കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; നിയമവിരുദ്ധമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്

ഐടി മേഖലയിലുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ കൂട്ട പിരിച്ചുവിടലുകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ വ്യാവസായിക തര്‍ക്ക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് ഈ പിരിച്ചുവിടലുകള്‍ നടത്തുന്നതെങ്കില്‍ അവ നിയമവിരുദ്ധമായി കണക്കാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

ഐടി, സോഷ്യല്‍ മീഡിയ, എഡ്യു ടെക് സ്ഥാപനങ്ങള്‍, അനുബന്ധ മേഖലകളിലെ വിവിധ മള്‍ട്ടി-നാഷണല്‍, ഇന്ത്യന്‍ കമ്പനികളില്‍ നിന്നുമെല്ലാം അടുത്തിടെ കൂട്ട പിരിച്ചുവിടലാണ് ഉണ്ടായത്. ഇത്തരം കമ്പനികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരപരിധി അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി പറഞ്ഞു.

വ്യാവസായിക തര്‍ക്ക നിയമം, 1947 (Industrial Disputes Act) പ്രകാരമാണ് വ്യാവസായിക സ്ഥാപനങ്ങളിലെ പിരിച്ചുവിടല്‍ സംബന്ധിച്ച വ്യവസ്ഥകളും വിവിധ വശങ്ങളും നിയന്ത്രിക്കുന്നത്. ഈ നിയമം പ്രകാരം 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, പിരിച്ചുവിടല്‍ എന്നിവ നടപ്പിലാക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്.

തൊഴിലാളികളുടെ നഷ്ടപരിഹാരത്തിനും ഐഡി ആക്റ്റ് വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ പിരിച്ചുവിട്ട തൊഴിലാളികളെ വീണ്ടും നിയമിക്കുന്നതിനുള്ള വ്യവസ്ഥയും ഇതിലുണ്ടെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

Related Articles
Next Story
Videos
Share it