അദാനി പൊരുതുന്നു, ഗ്രൂപ്പ് ചെറുതാകുന്നു

ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനെതിരെ യു.എസ് ആക്റ്റിവിസ്റ്റ് നാഥാന്‍ ആന്‍ഡേഴ്‌സന്റെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പൊട്ടിച്ചത് ഓലപ്പടക്കമല്ല, ഉഗ്രന്‍ ബോംബാണ്. ആ ബോംബിന്റെ തുടര്‍സ്‌ഫോടനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വല്ലാതെ ഉലയ്ക്കുകയും ചെയ്തു.

ആരോപണങ്ങളൊക്കെ അദാനി ഗ്രൂപ്പ് നിഷേധിക്കുകയും നിയമ നടപടി സ്വീകരിക്കുമെന്നു പറയുകയും ചെയ്തെങ്കിലും മൂന്നാഴ്ചയ്ക്കു ശേഷവും നിയമ നടപടി തുടങ്ങിയിട്ടില്ല.

സോറോസും ഇറങ്ങി, വിഷയം മാറി

സംഭവങ്ങള്‍ കലുഷിതമായി നീങ്ങുന്നതിനിടെ വിഷയത്തിന് രാഷ്ട്രീയ മാനം വന്നു. ഹംഗറിയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറി അതിസമ്പന്നനായ യഹൂദ വംശജന്‍ ജോര്‍ജ് സോറോസ് അദാനിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായി വിശേഷിപ്പിച്ചു. അദാനി വിഷയം മോദി ഭരണത്തില്‍ നഷ്ടമായ ജനാധിപത്യ ചൈതന്യം വീണ്ടെടുക്കാന്‍ ഇന്ത്യക്ക് അവസരമാകുമെന്നും അഭിപ്രായപ്പെട്ടു.

സ്വാഭാവികമായും ബി.ജെ.പി നേതൃത്വം ഇതിനോട് രൂക്ഷമായി പ്രതികരിച്ചു. സോറോസ് രംഗത്തുവന്നതോടെ അദാനിക്കെതിരായ നീക്കം ഇന്ത്യയ്ക്കും മോദിക്കുമെതിരായ പാശ്ചാത്യ നീക്കങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ അവതരിപ്പിച്ച് വിഷയം മറ്റൊരു തലത്തിലാക്കാന്‍ കുറേയൊക്കെ കഴിഞ്ഞു. പക്ഷേ അദാനി വിഷയം അങ്ങനെ ഒതുങ്ങുന്ന ലക്ഷണമല്ല കാണുന്നത്.

കൃത്രിമങ്ങളുടെ കഥകള്‍

ഗ്രൂപ്പ് കടക്കെണിയിലാണെന്ന പഴയ ആരോപണമല്ല ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ കാതല്‍. ഗൗതം അദാനിയുടെ സഹോദരന്മാരായ വിനോദിനും രാജേഷിനും പിന്നെ സ്യാലന്‍ സമീര്‍ വോറയ്ക്കും നികുതിരഹിത രാജ്യങ്ങളിലുള്ള കടലാസു കമ്പനികള്‍ ഉപയോഗിച്ച് ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകളില്‍ കൃത്രിമം കാണിക്കുന്നതും കമ്പനികളുടെ കണക്കുകളില്‍ തിരിമറി നടത്തുന്നതും ഒക്കെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന വിഷയങ്ങളാണ്.

ഗ്രൂപ്പിന്റെ ഓഹരി വില 85 ശതമാനം ഇടിയേണ്ടതുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കമ്പനികളുടെ ഓഹരികള്‍ പണയംവെച്ചു നേടുന്ന തുക ഉപയോഗിച്ചു വേറെ കമ്പനികള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റേണ്‍ സ്‌കൂളില്‍ പ്രൊഫസറായ അശ്വഥ് ദാമോദരന്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി ഇനിയും 40 ശതമാനം ഇടിയേണ്ടതുണ്ടെന്നു വിലയിരുത്തിയത് ചെറുതല്ലാത്ത ആഘാതമായി.

ഓഹരി മൂല്യനിര്‍ണയത്തില്‍ അവസാന വാക്കായി കരുതപ്പെടുന്നയാളാണ് അശ്വഥ്. ഓഹരിയുടെ യഥാര്‍ത്ഥ മൂല്യം 945 രൂപയേ വരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അടിസ്ഥാന സൗകര്യവികസന മേഖലയിലുള്ള മറ്റു കമ്പനികളുടെ ലാഭവും ലാഭമാര്‍ജിനും ഒക്കെ താരതമ്യപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പഠനം. ഗ്രൂപ്പിലെ മറ്റു കമ്പനികളും ഇതേപോലെ അമിത വിലയിലാകാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഏതാനും മാസം മുമ്പ് 4000 രൂപയ്ക്കു മുകളിലായിരുന്ന അദാനി എന്റര്‍പ്രൈസസ് ഇപ്പോള്‍ 1400 രൂപയ്ക്കടുത്താണ്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ഗ്രൂപ്പിന്റെ വിപണിമൂല്യം ഇരട്ടിയിലേറെ ആയതാണ്. ഇന്ത്യന്‍ വിപണിയുടെ 2022ലെ മൂല്യവളര്‍ച്ച 16.38 ലക്ഷം കോടിയായിരുന്നു. അതില്‍ 7.35 ലക്ഷം കോടി രൂപ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് ഏഷ്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനിയെ പിന്തള്ളുകയും ലോകസമ്പന്നരില്‍ മൂന്നാമനാകുകയും ചെയ്ത ഗൗതം അദാനിക്ക് ഇനി തിരിച്ചുകയറാന്‍ കടമ്പകള്‍ പലതുണ്ട്.

