ദിനംപ്രതി 14 മണിക്കൂർ ജോലി; 30-ാം വയസില്‍ $2.6 ബില്യൺ ആസ്തിയോടെ ലോകത്തെ അതിശയിപ്പിച്ച് വനിതാ ശതകോടീശ്വരി

അപൂർവമായി സുഹൃത്തുക്കളുമൊത്ത് നല്ല ഭക്ഷണം കഴിക്കുന്നതും, ക്രിസ്മസ് കുർബാനയ്ക്കായി കുടുംബത്തെ വത്തിക്കാനിലേക്ക് കൊണ്ടുപോകുന്നതും ഒഴിച്ചാൽ വലിയ ആഡംബരങ്ങളിലൊന്നും അവർക്കില്ല
richest woman
Representational image, courtesy: Canva
Published on: 

പ്രെഡിക്ഷൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമായ 'കൽഷി'യുടെ (Kalshi) സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ലുവാന ലോപ്പസ് ലാറ (Luana Lopes Lara) 24,678 കോടി രൂപയുടെ (ഏകദേശം $2.6 ബില്യൺ) ആസ്തിയോടെ സ്വയം പ്രയത്നത്താൽ ഉയർന്നുവന്ന (Self-made) ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കോടീശ്വരയായി മാറി. 30 വയസ് മാത്രം പ്രായമുള്ള ഈ ബ്രസീലിയൻ സംരംഭക, വൻ സമ്പത്ത് സ്വന്തമാക്കിയിട്ടും ദിവസവും 12 മുതൽ 14 മണിക്കൂർ വരെ അധ്വാനിക്കുന്ന തന്റെ ദിനചര്യ മാറ്റമില്ലാതെ തുടരുകയാണ്.

ലളിതമായ ജീവിതശൈലിയും ലക്ഷ്യബോധവും

ടെക്നോളജി മേഖലയിലേക്ക് കടക്കുന്നതിന് മുൻപ് ഒരു പ്രൊഫഷണൽ ബാലെ നർത്തകിയായിരുന്ന ലുവാന, ബ്രസീലിലെ ഒരു ഇടത്തരം കുടുംബത്തിലാണ് വളർന്നത്. ഇത്രയും വലിയ സാമ്പത്തിക നേട്ടം ഉണ്ടായിട്ടും തന്റെ ജീവിതശൈലിയിലോ ചെലവഴിക്കൽ ശീലങ്ങളിലോ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ലുവാന യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസികയായ ഫോർച്യൂണിനോട് പറഞ്ഞു. കൽഷി കെട്ടിപ്പടുക്കുന്നതിൽ കൃത്യമായ ശ്രദ്ധ പുലർത്തിയിരുന്നതിനാലാണ് ഈ സമ്പത്ത് ജീവിതത്തെ കാര്യമായി സ്വാധീനിക്കാത്തത്. അപൂർവമായി സുഹൃത്തുക്കളുമൊത്ത് നല്ല ഭക്ഷണം കഴിക്കുന്നതും, ക്രിസ്മസ് കുർബാനയ്ക്കായി കുടുംബത്തെ വത്തിക്കാനിലേക്ക് കൊണ്ടുപോകുന്നതും ഒഴിച്ചാൽ വലിയ ആഡംബരങ്ങളിലേക്കൊന്നും അവർ തിരിഞ്ഞിട്ടില്ല.

കൽഷിയുടെ വളർച്ചയും നിയമപരമായ വെല്ലുവിളികളും

തിരഞ്ഞെടുപ്പുകൾ, കായിക മത്സരങ്ങൾ, പലിശ നിരക്കുകൾ, തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പം തുടങ്ങിയ പ്രധാന സാമ്പത്തിക പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയുടെ ഫലങ്ങളെ അടിസ്ഥാനമാക്കി കരാറുകൾ ട്രേഡ് ചെയ്യാൻ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമാണ് കൽഷി. കമ്പനിയുടെ മൂല്യം 2025 ജൂണിലെ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 മെയ് മാസത്തോടെ 22 ബില്യണ്‍ ഡോളറായി കുതിച്ചുയർന്നു. ഭാവിയിൽ നടക്കാൻ സാധ്യതയുള്ള യഥാർത്ഥ സംഭവങ്ങളെ (Real-world events) ആസ്പദമാക്കി പണമിറക്കി വ്യാപാരം നടത്താൻ സൗകര്യമൊരുക്കുന്ന പ്രെഡിക്ഷൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമായാണ് കൽഷിയുടെ പ്രവര്‍ത്തനം. പരമ്പരാഗത ഓഹരി വിപണിയിൽ കമ്പനികളുടെ ഷെയറുകളാണ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്കിൽ, കൽഷിയിൽ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള കരാറുകളാണ് (Event Contracts) വ്യാപാരം ചെയ്യപ്പെടുന്നത്.

കൽഷിയിലെ ഓരോ മാർക്കറ്റും ലളിതമായ ഒരു 'അതെ' (Yes) അല്ലെങ്കിൽ 'അല്ല' (No) ചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന്: "അടുത്ത പാദത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുമോ?" എന്നതിന് ഉപയോക്താക്കൾക്ക് അവരുടെ പ്രവചനത്തിന് അനുസരിച്ച് 'Yes' കോൺട്രാക്റ്റോ 'No' കോൺട്രാക്റ്റോ വാങ്ങാം.

അതേസമയം, കൽഷിയുടെ കായിക സംബന്ധിയായ കരാറുകൾ അനധികൃത ചൂതാട്ടമാണെന്ന് ആരോപിച്ച് ചില യു.എസ് സംസ്ഥാനങ്ങളിൽ നിന്ന് നിയമപരമായ തടസങ്ങളും കമ്പനി നേരിടുന്നുണ്ട്. എന്നാൽ തങ്ങൾ പരമ്പരാഗത സ്‌പോർട്‌സ് ബുക്കുകളെപ്പോലെയല്ല പണമുണ്ടാക്കുന്നതെന്നും, ഫെഡറൽ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക എക്‌സ്‌ചേഞ്ചായാണ് പ്രവർത്തിക്കുന്നതെന്നും ലുവാന വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com