'നിക്ഷേപ സൗഹൃദ അന്തരീക്ഷം; വരാനിരിക്കുന്നതും വന്‍ ചുവടുവെപ്പുകള്‍'

'സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം വരിക. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. അതിന് വിഘാതമായി നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പൊളിച്ചെഴുതി, കാലോചിതമായ മാറ്റങ്ങളും സംവിധാനങ്ങളും കൊണ്ടുവന്ന് കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ നയം. വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ കേരളം അതിവേഗം മുന്നോട്ട് പോവുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ഈ ദിശയിലേക്ക് ഇനിയും വിപ്ലവകരമായ ചുവടുവെപ്പുകള്‍ പ്രതീക്ഷിക്കാം,'' കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്റ്റര്‍ എം ജി രാജമാണിക്യം ഐ എ എസ് വ്യക്തമാക്കുന്നു. സമീപകാലത്തായി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങളും ഇനി നടപ്പാക്കാന്‍ ആലോചിക്കുന്നവയും രാജമാണിക്യം വിശദീകരിക്കുന്നു. ഒപ്പം സംസ്ഥാനത്തെ സംരംഭക സമൂഹത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികളും വിശദീകരിക്കുന്നു.


? കഴിഞ്ഞ ജനുവരിയിലും ധനം താങ്കളുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഏതാണ്ട് ഒരു വര്‍ഷമാകുന്നു. ഇക്കാലത്തിനിടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച കാര്യങ്ങളും അതിലുണ്ടായ പുരോഗതിയും വിശദീകരിക്കാമോ?

കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഒട്ടനവധി കാര്യങ്ങളാണ് നടപ്പാക്കി വരുന്നത്. 2019 നേക്കാള്‍ ഒട്ടേറെ മാറ്റങ്ങള്‍ 2020ല്‍ വന്നിട്ടുണ്ട്. ഓണ്‍ലൈനായി 10-15 മിനിട്ടുകൊണ്ട് വ്യവസായം തുടങ്ങാന്‍ വേണ്ട ലൈസന്‍സ് എടുക്കാന്‍ പറ്റുന്ന വിധം കേരളം മാറിയിട്ടുണ്ട്. ദി കേരള മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസസ് ഫസിലിറ്റേഷന്‍ ആക്ട്, 2020 ലും പരിഷ്‌കരിച്ചു. നേരത്തെ 15 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഏകജാലക സംവിധാന പ്രകാരം അനുമതി ലഭിക്കുന്ന സാഹചര്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 50 കോടി വരെ നിക്ഷേപമുള്ള, മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍ പെടാത്ത പദ്ധതികള്‍ക്ക് കേരള ഇന്‍വെസ്റ്റ്്മെന്റ് ബ്യൂറോ വഴി ഒരാഴ്ചക്കുള്ളില്‍ അനുമതി ലഭിക്കും.
അതായത് നോണ്‍ റെഡ് കാറ്റഗറിയില്‍ പെടുന്ന 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക വെറും ഒരാഴ്ച കൊണ്ട് അനുമതി ലഭിക്കുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്.
മറ്റൊരു പ്രധാന മാറ്റം, കെ സ്വിഫ്റ്റ് വഴി, നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് അനുസരിച്ച്, 10-15 മിനിട്ടിനുള്ളില്‍ 10 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ കാലാവധിയുള്ള അനുമതി നേടിയെടുക്കാനാകും എന്നതാണ്. 10-12 ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ നോണ്‍ റെഡ് കാറ്റഗറിയിലുള്ള സംരംഭങ്ങള്‍ മൂന്നുവര്‍ഷം സാധുതയുള്ള അക്കനോളഡ്മെന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് പിന്നീട് ആറുമാസം കൂടി ഗ്രേസ് പീരീഡുണ്ട്.
കെ സ്വിഫ്റ്റ് വഴി പുതിയ സംരംഭങ്ങള്‍ക്കാണ് മുന്‍പ് അനുമതി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സംരംഭങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ ലൈസന്‍സ് പുതുക്കാം.
അതായത് 2019ല്‍ നിന്ന് കുറേയേറെ മാറ്റങ്ങള്‍ 2020 ല്‍ വന്നുകഴിഞ്ഞു. ഞാന്‍ കേരളത്തില്‍ എത്തിയത് 2008ലാണ്. അന്നത്തെ വ്യവസായ അന്തരീക്ഷമല്ല ഇന്ന് സംസ്ഥാനത്തുള്ളത്.
കേരളത്തില്‍ മെച്ചപ്പെട്ട വ്യവസായ സൗഹൃദ അന്തരീക്ഷം നിലവിലില്ല എന്ന് ഇപ്പോഴും പറയുന്നവരുണ്ട്. അത് കാലങ്ങളായി മനസ്സില്‍ ഉറച്ചുപോയ മൈന്‍ഡ് സെറ്റിന്റെ പുറത്തുള്ള വിശകലനമാണ്. നാം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നു. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വ്യവസായികളുടെയും നിക്ഷേപകരുടെയും അഭിപ്രായങ്ങളും വാക്കുകളും കേട്ട് വേണ്ട തിരുത്തല്‍ വരുത്തിയും ചട്ടങ്ങള്‍ പരിഷകരിച്ചുമാണ് നാം മുന്നോട്ടുപോകുന്നത്.

? നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മറ്റേതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പറ്റിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്ന ഭൂമിയുടെ ദൗര്‍ലഭ്യം വലിയൊരു പ്രശ്നമായിരുന്നു. അതിനുള്ള പരിഹാരമാണ് സംസ്ഥാനമെമ്പാടുമുള്ള വ്യവസായ പാര്‍ക്കുകള്‍. ഈ പാര്‍ക്കുകളില്‍ മുന്‍പ് സംരംഭകര്‍ക്ക് സ്ഥലം ലഭിക്കാന്‍ മുഴുവന്‍ തുകയും ആദ്യമേ തന്നെ നല്‍കണമായിരുന്നു. ഉദാഹരണത്തിന് ഒരേക്കര്‍ ഭൂമിക്ക് ഒന്ന് ഒന്നരക്കോടി രൂപയുണ്ടെങ്കില്‍, ആ വില സംരംഭകര്‍ ആദ്യമേ അടയ്ക്കണം. പക്ഷേ ഇപ്പോള്‍ നിശ്ചിത ശതമാനം തുക മാത്രമേ ആദ്യഘട്ടത്തില്‍ നല്‍കിയാല്‍ മതി. ബാക്കി തുക പലിശ രഹിതമായി അഞ്ച് വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. പിന്നെയും അതില്‍ പരിഷ്‌കാരം കൊണ്ടുവന്നിട്ടുണ്ട്. അഞ്ച് വര്‍ഷം കുറഞ്ഞ പലിശ നിരക്കില്‍, പത്തുവര്‍ഷത്തിനുള്ളില്‍ ഭൂമി വില അടച്ചുതീര്‍ത്താലും മതി. അതായത്, കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവര്‍ക്ക് ഭൂമി വില ആദ്യമേ നല്‍കാതെ, ആ തുക പ്രവര്‍ത്തന മൂലധനമായി വിനിയോഗിച്ച് വ്യവസായം തുടങ്ങാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.

? കോവിഡ് കാലത്ത് സംരംഭകര്‍ക്ക് വായ്പാ മോറട്ടോറിയം പോലുള്ള ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചിരുന്നല്ലോ? അതിന്റെ തുടര്‍ച്ചയായി മറ്റേതെങ്കിലും പദ്ധതികളുണ്ടോ?

കോവിഡ് കാലത്ത് അതിസമ്മര്‍ദ്ദത്തിലായ സംരംഭകരെ സഹായിക്കാന്‍ വ്യവസായ വകുപ്പ്, വ്യവസായ ഭദ്രത പാക്കേജ് പോലുള്ള പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. കെഎസ്ഐഡിസിയില്‍ നിന്ന് വായ്പ എടുത്ത ഏതാണ്ടെല്ലാ സംരംഭകരും വായ്പാ മോറട്ടോറിയം ഉപയോഗപ്പെടുത്തി. കോവിഡാനന്തരഘട്ടത്തിലും സംരംഭകര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ കെഎസ്ഐഡിസി അവതരിപ്പിച്ചിട്ടുണ്ട്. ചീഫ് മിനിസ്റ്റേഴ്സ് സ്പെഷല്‍ അസിസ്റ്റന്‍സ് ഫോര്‍ ടേം ലോണും ചീഫ് മിനിസ്റ്റേഴ്സ് സ്പെഷല്‍ അസിസ്റ്റന്‍സ് ഫോര്‍ വര്‍ക്കിംഗ് കാപ്പിറ്റലും ഇത്തരത്തിലുള്ള പദ്ധതികളാണ്. ടേം ലോണ്‍ അസിസ്റ്റന്‍സ് പദ്ധതി പ്രകാരം മൂന്നുശതമാനം പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാകും. ഫലത്തില്‍ ഏഴ് ശതമാനത്തിന് സംരംഭകര്‍ക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ലഭിക്കുക. വര്‍ക്കിംഗ് കാപ്പിറ്റല്‍ അസിസ്റ്റന്‍സ് പദ്ധതി പ്രകാരം, ബാങ്ക് എഫ്ഡി പോലും കൊളാറ്ററായി സ്വീകരിച്ച് വായ്പ നല്‍കാനാകും.

