എയുഎം 50,000 കോടിയായി ഉയര്‍ത്തും; പുതിയ പദ്ധതികളുമായി എല്‍ഐസി മ്യൂച്വല്‍ഫണ്ട്

അതിവേഗം വളരുന്ന മ്യൂച്വല്‍ഫണ്ട് മേഖലയില്‍ മുന്നേറാന്‍ പുതിയ പദ്ധതികളുമായി എല്‍ഐസി മ്യൂച്വല്‍ഫണ്ട്. കൂടുതല്‍ ഫണ്ടുകള്‍ അവതരിപ്പിച്ച് എല്‍ഐസി മ്യൂച്വല്‍ ഫണ്ടുകളെ ജനപ്രിയമാക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ മ്യൂച്വല്‍ഫണ്ട് വിഭാഗം ലക്ഷ്യമിടുന്നത്. മലയാളിയും പാലക്കാട് സ്വദേശിയുമായ ടിഎസ് രാമകൃഷ്ണനാണ് എല്‍ഐസി മ്യൂച്വല്‍ഫണ്ടിന്റെ സിഇഒ. മാര്‍ച്ച് മാസത്തില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ എയുഎം 50,000 കോടി രൂപയാക്കി ഉയര്‍ത്താനുള്ള ലക്ഷ്യവുമായാണ് മുന്നോട്ടുപോകുന്നത്.

''എല്‍ഐസിയുടെ എയുഎം 18,000 കോടി രൂപയാണ്. ഒരുവര്‍ഷം മുമ്പ് 16,500 കോടി രൂപയായിരുന്നു. ഇത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി ആവശ്യാനുസരണം പുതിയ ഫണ്ടുകളും എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അവതരിപ്പിക്കും. നിലവില്‍ 27 വിവിധ തരം ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ഫണ്ടിന് കീഴിലുള്ളത്. ഇവയിലായി ആറ് ലക്ഷം ഉപഭോക്താക്കളുമുണ്ട്'' ടിഎസ് രാമകൃഷ്ണന്‍ ധനത്തോട് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഒരുവര്‍ഷത്തിനിടെ 1200 കോടി രൂപ ഈ ഫണ്ടില്‍ നിക്ഷേപമായി ലഭിച്ചിട്ടുണ്ട്. ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടില്‍ 1800 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മ്യൂച്വല്‍ഫണ്ട് പോലുള്ള നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ട്. കേരളത്തിലുള്ളവര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും ബോധവാന്മാരാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെ ഗ്രാമ-നഗര വ്യത്യാസം ഇവിടെയില്ല. നിലവിലെ എയുഎമ്മായ 18,000 കോടിയില്‍ 400 കോടിയാണ് കേരളത്തില്‍നിന്നുള്ള പങ്കാളിത്തം. ഇത് 5000 കോടിയാക്കി ഉയര്‍ത്തുമെന്നും ടിഎസ് രാമകൃഷ്ണന്‍ പറഞ്ഞു.

കോവിഡിന് ശേഷം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വന്‍കുതിപ്പുണ്ടായിട്ടുണ്ട്. ഇതിന്റെ ആനുപാതികമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം വര്‍ധിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ശരാശരി 12 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്ക് ഡിപ്പോസിറ്റുകളേക്കാള്‍ മികച്ച റിട്ടേണാണിത്. കൂടാതെ, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ശക്തമായാണ് മുന്നോട്ടുപോകുന്നത്. ഓഹരി വിപണിയും നല്ല നിലയിലാണ് അതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രംഗത്തേക്ക് കൂടുതലാളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം അവതരിപ്പിച്ച മണിമാര്‍ക്കറ്റ് ഫണ്ടാണ് എല്‍ഐസി മ്യൂച്വല്‍ഫണ്ട് അവസാനമായി അവതരിപ്പിച്ചത്.

Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it