എല്‍&ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയിപ്പിക്കാന്‍ ഒരുങ്ങുന്നു

എല്‍&ടിക്ക് കീഴിലുള്ള ഐടി സേവന രംഗത്തെ പ്രമുഖ കമ്പനികളായ എല്‍ &ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും ലയിപ്പിച്ചേക്കും. ബ്ലൂംബെര്‍ഗ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇരു കമ്പനികളും ലയിപ്പിക്കുന്ന വിവരം അടുത്ത ആഴ്ച എല്‍&ടി പ്രഖ്യാപിക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ലയന വാര്‍ത്തകളോട് എല്‍&ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇരു കമ്പനികളും ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി കമ്പനിയായി എല്‍&ടി മാറും. ഏപ്രില്‍ 18ലെ കണക്ക് പ്രകാരം 1,68,131 കോടി രൂപയാണ് ഇരു കമ്പനികളുടെയും ഒരുമിച്ചുള്ള വിപണി മൂല്യം. 3.5 ബില്യണ്‍ യുഎസ് ഡോളറോളമാണ് ഇരു കമ്പനികളും ചേര്‍ന്ന് നേടുന്ന വരുമാനം.

മൈന്‍ഡ്ട്രീയില്‍ 61 ശതമാനവും എല്‍&ടി ഇന്‍ഫോടെക്കില്‍ 74 ശതമാനവും പങ്കാളിത്തമാണ് എല്‍&ടിയ്ക്ക് ഉള്ളത്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, മൈന്‍ഡ്ട്രീയുടെ ഏകീകൃത അറ്റാദായത്തില്‍ 8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 473 കോടി രൂപയാണ് കമ്പനിയുടെ ഏകീകൃത അറ്റാദായം. 2897.4 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം. എല്‍&ടി ഇന്‍ഫോടെക്കിന്റെ നാലാം പാദ ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Articles
Next Story
Videos
Share it