ഗ്രാഫീന്‍ വ്യവസായ മേഖലയ്ക്ക് വളര്‍ച്ചാസാധ്യതയേറേ, പുതിയ പാര്‍ക്ക് സ്ഥാപിക്കും: മന്ത്രി രാജീവ്

കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഗ്രാഫീന്‍ നിക്ഷേപക സംഗമം നടന്നു
ഗ്രാഫീന്‍ വ്യവസായ മേഖലയ്ക്ക് വളര്‍ച്ചാസാധ്യതയേറേ, പുതിയ പാര്‍ക്ക് സ്ഥാപിക്കും: മന്ത്രി രാജീവ്
Published on

സംസ്ഥാനത്ത് ഗ്രാഫീന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഗ്രാഫീന്‍ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പുതിയ വ്യവസായനയത്തില്‍ ഇത്തരം നൂതന സങ്കേതങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഗ്രാഫീന്‍ അടക്കമുള്ള നവസാങ്കേതിക സംവിധാനങ്ങളുടെ സമന്വയവും, ഏകോപനവും വ്യവസായ നയത്തിന്റെ മുന്‍ഗണനകളിലൊന്നാണ്.

ഗ്രാഫീന്‍ അധിഷ്ഠിതമായ വ്യവസായ പരിതസ്ഥിതി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഗ്രാഫീന്‍ നയത്തെപ്പറ്റിയും ഗ്രാഫീനുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെയും ഗവേഷണ-വികസന സ്ഥാപനങ്ങളുടെയും സാധ്യതകളെപ്പറ്റിയും വിശദീകരിക്കുന്നതിനാണ് കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് വ്യാവസായിക പങ്കാളിയായും സി-മെറ്റ്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി എന്നിവ നടപ്പാക്കല്‍ ഏജന്‍സികളുമായി കേരള സര്‍ക്കാരും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും (MeitY) സംയുക്തമായി നടപ്പാക്കുന്ന നൂതനപദ്ധതിയായ 'ഇന്ത്യ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ (IICG)' ഗ്രാഫീനിന്റെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള വിജ്ഞാന കേന്ദ്രമായിരിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് ആദ്യഗഡുവായി സംസ്ഥാന സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഉയര്‍ന്ന ടെന്‍സൈല്‍ ശക്തി, വൈദ്യുതചാലകത, സുതാര്യത, ഏറ്റവും കനം കുറഞ്ഞ ദ്വിമാന പദാര്‍ത്ഥം എന്നീ സവിശേഷതകളുള്ള, കാര്‍ബണിന്റെ മറ്റൊരു രൂപമായ ഗ്രാഫീന്‍ മൂല്യവത്തായതും ഉപയോഗപ്രദവുമായ ഒരു നാനോ പദാര്‍ഥമായി ലോകം അംഗീകരിച്ചുകഴിഞ്ഞു. ഗ്രാഫീന്റെ കണ്ടുപിടിത്തം വിവിധ ശാസ്ത്രശാഖകളില്‍പെട്ട ഹൈ-ഫ്രീക്വന്‍സി ഇലക്ട്രോണിക്‌സ്, ബയോ- കെമിക്കല്‍- മാഗ്‌നറ്റിക് സെന്‍സറുകള്‍, അള്‍ട്രാ-വൈഡ് ബാന്‍ഡ്വിഡ്ത്ത് ഫോട്ടോഡിറ്റക്ടറുകള്‍, ഊര്‍ജസംഭരണവും ഉല്‍പാദനവും തുടങ്ങിയ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കേരളത്തിന്റെ ഗ്രാഫീന്‍ നയത്തിന്റെ കരട്, നിര്‍ദ്ദേശങ്ങള്‍ക്കായി വിദഗ്ദ്ധപങ്കാളികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഗ്രാഫീന്റെ പ്രയോഗങ്ങള്‍, ഭാവി വിപണി സാധ്യതകള്‍, ആഗോളതലത്തില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങള്‍ എന്നിവ മനസ്സിലാക്കാനും ഗ്രാഫീന്‍ സാമഗ്രികള്‍ സ്വീകരിക്കുന്നതിലെ പ്രധാന വെല്ലുവിളികള്‍, മാനദണ്ഡങ്ങള്‍, നയ കേന്ദ്ര മേഖലകള്‍, ഗ്രാഫീന്‍ സ്വീകരിക്കുന്നതുമൂലമുള്ള തടസ്സങ്ങള്‍ എന്നിവയെക്കുറിച്ച് വിവിധ പങ്കാളികളില്‍ നിന്ന് അഭിപ്രായസ്വരൂപണത്തിനായാണ് സംഗമം സംഘടിപ്പിച്ചത്.

ഗ്രാഫീന്‍ മേഖലയിലെ സുപ്രധാന വികസന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്ന ചര്‍ച്ചകളാണ് മീറ്റില്‍ നടന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. കെ.എന്‍.മധുസൂദനന്‍, കെഎസ്‌ഐഡിസി എംഡി: എസ്. ഹരികിഷോര്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവര്‍ സംസാരിച്ചു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ഹരീഷ് ഭാസ്‌കരന്‍, മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. രാഹുല്‍ രവീന്ദ്രന്‍ നായര്‍, കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡില്‍ നിന്നുള്ള പി.എസ്. ജയന്‍, യുഎസ്എ ജനറല്‍ ഗ്രാഫീന്‍ ഗ്രെഗ് എറിക്‌സണ്‍, മാഞ്ചസ്റ്റര്‍ ഗ്രാഫീന്‍ എന്‍ജിനീയറിംഗ് ഇന്നൊവേഷന്‍ സെന്ററിലെ ജയിംസ് ബേക്കര്‍, ബാംഗ്ലൂര്‍ ലോഗ്9 മെറ്റീരിയല്‍സിലെ അന്‍ശുല്‍ ശര്‍മ, കേരള ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സിഐഐ കേരള ചെയര്‍മാന്‍ ജീമോന്‍ കോര, എഫ്‌ഐസിസിഐ കേരള ചെയര്‍മാന്‍ ദീപക് എല്‍. അശ്വിനി തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com