അദാനി ചുരുങ്ങുന്നു

അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളും നിക്ഷേപങ്ങളും ഇതിനോടകം തന്നെ മരവിപ്പിച്ചു. നിലവിലുള്ള പദ്ധതികള്‍ തീര്‍ക്കുന്നതിനാണ് മുന്‍ഗണന. വായ്പ എടുക്കലും മൂലധന സമാഹരണവും പ്രയാസമായതാണ് കാരണം. ഇതിനിടെ ഛത്തീസ്ഗഡിലെ ഡി.ബി പവര്‍ 7012 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള അദാനി പവര്‍ കമ്പനിയുടെ നീക്കം പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 18ന് ഇതു സംബന്ധിച്ചു കരാര്‍ ഉണ്ടാക്കിയതാണ്. ഫെബ്രുവരി ആദ്യം ഇടപാട് തീര്‍ക്കേണ്ടിയിരുന്നു. അതു നടന്നില്ല.

അഞ്ച് സംസ്ഥാനങ്ങളിലായി 13.6 ജിഗാ വാട്ട് (ഒരു ജിഗാവാട്ട് ആയിരം മെഗാവാട്ട്) ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ അദാനി പവറിനുണ്ട്. സെപ്റ്റംബര്‍ 30ലെ നിലവച്ച് അദാനി പവറിന് 36,031 കോടി രൂപ കടമുണ്ട്. പുതിയ കടമെടുപ്പ് എളുപ്പമല്ല. അദാനി ഗ്രീന്‍ എനര്‍ജി കമ്പനി അടുത്ത ധനകാര്യ വര്‍ഷം 10,000 കോടിയുടെ മൂലധന നിക്ഷേപ പരിപാടി പുനരാലോചിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷനില്‍ ഓഹരി എടുക്കാനുള്ള നീക്കവും അദാനി ഉപേക്ഷിച്ചു.

ടോട്ടലിന്റെ പിന്മാറ്റം

ഫ്രാന്‍സിലെ ടോട്ടല്‍ ഗ്രൂപ്പ് അദാനി ഗ്രൂപ്പിലെ നിക്ഷേപ തീരുമാനം മരവിപ്പിച്ചത് പുതിയ ഊര്‍ജ സങ്കേതങ്ങളുടെ ബിസിനസിനു കനത്ത തിരിച്ചടിയായി. 400 കോടി ഡോളറിന്റെ നിക്ഷേപമാണ് മരവിപ്പിച്ചത്. ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് 5000 കോടി ഡോളറിന്റെ പദ്ധതിയില്‍ 25 ശതമാനം ഓഹരിയും വായ്പയില്‍ 50 ശതമാനത്തിനു ഗ്യാരന്റിയും അവര്‍ ഏറ്റിരുന്നു. ടോട്ടല്‍ പിന്മാറുന്നതോടെ പദ്ധതി തന്നെ അവതാളത്തിലാകും. അദാനി ഗ്രൂപ്പിന്റെ എ.സി.സി-അംബുജ ഏറ്റെടുക്കലിനു വായ്പ നല്‍കിയ ബാര്‍ക്ലേയ്‌സ് വായ്പ തിരിച്ചു പിടിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. 525 കോടി ഡോളര്‍ വായ്പയില്‍ 75 കോടി ബാര്‍ക്ലേയ്‌സിന്റേതാണ്.

എന്താണ് ഇതിന്റെ ഫലം?

വളരെ പെട്ടെന്ന് വളരെ വലുതായ അദാനി ഗ്രൂപ്പിനെ രക്ഷിക്കാന്‍ രാഷ്ടീയ സംവിധാനമുണ്ട്. പക്ഷേ ആഗോള മൂലധനം കളിക്കുന്ന വിപണിയില്‍ അതു ചെലവേറിയ കാര്യമാണ്. 1980കളിലെ അംബാനി-വാഡിയ (റിലയന്‍സ്-ബോംബെ ഡൈയിംഗ്) പോരുപോലെ ഒരു ആഭ്യന്തര കാര്യമല്ല ഇത്. രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയില്‍ പൊതുമുതല്‍ മുടക്കി ഉണ്ടാക്കിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ചുരുക്കം വര്‍ഷങ്ങള്‍ക്കകം സ്വന്തമാക്കിയ അദാനിക്ക് അതെല്ലാം നിലനിര്‍ത്താന്‍ പറ്റുമോ എന്നതു വലിയ ചോദ്യചിഹ്നം ഉയര്‍ന്നു കഴിഞ്ഞു.

വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും സ്വന്തമാക്കിയ അദാനി ഗ്രൂപ്പിനു പ്രതിസന്ധി മറികടക്കാന്‍ പലതും കൈവിട്ടേ മതിയാകൂ എന്ന നില വരാം. മുംബൈ വിമാനത്താവള വില്‍പ്പനയെപ്പറ്റി നേരത്തേ സംസാരം ഉണ്ടായിരുന്നു. രാഷ്ട്രീയമായ സ്വാധീനം ഉപയോഗിച്ചു പിടിച്ചുനില്‍ക്കാനും കയ്യില്‍ ഉള്ളതു പിടിച്ചുനിര്‍ത്താനും അദാനിക്കു കഴിഞ്ഞേക്കും. പക്ഷേ അതിനു പലരും നല്‍കേണ്ട വില വളരെ വലുതായിരിക്കും.

ചില്ലറക്കാരനല്ല ആന്‍ഡേഴ്സണ്‍

2020ല്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ നിക്കോളാ മോട്ടോഴ്‌സിലെ സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്ന് സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടനെ പുറത്താക്കിയത് ആന്‍ഡേഴ്‌സന്റെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആണ്. ചൈനാ മെറ്റല്‍, വിന്‍സ് ഫിന്‍ടെക്, ജീനിയസ് ബ്രാന്‍ഡ്‌സ് തുടങ്ങിയ കമ്പനികളും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഇരകളായിട്ടുണ്ട്. വിന്‍സിനെ നാസ്ഡാകിലെ ലിസ്റ്റിംഗില്‍ നിന്നു പിന്നീട് നീക്കംചെയ്തു.

2017 മുതല്‍ ഈ രംഗത്തുള്ള ആന്‍ഡേഴ്‌സണ്‍ 17 കമ്പനികളുടെ വിവരങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ 16ഉം ലക്ഷ്യംകണ്ടു. നിയമയുദ്ധത്തിന് അദാനി മുതിര്‍ന്നാല്‍ കമ്പനിയിലെ രേഖകള്‍ വിളിച്ചുവരുത്തി കള്ളത്തരം പൊളിക്കാന്‍ തനിക്ക് അവസരം കിട്ടുമെന്നാണ് ആന്‍ഡേഴ്‌സന്റെ നിലപാട്. ഒരു കാലത്ത് ഇസ്രായേലില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ പല കമ്പനി സാരഥികളെയും ആംബുലന്‍സിലാക്കുകയാണ്.

മേധാവികള്‍ കുഴപ്പക്കാരാണെന്നു കരുതുന്ന കമ്പനികളില്‍ ഓഹരി വാങ്ങുകയും ആ നിലവച്ച് കമ്പനി രേഖകള്‍ സമ്പാദിച്ച് കള്ളത്തരങ്ങള്‍ വെളിച്ചത്താക്കുകയും ചെയ്യുന്നയാളാണ് ആന്‍ഡേഴ്‌സണ്‍. അത് ചെയ്യുമ്പോള്‍ ഷോര്‍ട്ട് വ്യാപാരം (വില താഴുമെന്ന ധാരണയില്‍ ഓഹരികള്‍ വില്‍ക്കുന്നത്) നടത്തി ലാഭമെടുക്കുകയും ചെയ്യും.

തുടര്‍ ഓഹരി വില്‍പ്പന

20,000 കോടി രൂപ സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിയുടെ തുടര്‍വില്‍പ്പന (എഫ്.പി.ഒ) തുടങ്ങുന്ന അവസരത്തില്‍ ആരോപണം പുറത്തുവിട്ടത് മനഃപൂര്‍വമാണെന്നു വ്യക്തമാണ്. ഏതായാലും എഫ്.പി.ഒ വിജയിച്ചതായി പ്രഖ്യാപനം വന്നു. 24 മണിക്കൂറിനകം എഫ്.പി.ഒ കാന്‍സല്‍ ചെയ്തു. രണ്ടു ദിവസത്തിനകം അദാനി 110 കോടി ഡോളറിന്റെ ഒരു കടം കാലാവധിയാകും മുമ്പേ തിരിച്ചടയ്ക്കുന്നതായി പ്രഖ്യാപിച്ചു. ആ വായ്പയ്ക്ക് ഈടു വച്ചിരുന്ന കമ്പനി ഓഹരികള്‍ തിരിച്ചുവാങ്ങി. ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ കൂടുതല്‍ ഓഹരികള്‍ ഈടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചില ഹെഡ്ജ് ഫണ്ടുകളില്‍ നിന്നു പണമെടുത്ത് അദാനി കടം നേരത്തേ അടച്ചത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it