ഇ-മാലിന്യ സംസ്‌കരണ ഫീസ് കൂട്ടുന്നതില്‍ വിയോജിപ്പ്; എല്‍ജിയും സാംസംഗും കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയില്‍

വിദേശ കമ്പനികള്‍ കൂടി നിയമയുദ്ധം തുടങ്ങിയതോടെ സര്‍ക്കാര്‍ നയം ആഗോള ചര്‍ച്ചയാകുന്നു
e-waste
e-wasteImage Courtesy: Canva
Published on

ഇലക്ട്രോണിക് മാലിന്യ പുനരുപയോഗ കമ്പനികള്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനികളായ എല്‍ജിയും സാംസംഗും. സര്‍ക്കാരിന്റെ പുതിയ നയം സാമ്പത്തിക ബാധ്യത കൂട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

പുനരുപയോഗ നയത്തിനെതിരെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമെ വിദേശ കമ്പനികള്‍ കൂടി നിയമയുദ്ധം തുടങ്ങിയതോടെ സര്‍ക്കാര്‍ നയം ആഗോള ശ്രദ്ധയിലേക്ക് വരികയാണ്. ഇന്ത്യന്‍ കമ്പനികളായ ഹാവല്‍സ്, വോള്‍ട്ടാസ്, എയര്‍കണ്ടീഷന്‍ നിര്‍മാതാക്കളായ ബ്ലൂസ്റ്റാര്‍ എന്നിവര്‍ നേരത്തെ കോടതിയെ സമീപിച്ചിട്ടുണ്ട്.

നയം മാറ്റുന്നതില്‍ എതിര്‍പ്പ്

ഇലക്ട്രോണിക് മാലിന്യം വലിയ ഭീഷണിയായ ഇന്ത്യയില്‍ സംസ്‌കരണ-പുനരുപയോഗ മേഖലയില്‍ കൂടുതല്‍ കമ്പനികളെ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് കമ്പനികളില്‍ നിന്നുള്ള ഫീസ് വര്‍ധിപ്പിക്കുന്നത്. ഒരു കിലോ ഇ-മാലിന്യത്തിന് കമ്പനികള്‍ 22 രൂപ വീതം പുനരുപയോഗ കമ്പനികള്‍ക്ക് നല്‍കണമെന്നാണ് പുതിയ നയത്തിലുള്ളത്.

നിലവിലുള്ള ചെലവുകള്‍ മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകുമെന്നാണ് ഇലക്ട്രോണിക്‌സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ നിയശ്ചിച്ച നിരക്കുകള്‍ വളരെ കൂടുതലാണെന്നും ഇത് കുറക്കണമെന്നും എല്‍ജി ഇലക്ട്രോണിക്‌സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ നല്‍കുന്ന നിരക്കിനേക്കാള്‍ 15 മടങ്ങ് കൂടിയ നിരക്കാണിതെന്ന് സാംസംഗ് ഇലക്ട്രോണിക്‌സ്, പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

ഇ-മാലിന്യം കൂടുന്നു

ലോകത്ത് ഇ-മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയും അമേരിക്കയുമാണ് മുന്നിലുള്ളത്. ഇന്ത്യയില്‍ ഉണ്ടാകുന്ന ഇ-മാലിന്യത്തില്‍ 43 ശതമാനം മാത്രമാണ് പുനരുപയോഗ യോഗ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ വ്യവസായത്തില്‍ 80 ശതമാനവും നിയമപരിധിക്കുള്ളില്‍ വരാത്ത സ്‌ക്രാപ് ഡീലര്‍മാരാണ്.

അതേസമയം, മാലിന്യ പുനരുപയോഗ കമ്പനികള്‍ക്ക് ഇന്ത്യ നിശ്ചയിച്ച നിരക്ക് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണെന്ന് ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയില്‍ ഇന്ത്യന്‍ നിരക്കുകളേക്കാള്‍ അഞ്ചിരട്ടിയും ചൈനയില്‍ ഒന്നര ഇരട്ടിയും കൂടുതല്‍ ഈടാക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com