Begin typing your search above and press return to search.
കോഴിക്കോട് വിമാനത്താവളം 2025നകം സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രം
കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. സ്വകാര്യവത്കരണം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ദേശീയ ആസ്തി പണമാക്കല്‍ പദ്ധതിയുടെ (National Asset Monetisation Pipeline) ഭാഗമായി 2022-25നകം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ-ഓഹരി പങ്കാളിത്തത്തിലേക്ക് (പി.പി.പി/PPP) മാറ്റുമെന്ന് 2021 ഓഗസ്റ്റിലാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എ.എ.ഐ/AAI) തന്നെയായിരിക്കും.
കോഴിക്കോട് വിമാനത്താവളം പി.പി.പി രീതിയിലേക്ക് 2023ഓടെ മാറ്റി 560 കോടിയോളം രൂപ സമാഹരിക്കാനാണ് കേന്ദ്രം ആദ്യം ലക്ഷ്യമിട്ടിരുന്നത്. 2025ലാണ് നിലവില്‍ ഓഹരി വില്‍പന പ്രതീക്ഷിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളം ഇല്ല
എന്‍.എം.പിയുടെ ഭാഗമായി 25 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതില്‍ കേരളത്തില്‍ നിന്ന് കോഴിക്കോട് മാത്രമേയുള്ളൂ; കണ്ണൂര്‍ ഇല്ല.
അമൃത്സർ, കോയമ്പത്തൂര്‍, പട്ന, ഭുവനേശ്വര്‍, വാരാണസി, തിരുച്ചിറപ്പള്ളി, ഇന്ദോർ, റായ്പൂര്‍, നാഗ്പൂര്‍, മധുര, സൂറത്ത്, ജോധ്പൂര്‍, ചെന്നൈ, റാഞ്ചി, വിജയവാഡ, വഡോദര, ഭോപാല്‍, ഇംഫാല്‍, തിരുപ്പതി, ഹൂബ്ലി, അഗര്‍ത്തല, രാജമുന്ദ്രി, ഉദയ്പൂര്‍, ഡെറാഡൂണ്‍ എന്നിവയാണ് കോഴിക്കോടിന് പുറമേ പട്ടികയിലുള്ള മറ്റ് വിമാനത്താവളങ്ങള്‍.
കേരളത്തില്‍ ആകെ നാല് വിമാനത്താവളങ്ങളുള്ളതില്‍ കൊച്ചി വിമാനത്താവളം പി.പി.പി മോഡലില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലിന് (CIAL) കീഴിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കേന്ദ്രം അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ 39.23 ശതമാനം ഓഹരികള്‍ കേരള സര്‍ക്കാരിന്റെയും 25.44 ശതമാനം ഓഹരികള്‍ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമാണ്. ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശം 35.33 ശതമാനം ഓഹരികളുമുണ്ട്.
ലാഭത്തില്‍ മൂന്നാമത്
രാജ്യത്ത് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലെ വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ മൂന്നാംസ്ഥാനം കഴിഞ്ഞവര്‍ഷം കോഴിക്കോട് വിമാനത്താവളത്തിനായിരുന്നു. 95.38 കോടി രൂപയായിരുന്നു കോഴിക്കോടിന്റെ ലാഭം. 482.30 കോടി രൂപയുമായി കൊല്‍ക്കത്തയാണ് ഒന്നാമത്. 169.56 കോടി രൂപയുമായി ചെന്നൈ രണ്ടാമതും.
ആസ്തി സമാഹരണ യജ്ഞം
പ്രതിരോധം, ബാങ്കിംഗ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലൊഴികെ സ്വകാര്യവത്കരണം ലക്ഷ്യമിടുന്നതാണ് കേന്ദ്രം നടപ്പാക്കുന്ന ആസ്തി പണമാക്കല്‍ പദ്ധതി (NMP). റോഡ്, റെയില്‍വേ, ഊര്‍ജ വിതരണം, പെട്രോളിയം പൈപ്പ്‌ലൈന്‍, ടെലികോം, വ്യോമയാനം, തുറമുഖം, വെയര്‍ഹൗസുകള്‍ തുടങ്ങി 13 മേഖലകളിലൂന്നി മൊത്തം 6 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം.
റെയില്‍വേ സ്റ്റേഷനുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍, ദേശീയപാത അതോറിറ്റിയുടെ റോഡുകള്‍, ബി.എസ്.എന്‍.എല്‍ ടവറുകള്‍, വിമാനത്താവളങ്ങള്‍, എഫ്.സി.ഐ ഗോഡൗണുകള്‍ തുടങ്ങിയവയുടെ സ്വകാര്യവത്കരണം ഇതിലുണ്ടാകും.
Next Story
Videos