എല്‍ & ടിക്ക് ഒന്നാം പാദത്തില്‍ മികച്ച നേട്ടം; ₹10,000 കോടിയുടെ ഓഹരി തിരിച്ചു വാങ്ങുന്നു
എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ എല്‍&ടി (Larsen & Toubro/L&T) 10,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങുന്നു. ഓഹരി ഒന്നിന് 3,000 രൂപ നിരക്കിലാണ് ബൈബാക്കിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. 3.33 കോടി ഓഹരികളാണ് നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.4 ശതമാനം വരുമിത്.
എന്താണ് ഷെയര്‍ ബൈബാക്ക്?
നിലവിലുള്ള വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയില്‍ കമ്പനികള്‍ ഓഹരി ഉടമകളില്‍ നിന്നും ഓഹരി തിരികെ വാങ്ങുന്ന പ്രക്രിയയാണ് ഷെയര്‍ ബൈബാക്ക്. ഓഹരികളെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഓഹരി തിരിച്ചു വാങ്ങുന്നതിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. വിപണിയില്‍ ഓഹരികളുടെ എണ്ണം കുറച്ച് വില ആകര്‍ഷകമാക്കാന്‍ ഇത് സഹായിക്കും. രണ്ടു തരത്തിലാണ് ബൈബാക്ക് നടക്കാറുള്ളത്. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വെച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടുവാങ്ങിയുമാണ് കമ്പനികള്‍ ഓഹരികള്‍ തിരിച്ചെടുക്കുന്നത്.
ആവശ്യത്തിലധികം ക്യാഷ് റിസര്‍വ് കൈയിലിരിക്കുകയും ആ തുക ഉപയോഗിക്ക് ബിസിനസ് വിപുലീകരണം നടത്താനുള്ള സാധ്യത നിലവില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ ബൈബാക്കിനെപറ്റി ചിന്തിക്കാറുണ്ട്.
ഒരുവര്‍ഷത്തില്‍ 42% നേട്ടം
3.7 ലക്ഷം കോടിരൂപയാണ് എല്‍ & ടിയുടെ വിപണി മൂല്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി 42 ശതമാനം നേട്ടവുമായി നിഫ്റ്റി സൂചികയേക്കാളും ഉയരത്തിലാണ്. ഇക്കാലയളവില്‍ നിഫ്റ്റി നല്‍കിയിത് 20% നേട്ടമാണ്. ഇന്ന് 3.83% ഉയര്‍ന്ന് 2,658.20 രൂപയിലാണ് ഓഹരി വിലയുള്ളത്.