രാജ്യത്ത് ലുലുവിന്റെ റീറ്റെയ്ല്‍ സ്‌പേസ് 20 ലക്ഷം ചതുരശ്ര അടി കടന്നു; ഔട്ട്ലെറ്റുകള്‍ 23, കേരളത്തിലടക്കം കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതി

ഒക്ടോബറില്‍ 1.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ലുലു പുതുതായി കൂട്ടിച്ചേര്‍ത്തത്
 Yusuff Ali MA, LuLu Group Chairman & Managing Director
Published on: 

രാജ്യത്തെ റീറ്റെയ്ല്‍ വിപണിയില്‍ വന്‍ മുന്നേറ്റവുമായി പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. രാജ്യത്തുടനീളമുള്ള ലുലുവിന്റെ റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 23 ആയി ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ ആകെ റീറ്റൈയ്ല്‍ സ്പേസ് 20 ലക്ഷം ചതുരശ്ര അടി എന്ന നാഴ്കക്കല്ല് പിന്നിട്ടു. രാജ്യത്ത് പുതിയ വിപണികള്‍ കീഴടക്കുന്നതിനൊപ്പം കേരളത്തിലും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് ഗ്രൂപ്പെന്നാണ് പുതിയ സൂചനകള്‍.

ബംഗളൂരുവിലും ഗ്രേറ്റര്‍ നോയിഡയിലുമായി രണ്ട് ദിവസങ്ങളിലായി തുറന്ന പുതിയ രണ്ട് സ്റ്റോറുകളിലൂടെ മാത്രം 1.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ലുലു പുതുതായി കൂട്ടിച്ചേര്‍ത്തത്.

കേരളത്തില്‍ ഇതിനോടകം വന്‍ വിജയ തീര്‍ത്തുകഴിഞ്ഞ ലുലു ഗ്രൂപ്പ്, മറ്റ് പ്രധാന ജില്ലകളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും ചെറിയ നൈബര്‍ഹുഡ് സ്റ്റോറുകളും ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

മലയാളിയായ എം.എ. യൂസഫലിയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വളര്‍ന്ന ലുലു, കേരളത്തിലെ ടയര്‍-2 നഗരങ്ങളിലേക്കും പ്രാദേശിക വിപണികളിലേക്കും കൂടി ബിസിനസ്സ് മാതൃക വ്യാപിപ്പിക്കുമ്പോള്‍ അത് നാട്ടിലെ തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ കരുത്താകും.

ബംഗളൂരുവിലും നോയിഡയിലും പുതിയ ചുവടുവെപ്പുകള്‍

ഒക്ടോബര്‍ 17-ന് ബംഗളൂരുവില്‍ ജെ.പി നഗര്‍റില്‍ ആരംഭിച്ച 40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 'ലുലു ഡെയ്ലി' (LuLu Daily) സ്റ്റോര്‍ നഗരത്തിലെ ലുലുവിന്റെ ഏഴാമത്തെ ഔട്ട്ലെറ്റാണ്. ആയിരത്തിലധികം തൊഴിലവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.

തൊട്ടടുത്ത ദിവസം (ഒക്ടോബര്‍ 18) ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഐ-തംസ് ഗലേറിയ മാളില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തനം ആരംഭിച്ചു.

ഒക്ടോബര്‍ 12ന് ചെന്നൈയില്‍ ഷെണോയ് നഗര്‍, ചെന്നൈ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനുകളിലായി രണ്ട് പുതിയ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയിരുന്നു.

ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഷെണോയ് നഗറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ചെന്നൈ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനില്‍ 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഡെയ്‌ലി പ്രവര്‍ത്തിക്കുന്നത്.

മള്‍ട്ടി-ഫോര്‍മാറ്റ് തന്ത്രം: ലക്ഷ്യം എല്ലാ വീടുകളിലേക്കും

വന്‍കിട ഷോപ്പിംഗ് മാളുകള്‍ക്കും ഡെസ്റ്റിനേഷന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുറമെ, സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി 'ലുലു ഡെയ്‌ലി', 'ലുലു എക്സ്പ്രസ്' എന്നീ ചെറിയ ഫോര്‍മാറ്റുകള്‍ കൂടി നടപ്പിലാക്കുന്നതാണ് ലുലുവിന്റെ ഇപ്പോഴത്തെ തന്ത്രം. ഉപഭോക്താക്കള്‍ക്ക് വീടിനടുത്ത് തന്നെ എളുപ്പത്തില്‍ ഷോപ്പിംഗ് സാധ്യമാക്കുന്ന ഈ രീതി ഇന്ത്യയിലുടനീളം വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളിലും ഈ മള്‍ട്ടി-ഫോര്‍മാറ്റ് മാതൃക നടപ്പിലാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com