

ഒരു പ്രത്യേക മേഖലയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബിസിനസ് ഗ്രൂപ്പിനെ മറ്റനേകം രംഗങ്ങളിലേക്ക് അതേ കരുത്തോടെ വടവൃക്ഷമാക്കി വളര്‍ത്താന്‍ കെല്‍പ്പുള്ള സൂപ്പര്‍ സിഇഒമാര്‍ അപൂര്‍വമാണ്.
ആ ഗണത്തിലെ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു അടുത്തിടെ അന്തരിച്ച ഐടിസി ഗ്രൂപ്പ് സാരഥി യോഗേഷ് ചന്ദര്‍ ദേവേശ്വര്‍. നിര്‍മിത ബുദ്ധിയും റോബോട്ടിക്‌സും മെഷീന്‍ ലേണിംഗും മറ്റനേകം സാങ്കേതിക പദങ്ങളും ഉദയം കൊള്ളുംമുമ്പേ കാതങ്ങള്‍ക്കപ്പുറം കാണാനുള്ള കണ്ണുമായി ബിസിനസിനെ നയിച്ച ദേവേശ്വര്‍ ശേഷിപ്പിക്കുന്ന പാഠങ്ങള്‍ പലതാണ്, ബിസിനസ് രംഗത്തുള്ള ആര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളാകുന്ന ചിലത്:
ഏതാണ്ടെല്ലാ ബിസിനസ് ഗ്രൂപ്പുകളും സ്വയം ഭയപ്പെടുന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ വെയ്ക്കാറുണ്ട്. അങ്ങേയറ്റം പരിശ്രമിച്ചാല്‍ മാത്രം നേടാവുന്നവ. പരമ്പരാഗത രീതിയില്‍ സഞ്ചരിച്ചാല്‍ ഒരുപക്ഷേ ഒരുകാലത്തും നേടാന്‍ പറ്റാത്തവയുമാകും അവ. പുകയില ഉല്‍പ്പന്ന രംഗത്തെ മുടിചൂടാമന്നന്മാരായ ഐടിസിയ്ക്ക് മുന്നില്‍ ദേവേശ്വറും വെച്ചു അങ്ങനെയൊന്ന്; 2030ല്‍ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള എഫ്എംസിജി കമ്പനിയാകുക.
ഒരു സിഗററ്റ് കമ്പനിയെ സംബന്ധിച്ച് ഒട്ടും പരിചയമില്ലാത്ത ലക്ഷ്യം. ഐടിസിയുടെ സിഇഒ പദവിയിലിരുന്ന് ഇത്തരം ലക്ഷ്യങ്ങള്‍ എങ്ങനെ നേടാനാകുമെന്നാണ് അദ്ദേഹം പിന്നീട് തെളിയിച്ചത്. ക്ഷമാപൂര്‍വ്വമായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍.
സി ഇ ഒ കസേരയിലിരുന്ന 21 വര്‍ഷത്തിനുള്ളില്‍ ഐടിസിയുടെ വരുമാനം 5,200 കോടി രൂപയില്‍ നിന്ന് 50,000 കോടി രൂപയോളമാക്കി. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചു. ഭാവിയില്‍ അപ്രസക്തമാകുന്ന ബിസിനസുകളില്‍ നിന്ന് വളരെ നേരത്തെ തന്നെ മാറി നടന്നു. കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 60 ശതമാനവും നോണ്‍ - സിഗററ്റ് മേഖലയില്‍ നിന്നാക്കി മാറ്റി.
ശാഖോപശാഖകളായി പിരിഞ്ഞ് നില്‍ക്കുന്ന ഏതൊരു കമ്പനിയിലും വിവിധ മേഖലകളിലെ നേതൃനിരയിലുള്ളവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും അഹംബോധവുമൊക്കെ സാധാരണമാകാം. പക്ഷേ ഐടിസി ഗ്രൂപ്പില്‍ ദേവേശ്വര്‍ മുന്നില്‍ വെച്ചത് ഐടിസി എന്ന വികാരമാണ്.
ഐടിസി എന്ന വലിയ കുടുംബത്തെ തന്നെയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും സിഗററ്റ് എത്തിച്ച സുസജ്ജമായ വിപണന ശൃംഖലയെ ഗ്രൂപ്പിലെ ഇതര കമ്പനികളുടെ വിപണനത്തിനുള്ള മാര്‍ഗമാക്കിയ ദേവേശ്വര്‍ ഹോട്ടല്‍ മുതല്‍ അഗര്‍ബത്തി വരെയുള്ള എല്ലാത്തിനെയും ഒരേ ചരടില്‍ കോര്‍ത്തു.
ഉദാഹരണത്തിന് ഐടിസി ഹോട്ടലില്‍ വേണ്ട സാധനങ്ങളില്‍ എന്തിലെല്ലാം ഐടിസി ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങളുണ്ടോ അത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാക്കി. ഐടിസിയുടെ പൊട്ടറ്റോ ചിപ്‌സും കുക്കീസുമൊക്കെ മിനി ബാറില്‍ ഉപയോഗിക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമില്‍ ഐടിസിയുടെ സോപ്പും ഷാംപൂവുമൊക്കെയേ പാടുള്ളൂ. 'One ITC' ഇതായിരുന്നു ദേവേശ്വറിന്റെ മന്ത്രം.
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ പ്രകടനം താഴാതെ നോക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹത്തിന് മുന്നില്‍ രണ്ടു വഴികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ നിലവിലുള്ള സിഗരറ്റ് ബിസിനസില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക.
അല്ലെങ്കില്‍ വൈവിധ്യവല്‍കരണം നടത്തുക. ദേവേശ്വര്‍ തെരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. 1960കള്‍ മുതല്‍ തന്നെ വിവിധ ചെയര്‍മാ•ാരുടെ കീഴില്‍ കമ്പനി വൈവിധ്യവല്‍കരണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും പൂര്‍ണമായി വിജയിച്ചിരുന്നില്ല. പേപ്പര്‍ ബോര്‍ഡ് നിര്‍മാണവും ഹോട്ടലുകളുമാണ് അല്‍പ്പമെങ്കിലും വിജയിച്ചിരുന്നത്.
കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ പോലും പുകയില ഉല്‍പ്പന്നങ്ങളില്‍ തന്നെ ശ്രദ്ധിച്ചാല്‍ മതിയെന്ന് വാശി പിടിച്ചപ്പോഴും ദേവേശ്വര്‍ വൈവിധ്യവല്‍ക്കരണം എന്ന ആശയത്തില്‍ ഉറച്ചു നിന്നു. എഫ്എംസിജി, ഐ.റ്റി മേഖലകളിലേക്ക് തിരിയാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ഒരു നേതാവ് എന്ന നിലയിലും വ്യത്യസ്തനായിരുന്നു ദേവേശ്വര്‍. എല്ലാ തീരുമാനങ്ങളും സ്വയമെടുത്ത് കീഴുദ്യോഗസ്ഥരെ അടിച്ചേല്‍പ്പിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. മറിച്ച്, സഹപ്രവര്‍ത്തകരുടെ ആശയങ്ങളും വീക്ഷണങ്ങളും നല്ലപോലെ മനസിലാക്കി അതിനുശേഷം മാത്രം തീരുമാനമെടുത്തു. അദ്ദേഹം സഹപ്രവര്‍ത്തകരോടൊപ്പം സംസാരിച്ചിരിക്കുകയും അവരില്‍ ആവേശം സൃഷ്ടിക്കുകയും ചെയ്തു. അവരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് കണ്ടതോടെ താഴെക്കിടയിലുള്ള ജീവനക്കാര്‍ പോലും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഗ്രൂപ്പ് സാരഥിയെന്ന നിലയില്‍ എല്ലാ ഉത്തരവാദിത്തങ്ങളും തലയിലേറ്റി താന്‍ ഉണ്ടെങ്കിലേ എന്തും നടക്കൂ എന്നു നടിച്ച ലീഡറായിരുന്നില്ല അദ്ദേഹം. കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നതിലും ലാഭം വര്‍ധിപ്പിക്കുന്നതിലും എല്ലാ ജീവനക്കാര്‍ക്കും പങ്കു വഹിക്കാനുണ്ടെന്ന് വിശ്വസിച്ച അദ്ദേഹം ചുമതലകള്‍ പല മാനേജര്‍മാര്‍ക്കായി വീതിച്ചു നല്‍കി. അവര്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനും അത് പ്രാവര്‍ത്തികമാക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡുകള്‍ കൈവശമുള്ള കമ്പനികളിലൊന്നാണ് ഐടിസി. ദേവേശ്വര്‍ സാരഥ്യം വഹിച്ച അവസാനത്തെ 20 വര്‍ഷത്തിനിടെ 50 വന്‍ ബ്രാന്‍ഡുകളാണ് ഐറ്റിസി അവതരിപ്പിച്ചത്. ബ്രാന്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ കമ്പനിയുടെ മൂല്യം ഉയര്‍ത്താമെന്ന് അദ്ദേഹം വിശ്വസിച്ചു. മാത്രമല്ല ഇവയില്‍ പലതും ഇന്ത്യന്‍ കര്‍ഷകനെയും അവന്റെ ഉല്‍പ്പന്നങ്ങളെയും ആശ്രയിച്ചുള്ളതാണ്. തീരെ താഴെ തട്ടിലെ സാധാരണക്കാരന്റെ ഉല്‍പ്പന്നത്തെ മഹത്തായ കോര്‍പ്പറേറ്റ് സ്ട്രാറ്റജിയിലൂടെ മൂല്യവത്തായ ബ്രാന്‍ഡായി ഉയര്‍ത്തിയപ്പോള്‍ അതിന്റെ ഗുണഫലം എല്ലാവര്‍ക്കും വീതിക്കപ്പെട്ടു.
ഐടിസിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ തന്നെയാണ് 1991 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തില്‍ ദേവേശ്വര്‍ എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മേധാവിയായിരിക്കെ പൊതുമേഖലാ സ്ഥാപനത്തിന് നേതൃത്വം നല്‍കിയ ചുരുക്കം ചിലരേയുള്ളൂ. എയര്‍ ഇന്ത്യ ഇക്കാലയളവില്‍ മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ഒരു ലീഡര്‍ക്ക് ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാനാകണമെന്ന് പ്രവര്‍ത്തിച്ച് കാണിക്കുകയായിരുന്നു അദ്ദേഹം.
Read DhanamOnline in English
Subscribe to Dhanam Magazine