ഇറ്റലിയിലും ലുലു, ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു

ഇറ്റലിയിലെ മിലാനില്‍ 'വൈ ഇന്റര്‍നാഷണല്‍ ഇറ്റാലിയ' എന്ന ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്ന് ലുലു ഗ്രൂപ്പ്. ഇറ്റാലിയന്‍ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇറ്റലിക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍, 'വൈ ഇന്റര്‍നാഷണല്‍ 'ഇറ്റാലിയ'യിലൂടെ ലുലുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാവുകയാണ്. ''ഇടനിലക്കാരെ ഒഴിവാക്കി വില സ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവട് വെയ്‌പ്പെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ഇറ്റലിയുടെ തനതായ ഭക്ഷ്യ സംസ്‌കാരം, ഉത്പന്നങ്ങള്‍ എന്നിവ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പരിചയപ്പെടുത്തുക കൂടിയാണ് ഈ പദ്ധതിയുടെ ദൗത്യം.
വന്‍ കയറ്റുമതി ലക്ഷ്യം
രണ്ട് വര്‍ഷത്തിനകം 20 കോടി യൂറോയുടെ (ഏകദേശം 1,700 കോടി രൂപ) കയറ്റുമതിയാണ് ലുലു ഇറ്റലിയില്‍ നിന്ന് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലെ കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നതിനാല്‍ ഇറ്റലിയുടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതിക്ക് വഴി തുറക്കുകയും അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് യൂസഫലി പറഞ്ഞു.
ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ 255 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും

വ്യത്യസ്തങ്ങളായ പഴങ്ങള്‍, പച്ചക്കറികള്‍, ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ എന്നിവ ലുലുവിന്റെ 255 ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കും. ഇറ്റാലിയന്‍ ആപ്പിള്‍, മുന്തിരി, കിവി അടക്കം മെഡിറ്ററേനിയന്‍ മേഖലയിലെ പഴങ്ങള്‍, പച്ചക്കറികള്‍, ഇറ്റലിയുടെ തനതായ ചീസ്, ചോക്ലേറ്റ്, ഫ്രൂട്ട് ജാം, പേസ്ട്രി, പാസ്ത, ശുദ്ധമായ ഒലിവ് എണ്ണ, ഉയര്‍ന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങള്‍ എന്നിവ പ്രത്യേകം ശേഖരിച്ച് ലുലുവിന്റെ വിതരണ ശൃംഖലയുടെ ഭാഗമാക്കും.

ഇന്ത്യക്ക് പുറമെ യു.കെ, യു.എസ്.എ, സ്‌പെയിന്‍, തുര്‍ക്കി, വിയറ്റ്‌നാം, തായ്ലന്‍ഡ്, ചൈന, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലുലുവിന്റെ കേരളത്തിലെ ആദ്യ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം കഴിഞ്ഞ മാസം അരൂരില്‍ തുറന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം കളമശേരിയില്‍ ഉടന്‍ തുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it