തിരുവനന്തപുരം കേന്ദ്രമായ ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് ക്രിസ് ഗോപാലകൃഷ്ണന്‍!

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപമിറക്കി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (Kris Gopalakrishanan). വിജ്ഞാന കേന്ദ്രീകൃതമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും പങ്കുവെക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും സഹായിക്കുന്ന ഇ-കണ്ടെന്റ് ഷെയറിംഗ് പ്ലാറ്റ്ഫോം റിസോഴ്സിയോ (Resorcio) യുടെ 8.19 ശതമാനം ഓഹരികളാണ്.

ബഹുഭാഷ കണ്ടന്റ് അഗ്രിഗ്രേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്സിയോയുടെ സഹസ്ഥാപകയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഗീതിക സുദീപ് കേരള ട്രാവല്‍സ് മേധാവി കെസി ചന്ദ്ര ഹാസന്റെ മകളാണ്. ക്രിസ് ഗോപാലകൃഷ്ണന്റെ കുടുംബ സംരംഭമായ പ്രതിതി ഇന്‍വെസ്റ്റ്മെന്റ്സിലൂടെയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
പേര് പോലെ തന്നെ വിവിധ വിഷയങ്ങളിലായി റിസോഴ്സിയോയിലെ ഉള്ളടക്കങ്ങള്‍ ലഭ്യമാണ്. വ്യത്യസ്ത ഭാഷകളില്‍ ഇവ ലഭ്യമാണെന്നതിനാല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് മാസത്തിനുള്ളില്‍ തന്നെ രണ്ട് ദശലക്ഷം യുണിക് വിസിറ്റേഴ്സിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേടാന്‍ റിസോഴ്സിയോയ്ക്ക് സാധിച്ചുകഴിഞ്ഞു.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഹൈബ്രിഡ് രീതി തുടരുമെന്നത് തീര്‍ച്ചയാണ്. ഈ ഒരു സാഹചര്യത്തിലാണ് റിസോഴ്സിയോയുടെ ബിസിനസ് മോഡല്‍ പ്രസക്തമാകുന്നത്. ഉള്ളടക്കം വാങ്ങാനും വില്‍ക്കാനും അന്വേഷിക്കാനുമുള്ള ഓണ്‍ലൈന്‍ വിപണിയാണ് റിസോഴ്സിയോ. നിലവില്‍ ഇംഗ്ലീഷ്, മലയാളം, തെലുഗു, തമിഴ്, കന്നഡ, സംസ്‌കൃതം, അറബിക് ഭാഷകളിലെ ഉള്ളടക്കങ്ങള്‍ നിലവില്‍ റിസോഴ്സിയോയില്‍ ലഭ്യമാണ്.
യൂസേഴ്‌സിന് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാം, ഇതില്‍ നിന്നും വരുമാനവുമുണ്ടാക്കാം. ഇതാണ് റിസോഴ്സിയോയെ വേറിട്ട് നിര്‍ത്തുന്നതെന്നും ഗീതിക പറഞ്ഞു. ബാംഗ്ലൂര്‍ കേന്ദ്രമാക്കിയ വിമന്‍ ഓണ്‍ട്രപ്രണേഴ്സ് ഫോറം പ്രസിദ്ധീകരിച്ച, കേരളത്തില്‍ നിന്നുള്ള ടോപ് കോര്‍പ്പറേറ്റ് വനിതാ നേതാക്കളുടെ പട്ടികയില്‍ അടുത്തിടെ ഗീതിക സുദീപ് ഇടം നേടിയിരുന്നു.
'ഗുണനിലവാരമുള്ള ഉള്ളടക്കത്തിന്റെ ആവശ്യകത ഏറി വരികയാണ്. വിപ്ലവാത്മകമായ രീതിയില്‍ ഈ രംഗത്തെ മാറ്റിമറിക്കുന്നതിന് സഹായിക്കുന്ന പ്രധാന ചുവടുവയ്പാണ് റിസോഴ്സിയോ. ഏത് മേഖലകളെ നോക്കിയാലും കണ്ടന്റ് മാര്‍ക്കറ്റ് പ്ലേസ് എന്ന ആശയം വലിയ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിജ്ഞാനകേന്ദ്രീകൃത സമൂഹത്തിനായുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സ്പേസായി റിസോഴ്സിയോ മാറിക്കഴിഞ്ഞു. കണ്ടന്റ് മാര്‍ക്കറ്റ് പ്ലേസിനെ ഉടച്ചുവാര്‍ക്കാനുള്ള ഒരു ശ്രമമാണ് ഈ സംരംഭം. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രഫഷണലുകള്‍ക്കുമായുള്ള ആഗോള പ്ലാറ്റ്ഫോമെന്ന നിലയിലായിരിക്കും റിസോഴ്സിയോയുടെ പ്രവര്‍ത്തനം,' ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it