? ഒട്ടനവധി പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തി സംരംഭം തുടങ്ങാനുള്ള വഴികള്‍ നോക്കുന്നുണ്ടല്ലോ? അവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതികളുണ്ടോ?

ചീഫ് മിനിസ്റ്റേഴ്സ് സ്പെഷല്‍ അസിസ്റ്റന്‍സ് ഫോര്‍ ടേം ലോണ്‍ നോണ്‍ റെഡിസന്റ് കേരളൈറ്റ്സിനെ കൂടി മുന്നില്‍ കണ്ടുള്ള പദ്ധതിയാണ്. എന്നിരുന്നാലും മുഖ്യമന്ത്രി, പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അത്തരമൊരു പ്രത്യേക പാക്കേജിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. ജനുവരിയില്‍ അതിന് അന്തിമരൂപമാകും.

? സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി പുതിയ പദ്ധതികളെന്തെങ്കിലും കൊണ്ടുവരുന്നുണ്ട്?

നിലവില്‍ കെഎസ്ഐഡിസി 25 ലക്ഷം സീഡ് ഫണ്ടിംഗ് നല്‍കുന്നുണ്ട്. പക്ഷേ ഇത് കുറച്ച് സംരംഭകര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. അതിനുള്ള വിഹിതമാണ് നമുക്കുള്ളത്. മാത്രമല്ല, നോണ്‍ ഐറ്റി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയ്ക്ക് പുറമേ മറ്റനേകം സഹായങ്ങള്‍ ആവശ്യമാണ്. അതെല്ലാം മുന്നില്‍ കണ്ട് സമഗ്രമായ പദ്ധതികളാണ് ചര്‍ച്ചകളില്‍ ഉള്ളത്. ഇവ അന്തിമ രൂപത്തിലായിട്ടില്ല. വിപ്ലവകരമായ നിരവധി കാര്യങ്ങള്‍ വരാനിരിക്കുന്നുണ്ട്.
കേരളത്തില്‍ നിലവില്‍ പല ഏജന്‍സികളും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ഏകീകൃതവും പ്രൊഫഷണല്‍ രീതിയിലുമുള്ളതാക്കി അവതരിപ്പിക്കാന്‍ ആലോചന നടക്കുന്നുണ്ട്. സീഡ് ഫണ്ടിംഗ് ലഭിച്ച സംരംഭങ്ങള്‍ക്ക് സ്‌കെയ്ല്‍ അപ് ഫണ്ട് നേടിയെടുക്കാന്‍ സാഹചര്യം ഒരുക്കാനും അത്തരം സംരംഭങ്ങളില്‍ കെഎസ്ഐഡിസിയുടെ സീഡ് ഫണ്ട് ഇക്വിറ്റിയാക്കി മാറ്റാനുമൊക്കെയുള്ള കാര്യങ്ങള്‍ ആലോചനയിലുണ്ട്. ഇതിനും അന്തിമരൂപമായിട്ടില്ല.
മറ്റൊന്ന് കേരളത്തില്‍ ഐറ്റി അധിഷ്ഠിതമല്ലാത്ത കുറേയേറെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അതിന് തടസ്സമായി പല കാര്യങ്ങളുണ്ട്. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടാകില്ല പ്രശ്നം. അവയ്ക്ക് ടെസ്റ്റിംഗ് സൗകര്യങ്ങള്‍ വേണ്ടിവരും. ഇതിനായി അവര്‍ക്ക് വന്‍കിട മെഷിനറികളൊന്നും സ്ഥാപിക്കാന്‍ സാധിക്കില്ല. പക്ഷേ, കേരളത്തിലെ വന്‍കിട ഫാക്ടറികള്‍ സഹകരിച്ചാല്‍ അവയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നത്തെ കുറ്റമറ്റതാക്കി വിപണിയില്‍ അവതരിപ്പിക്കാന്‍ സാധിക്കും.
കേരളത്തില്‍ നോണ്‍ ഐറ്റി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പറ്റുന്ന നിരവധി മേഖലകള്‍ ഞങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്്. ഇലക്ട്രോണിക്സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകള്‍ അതില്‍ വരും. ഈ മേഖലകളിലെ കേരളത്തിലെ സമുന്നതരായ കമ്പനികള്‍, അവരുടെ മേഖലയിലെ രണ്ടോ മൂന്നോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ട് നല്‍കിയാല്‍ ഒട്ടേറെ വിജയകരമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടും. അതിനുള്ള കാര്യങ്ങളും ആലോചനയിലാണ്. വന്‍കിട കമ്പനികള്‍ക്ക് നൂതനമായ കാര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തുകയുമാകാം.
അതുപോലെ തന്നെ കേരളത്തില്‍ നൂറ് കണക്കിന് സ്റ്റാര്‍ട്ടപ്പുകളുണ്ട്. അവയുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ കേരളത്തില്‍ തന്നെയുള്ള മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടവയാകും. എന്നാല്‍ അത് തമ്മില്‍ തമ്മില്‍ അറിയാത്ത സാഹചര്യമുണ്ട്. ആ പ്രശ്നം പരിഹരിക്കാന്‍ കോമണ്‍ വെബ് ബേസ്ഡ് പ്ലാറ്റ്ഫോം കൊണ്ടുവരാനും ആലോചനയുണ്ട്. ഈ പ്ലാറ്റ്ഫോമില്‍ മെന്ററിംഗ് ഉള്‍പ്പടെയുള്ള മറ്റ് പിന്തുണകളും ഉള്‍ക്കൊള്ളിക്കും.

? ജനുവരിയില്‍ നടന്ന അസന്‍ഡ് 2020 ല്‍ അവതരിപ്പിച്ച പദ്ധതികളുടെ പുരോഗതി വിശദീകരിക്കാമോ?

അസന്‍ഡില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ മേല്‍നോട്ടത്തിന് വേണ്ടി മാത്രമായി കെഎസ്ഐഡിസിക്ക് അസന്‍ഡ് മോണിട്ടറിംഗ് ടീമുണ്ട്്. 148 ഓളം പദ്ധതികളാണ് അന്ന് വന്നത്. അതില്‍ 62 ഓളം പദ്ധതികള്‍ പുരോഗമിക്കുകയാണ്. കോവിഡും മറ്റ് പ്രശ്നങ്ങളും മൂലം ആറോളം പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. പലകാരണങ്ങള്‍ കൊണ്ട് 30 ഓളം പദ്ധതികള്‍ക്ക് അന്തിമ അനുമതിയായിട്ടില്ല. ഈ പ്ദ്ധതികളുടെയെല്ലാം പുരോഗതി കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.
അസന്‍ഡില്‍ അവതരിപ്പിക്കപ്പെട്ട മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി പദ്ധതികളുടെ സാക്ഷാത്കാരത്തിന്റെ കാര്യത്തിലും പുരോഗതിയുണ്ട്. തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള 2 -3 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരും. ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ പദ്ധതികളുണ്ട്. സംസ്ഥാനമെമ്പാടുമായി 5 - 6 മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികള്‍ പടുത്തുയര്‍ത്തപ്പെടും.

? നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കെഎസ്ഐഡിസിയുടെ പ്രകടനം എങ്ങനെയായിരിക്കും?

കോവിഡ് കാലമാണ്. സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അത് വലിയ വെല്ലുവിളിയുമാണ്. എന്നിരുന്നാലും എന്‍ പി എ പരിധിവിട്ട് ഉയരില്ലെന്നു തന്നെയാണ് വിശ്വാസം. കാരണം ഞങ്ങള്‍ വായ്പകള്‍ പുനഃക്രമീകരിച്ച് നല്‍കിയിട്ടുണ്ട്. സംരംഭകരെ പിഴിഞ്ഞ് കഷ്ടത്തിലാക്കാന്‍ സാധിക്കില്ല. വായ്പാ വിതരണവും നടക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന മൂന്ന് മാസങ്ങളില്‍ നിരവധി പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം.



Related Articles
Next Story
Videos
Share it