

ആഗോളതലത്തില്‍ ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവിടങ്ങളില്‍ പിരിച്ചുവിടലും ചെലവ് ചുരുക്കലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ വര്‍ഷത്തില്‍ വര്‍ധിച്ചു വരികയാണെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ മാത്രം 268 കമ്പനികളിലായി 84,400 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു.
ഫെബ്രുവരിയില്‍ 104 കമ്പനികളിലായി കുറഞ്ഞത് 22,800 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടു. 2023 ല്‍ ഇന്നുവരെ മൊത്തത്തില്‍ 1,08,454 ജീവനക്കാരെ ആഗോളതലത്തില്‍ ടെക് കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും നിന്നായി പിരിച്ചുവിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആഗോളതലത്തില്‍
ഈ വര്‍ഷം സൂം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ലിങ്ക്ഡ്ഇന്‍, എച്ച്പി, ടിക് ടോക്ക്, യാഹൂ, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള വലിയ ടെക് കമ്പനികള്‍ ആഗോളതലത്തിലും ഇന്ത്യയിലും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ഐടി മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടന്നത് 2022 നവംബറിലാണ്. അന്ന് ഇന്ത്യയിലും ആഗോളതലത്തിലും 2017 കമ്പനികളിലായി ഏകദേശം 51,800 ജീവനക്കാരെ ഇത് ബാധിച്ചു. 2020 സാമ്പത്തിക വര്‍ഷം രണ്ടാപാദത്തില്‍ 428 ടെക് കമ്പനികള്‍ കുറഞ്ഞത് 60,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും
ഗൂഗിള്‍, മെറ്റാ, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവരും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. 2023 ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഡണ്‍സോ, ഷെയര്‍ചാറ്റ്, ക്യാപ്റ്റന്‍ ഫ്രഷ്, ഭാരത അഗ്രി, ഒല, ബൈജൂസ്, ഡീഹാറ്റ്, കോയിന്‍ ഡിസിഎക്‌സ്, ബൗണ്‍സ്, കാഷ്ഫ്രീ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നൂറുകണക്കിന് ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. വര്‍ധിച്ചുവരുന്ന പിരിച്ചുവിടലുകളുടെ എണ്ണം 2023 മധ്യത്തോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine