
മുകേഷ് അംബാനിയുടെ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിനു കീഴിലുള്ള എന്‍.ബി.എഫ്.സിയായ (non-banking financial company /NBFC) ജിയോ ഫിനാന്‍സ് (Jio Finance) പുതിയ ഡിജിറ്റല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചു. വെറും 10 മിനിറ്റിനുള്ളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പൂര്‍ണമായും ഡിജിറ്റലായി അവതരിപ്പിക്കുന്ന പദ്ധതിയില്‍ 9.99 ശതമാനമാണ് പലിശ.
ഒ.ടി.പി വെരിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ പദ്ധതിയായതിനാല്‍ സുരക്ഷിതമാണെന്ന് ജിയോ ഫിനാന്‍സ് അവകാശപ്പെടുന്നു. കാലാവധിക്കു മുമ്പേ വായ്പ മുഴുവന്‍ തിരിച്ചടച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജുകളൊന്നുമില്ലെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എല്ലാവര്‍ക്കും ഒരേപോലെ ലഭിക്കുന്നതല്ല ഈ വായ്പ. ലോണ്‍ എഗെയ്ന്‍സ്റ്റ് സെക്യൂരിറ്റീസ് (loan against securities /LAS)എന്ന വിഭാഗത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവ ഈടായി നല്‍കി മാത്രമാണ് ഈ പദ്ധതിയില്‍ വായ്പ ലഭ്യമാക്കാനാകുക. ജിയോഫിനാന്‍സ് ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം. ഉപഭോക്താവിന്റെ വ്യക്തിഗത റിസ്‌ക് പ്രൊഫൈലിനെ ആശ്രയിച്ചാണ് 9.99 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നത്. പരമാവധി മൂന്ന് വര്‍ഷമാണ് തിരിച്ചടവു കാലാവധി.
ദീര്‍ഘകാല നിക്ഷേപ വളര്‍ച്ച നിലനിര്‍ത്തിന്നതിനൊപ്പം ഹ്രസ്വകാലത്തേക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താനും സാധിക്കുമെന്നതാണ് ഈ വായ്പകളുടെ നേട്ടം. അതായത് നിക്ഷേപം പിന്‍വലിക്കേണ്ടതില്ലാത്തതിനാല്‍ അതു വഴിയുള്ള നേട്ടം തുടര്‍ന്നും ലഭ്യമാക്കാനാകും.
ഭവന വായ്പകള്‍, പ്രോപ്പര്‍ട്ടി വായ്പകള്‍, കോര്‍പ്പറേറ്റ് വായ്പകള്‍ എന്നിവയും ആപ്പ് വഴി ജിയോ ഫിനാന്‍സ് ലഭ്യമാക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine