Begin typing your search above and press return to search.
കേരളം പുറത്തുനിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങും; വേനല്‍ക്കാലത്ത് കറണ്ട് ബില്ല് പൊള്ളും!
വേനല്‍ക്കാലത്ത് സ്വാഭാവികമായുണ്ടാകാറുള്ള ഉയര്‍ന്ന ഉപഭോഗം കണക്കിലെടുത്ത്, പുറത്തുനിന്ന് കൂടിയനിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വേനല്‍ക്കാലത്ത് പൊതുവേ കുറവായിരിക്കും. ഇക്കുറി 1,200 മെഗാവാട്ടിന്റെ കുറവ് വേനലില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡാമുകളിലാകട്ടെ 67 ശതമാനത്തോളം വെള്ളമേയുള്ളൂ എന്നതും പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്.
അരുണാചലും അദാനിയും
അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് ഏപ്രില്‍ 15 വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനുവരി-മാര്‍ച്ച് കാലയളവിലേക്കായി 200 മെഗാവാട്ട്, ഏപ്രില്‍ ഒന്നുമുതല്‍ 15 വരെയുള്ള കാലയളവിലേക്കായി 150 മെഗാവാട്ട് എന്നിങ്ങനെയാണ് വാങ്ങുക. തിരികെ നല്‍കാമെന്ന വ്യവസ്ഥയിലാണിത്.
അദാനി എന്റര്‍പ്രൈസസ്, പി.ടി.സി ഇന്ത്യ, ടാറ്റ പവര്‍ എന്നിവയില്‍ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി കെ.എസ്.ഇ.ബി തേടിയിട്ടുണ്ട്. യൂണിറ്റിന് 8.69 രൂപ നിരക്കില്‍ ഏപ്രില്‍-മേയ് മാസങ്ങളിലേക്കായി 200 മെഗാവാട്ട് വാങ്ങാനാണ് നീക്കം.
വൈദ്യുതി ബില്‍ കത്തും!
കൂടിയ നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധിക സാമ്പത്തികഭാരം ഫലത്തില്‍ ഉപയോക്താവ് തന്നെ ചുമക്കേണ്ടി വരും. ഇതിനായി സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഉള്‍പ്പെടെ മൂലം ജീവിതച്ചെലവ് കുത്തനെ കൂടിയ ഉപയോക്താക്കള്‍ക്ക് ഇത് ഇരുട്ടടിയാകും.
Next Story
Videos