഇന്‍ഫോസിസിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ എസ് ഗോപാലകൃഷ്ണനാണ് എട്ടാം സ്ഥാനം കരസ്ഥമാക്കിയത്. 50 കോടിയാണ് അദ്ദേഹം ഇക്കഴിഞ്ഞ വര്‍ഷം ഹെല്‍ത്ത് കെയര്‍ രംഗത്ത് മുടക്കിയത്.
ഇന്‍ഫോസിസ് സ്ഥാപകനും മുന്‍ സിഇഓയുമായ എസ് ഡി ഷിബുലാല്‍ 32 കോടി ചെലവിട്ട് 12ാം സ്ഥാനത്തുണ്ട്. അദ്ദേഹവും ഹെല്‍ത്ത്‌കെയര്‍ രംഗത്താണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കായി ഈ തുക ചെലവിട്ടത്. മലയാളി വ്യവസായ പ്രമുഖരില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഷിബുലാലുമാണ് പുതുതായി ലിസ്റ്റില്‍ ഇടം നേടിയ വ്യക്തികള്‍.
7770 കോടി രൂപ നല്‍കി വിദ്യാഭ്യാസ രംഗത്തെ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ അസിംപ്രേംജി ഒന്നാമതെത്തിയ ലിസ്റ്റില്‍ 689 കോടി ചെലവിട്ട് ശിവ് നാടാര്‍ രണ്ടാമതെത്തി.
Read DhanamOnline in English
Subscribe to Dhanam Magazine