എല്‍.ഐ.സി ആരോഗ്യ ഇന്‍ഷുറന്‍സിലേക്ക്‌; ഏറ്റെടുക്കലുകളും പരിഗണനയില്‍

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി (LIC) ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കും കടക്കൊനൊരുങ്ങുന്നു. ഇൻഷുറൻസ് കമ്പനികളെ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്കും കടക്കാന്‍ അനുവദിക്കുന്ന കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണിത്.

ഇതിനായി എല്‍.ഐ.സി ആഭ്യന്തര തലത്തിൽ നീക്കങ്ങള്‍ നടത്തി വരുന്നതായി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ എല്‍.ഐ.സിക്ക് പ്രാഗത്ഭ്യമില്ലെങ്കിലും മറ്റ് കമ്പനികളെ ഏറ്റെടുത്തുകൊണ്ട് ഈ മേഖലയിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മൊഹന്തി പറഞ്ഞു.

കോംപോസിറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സ്

കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്ററി കമ്മറ്റിയാണ് ഇന്‍ഷുറന്‍സ് കമ്പനികൾക്കായി കോംപോസിറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സ് നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്തത്. നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണമുണ്ട്. കോംപോസിറ്റ് ലൈസന്‍സ് വഴി കമ്പനികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും അനുവദിക്കാനാകും.

അടുത്ത സർക്കാർ ചുമതലയേറ്റത്തിന് ശേഷം കോംപോസിറ്റ് ലൈസന്‍സ് ലഭ്യമാക്കിയേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചില അടിസ്ഥാന ജോലികൾ എൽ.ഐ.സി ഇതിനകം തന്നെ നടത്തിയതായും മൊഹന്തി പറഞ്ഞു.

നിലവില്‍ ദീര്‍ഘകാല നേട്ടം നല്‍കുന്ന പോളിസികള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് അനുവദിക്കാൻ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐ.ആര്‍.ഡി.എ.ഐ അനുമതി നൽകിയിട്ടുള്ളത്. ചികിത്സാ ചെലവുകളും ആശുപത്രി ബില്ലുകളും മറ്റും നൽകുന്ന പോളിസികൾ നൽകണമെങ്കിൽ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

കൂടുതൽ പേരിലേക്കെത്താൻ

എല്‍.ഐ.സി ഈ രംഗത്തേക്ക് കടന്നു വരുന്നത് കൂടുതല്‍ പേര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കിയിട്ടുള്ളവരുടെ എണ്ണം തീരെ കുറവാണ്. 2022-23ലെ കണക്കനുസരിച്ച് 2.3 കോടി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി 55 കോടി പേരാണ് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരുന്നത്. സര്‍ക്കാരിന്റെ പദ്ധതികള്‍ വഴി 30 കോടിയോളം പേര്‍ക്ക് പരിരക്ഷ നൽകിയിട്ടുണ്ട്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വഴി 20 കോടിയോളം പേര്‍ക്കും സംരക്ഷണം ലഭിക്കുന്നു. എല്‍.ഐ.സി കൂടി രംഗത്ത് വരുന്നതോടെ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണം വര്‍ധിപ്പിക്കാനായേക്കുമെന്നാണ് കരുതുന്നത്.
Related Articles
Next Story
Videos
Share it