

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയെ ഇനി ആര്‍. ദൊരൈസ്വാമി നയിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ അടയാളപ്പെടുത്തല്‍ കൂടിയാകും ദൊരൈസ്വാമിയുടെ നിയമനം. ജൂണ്‍ 11നാണ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോ (FSIB) ദൊരൈസ്വാമിയുടെ പേര് ഈ സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത്.
ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ പദവികള്‍ ലയിപ്പിച്ചു കൊണ്ടുള്ള എല്‍.ഐ.സി ആക്ട് ഭേദഗതിക്ക് ശേഷമുള്ള ആദ്യ പൂര്‍ണ നിയമനമാണിത്. 2021ലാണ് എല്‍.ഐ.സി ആക്ടില്‍ മാറ്റം വരുത്തിയത്. 2022ല്‍ ലിസ്റ്റിംഗ് നടത്താനായതും ഇതിനു ശേഷമാണ്. നിയമ ഭേഗതിക്ക് മുന്‍പ് ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ പദവികള്‍ അലങ്കരിച്ചിരുന്നത് രണ്ട് വ്യക്തികളായിരുന്നു. ചെയര്‍മാനായിരുന്നു പരമാധികാരി. സെബി നിഷ്‌കര്‍ഷിക്കുന്ന ലിസ്റ്റഡ് കമ്പനികളുടെ നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ പൊതുമേഖല കമ്പനികളുടേതു പോലെ സി.ഇ.ഒ, എം.ഡി പദവികള്‍ ഒരാളിലേക്ക് മാറ്റിയത്.
സിദ്ധാര്‍ത്ഥ മൊഹന്തിയായിരുന്നു നിയമ മാറ്റത്തിനു ശേഷം ആദ്യം നിയമിതനായത്. 2024 ജൂണ്‍ 30 മുതലാണ് ഇരു പദവികളും ഒരുമിച്ച് അദ്ദേഹം വഹിച്ചു തുടങ്ങിയത്. 2023 ഏപ്രില്‍ മുതല്‍ ചെയര്‍മാന്‍ പദവിയില്‍ മാത്രമായിരുന്നു. വെറും 11 മാസമാണ് സംയുക്ത പദവി വഹിച്ചത്. അതിനാല്‍ സംയുക്ത പദവിയില്‍ പൂര്‍ണ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ വ്യക്തിയാകും ദൊരൈസ്വാമി. 2028ഓഗസ്റ്റ് 28ന് 62 വയസ് തികയുന്നതോടെയാകും നേതൃപദവിയില്‍ നിന്ന് അദ്ദേഹം വിരമിക്കുകയെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ജൂണ്‍ ഏഴിന് സിദ്ധാര്‍ഥ മൊഹന്തിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇടക്കാല എം.ഡിയും സി.ഇ.ഒയുമായി സത്പാല്‍ ഭാനുവിനെ സര്‍ക്കാര്‍ നേരത്തെ നിയമച്ചിരുന്നു.
നിലവില്‍ എല്‍.ഐ.സിയുടെ സതേണ്‍ സോണ്‍ മാനേജിംഗ് ഡയക്ടര്‍ ആയി സേവനമനുഷിഠിക്കുകയായിരുന്നു ദൊരൈസ്വാമി. എല്‍.ഐ.സിയില്‍ നീണ്ട 38 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് ദൊരൈസ്വാമിയ്ക്ക്. 1986ല്‍ എല്‍.ഐ.സിയില്‍ കരിയര്‍ തുടങ്ങിയ ദൊരൈസ്വാമി ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിംഗ്, പെന്‍ഷന്‍സ്, ഗ്രൂപ്പ് സ്‌കീമുകള്‍, ഐ.ടി, ട്രെയിനിംഗ് തുടങ്ങി വിവിധ വകുപ്പുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എല്‍.ഐ.സി കോട്ടയം ഡിവിഷന്റെ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആയിരുന്നു.
മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ദൊരൈസ്വാമി പൂനൈയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമിയില്‍ റിസര്‍ച്ച് അസോസിയേറ്റായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine