

ഇന്ത്യയിലെ എഫ്.എം.സി.ജി മേഖലയില്‍ ഇത് നേതൃമാറ്റത്തിന്റെ കാലം. പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ യൂണീലിവര്‍ ലിമിറ്റഡ് (എച്ച്.യു.എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ജൂലൈ 31ന് സ്ഥാനമൊഴിയുന്ന നിലവിലെ സി.ഇ.ഒ രോഹിത് ജാവക്കിന് പകരമായാണ് പ്രിയ നായരെത്തുക. എച്ച്.യു.എല്ലിന്റെ 92 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ സി.ഇ.ഒ എന്ന നേട്ടം കൂടിയാണ് ഇതോടെ പ്രിയ നായര്‍ സ്വന്തമാക്കിയത്.
എച്ച്.യു.എല്ലിനു തൊട്ടു പിന്നാലെ കൊക്ക-കോളയുടെ ബോട്ട്‌ലിംഗ് കമ്പനിയായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ്, ബ്യൂട്ടി ബ്രാന്‍ഡായ ലോറിയല്‍ എന്നിവരും പുതിയ തലവന്മാരെ നിയമിച്ചു.
ഹേമന്ത് രൂപാണിയാണ് ഹിന്ദുസ്ഥാന്‍ കൊക്ക-കോള ബിവറേജസിന്റെ പുതിയ സി.ഇ.ഒ. മൊണ്ടെലസ് സൗത്ത് ഏഷ്യയുടെ മുന്‍ പ്രസിഡന്റായിരുന്ന ഹേമന്ത് രൂപാണി, കൊക്ക-കോളയുടെ ബോട്ടിലിംഗ് ബിസിനസിന്റെ തലവനായി തിരഞ്ഞെടുക്കപ്പെടുന്ന, പുറത്തുനിന്നുള്ള ആദ്യത്തെ വ്യക്തിയാണ്.
ജൂബിലന്റ് ഭാരതീയ ഗ്രൂപ്പ് 40 ശതമാനം ഓഹരികള്‍ 12,500 കോടി രൂപയ്ക്ക് വാങ്ങിയ ശേഷം എച്ച്.സി.സി.ബിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ലയിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നിയമനം.
ലോറിയല്‍ ഇന്ത്യയുടെ പുതിയ തലവനായി ഒക്ടോബര്‍ ഒന്ന് മുതല്‍ ജാക്വസ് ലെബലിനെ നിയമിച്ചു. അസീം കൗശിക് കമ്പനിയുടെ ചെയര്‍മാനാകും. 41 ബില്യണ്‍ യൂറോയിലധികം വരുന്ന ലോറിയലിന്റെ ആഗോള വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ കൂടുതല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ്.
നെസ്‌ലെ, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗ് എന്നിവയുടെ തലപ്പത്തും ഉടന്‍ തന്നെ പുതിയ നേതാക്കളെ കാണാന്‍ സാധ്യതയുണ്ട്. പല കമ്പനികളുടെയും നേതൃപദവിയില്‍ ദീര്‍ഘകാലമായി തുടരുന്നവര്‍ വരും മാസങ്ങളില്‍ വിരമിക്കുന്നതും പുതിയ ആളുകള്‍ കടന്നു വരാന്‍ അവസരമൊരുക്കും.
നെസ്‌ലെ ഇന്ത്യയുടെ എംഡി സുരേഷ് നാരായണന്‍ ജൂലൈ 31 നാണ് വിരമിക്കുക. ഡിജിറ്റല്‍ ബിസിനസില്‍ പരിചയസമ്പന്നനായ ആമസോണ്‍ ഇന്ത്യ മുന്‍ മേധാവി മനീഷ് തിവാരിയാകും അദ്ദേഹത്തിന് പകരക്കാരനായി എത്തുക.
വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗിന്റെ സി.ഇ.ഒയും എം.ഡിയുമായ വിനീത് അഗര്‍വാള്‍ 40 വര്‍ഷം നീണ്ട സേവനത്തിനു ശേഷം ജനുവരിയില്‍ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെയും യാര്‍ഡ്ലി ഇന്ത്യയുടെയും പ്രസിഡന്റായ കുമാര്‍ ചന്ദര്‍ ആകും ഫെബ്രുവരി ഒന്നു മുതല്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്റെ സി.ഇ.ഒ.
ഹാലിയോണ്‍ ജനറല്‍ മാനേജര്‍ നവനീത് സലൂജയയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ എന്നറിയപ്പെട്ടിരുന്ന കമ്പനിയാണ് ഹാലിയോണ്‍.
ബ്രിട്ടാനിയയുടെ സിഇഒ ആയിരുന്ന രജ്‌നീത് കോലി കഴിഞ്ഞ മാര്‍ച്ചില്‍ രാജിവച്ച് എച്ച്.യു.എല്ലിന്റെ ഭക്ഷ്യ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി ഒരാളെ അന്വേഷിക്കുകയാണ് ബ്രിട്ടാനിയ ഇപ്പോള്‍.
മിക്ക ഉപഭോക്തൃ കമ്പനികളും ഉന്നത പദവികളില്‍ വലിയ അഴിച്ചു പണികളാണ് നടത്തുന്നത്. എഫ്.എം.സി.ജി മേഖലയിലെ മന്ദഗതിയിലുള്ള വളര്‍ച്ച, വര്‍ധിച്ചുവരുന്ന മത്സരം, പ്രകടനം മെച്ചപ്പെടുത്താനുള്ള ആഗോള സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാണ് കമ്പനികളെ നേതൃ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യകള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള കമ്പനികളുടെ ശ്രമത്തിന്റെ ഭാഗമായും ഈ മാറ്റത്തെ നിരീക്ഷിക്കുന്നു.
ഏറെക്കാലമായി എഫ്.എം.സി.ജി മേഖല മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാഴ്ചവയ്ക്കുന്നത്. മാറുന്ന ഉപഭോക്തൃ ശീലങ്ങള്‍ക്കും സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ക്കലിനും അനുസൃതമായി ബിസിനസ് മോഡലുകള്‍ ക്രമീകരിക്കാന്‍ കമ്പനികള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
നഗരങ്ങളിലായിരുന്നു എഫ്.എം.സി.ജി കമ്പനികള്‍ക്ക് വലിയ വേരോട്ടമുണ്ടായിരുന്നത്. വില്‍പ്പനയുടെ മൂന്നില്‍ രണ്ടും നേടിയിരുന്ന നഗരമേഖലയില്‍ ഇപ്പോള്‍ ആവശ്യം കുറഞ്ഞു. മുന്‍കാലങ്ങളിലെ ഉയര്‍ന്ന വളര്‍ച്ച, മന്ദഗതിയിലുള്ള വേതന വര്‍ധന, വിലക്കയറ്റം കാരണം അവശ്യേതര വസ്തുക്കള്‍ക്കായുള്ള ചെലവഴിക്കല്‍ ആളുകള്‍ കുറച്ചത് എന്നിവയൊക്കെയാണ് ഇതിന് കാരണം.
വളര്‍ച്ച മന്ദഗതിയിലായതിനാല്‍ കമ്പനികള്‍ അവരുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനും ലാഭം വളര്‍ത്താനും സമ്മര്‍ദ്ദത്തിലാണ്. ഇതിന് പുതിയ നേതൃത്വത്തിന് കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് കമ്പനികളുടെ കണക്കു കൂട്ടല്‍.
Top FMCG companies like HUL, Coca-Cola, Nestlé witness major leadership changes amid slow growth and rising market pressures.
Read DhanamOnline in English
Subscribe to Dhanam Magazine