വ്യാജ സിം കാര്‍ഡുകള്‍ തുടച്ചുനീക്കാനുള്ള നീക്കവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്

വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി നോ യുവര്‍ കസ്റ്റമര്‍ (KYC) മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT).

ഇനി അഞ്ച് എണ്ണം

ഒരു തിരിച്ചറിയല്‍ രേഖയില്‍ നല്‍കുന്ന സിം കാര്‍ഡുകളുടെ എണ്ണം നിലവിലെ ഒമ്പതില്‍ നിന്ന് അഞ്ചായി കുറയ്ക്കുക, സിം കാര്‍ഡുകള്‍ നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താല്‍ പിഴയും തടവും വിധിക്കുക തുടങ്ങി നിരവധി പരിഷ്‌കരണങ്ങളാണ് വരാനിരിക്കുന്നത്.

കണക്ഷനുകളുടെ എണ്ണം പരിശോധിക്കും

രണ്ട് മാസത്തിനുള്ളില്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (TAF-COP) പോര്‍ട്ടല്‍ ഇന്ത്യയിലുടനീളം ടെലികോം അനലിറ്റിക്സ് ആരംഭിക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇത് വരിക്കാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സഹായിക്കും.

ആറ് മാസത്തിനകം

പുതിയ കെവൈസി മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് (AI & DIU) വിഭാഗം ആറ് മാസത്തിനകം അറിയിക്കും.

2021 സെപ്റ്റംബറിലെ ടെലികോം പരിഷ്‌കാരങ്ങളില്‍ സിം കാര്‍ഡ് നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പ്രക്രിയ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ 97 ശതമാനം സിം കാര്‍ഡുകളും നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായി ഇത് 100 ശതമാനാമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it