യൂസഫലിയുടെ 'ലുലു വിപ്ലവം' ഇനി ഫുട്‌ബോള്‍ മൈതാനത്തേക്കോ?

രാജ്യത്തുടനീളം റീറ്റെയ്ൽ ബിസിനസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ലുലു ഗ്രൂപ്പ് കൊണ്ടുവന്നത്. ഏറ്റവും പുതുതായി അഞ്ചോളം വന്‍ പദ്ധതികളിലാണ് നിലവിൽ ഗ്രൂപ്പ് സജീവമായിട്ടുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കി പുതിയൊരു മേഖലയിൽ കൂടി കാൽ വയ്ക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.

1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കപ്പ് സ്വന്തമാക്കിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് (IANS) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം.എ യൂസഫലി കേരളത്തില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കിയേക്കുമെന്നാണ് ഈ റിപ്പോർട്ട്. അതേസമയം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊഹമ്മദന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചില വാർത്തകൾ പരക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിൽ യാതൊരു ഔദ്യോഗിക റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല.

വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്തിടെ ദുബൈ സന്ദര്‍ശിച്ചപ്പോള്‍ ഐ-ലീഗിൽ മത്സരിക്കുന്ന മൊഹമ്മദന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ നിക്ഷേപകരായി ലുലുവിനെ ക്ഷണിച്ചിരുന്നുവന്നതും ശ്രദ്ധേയം.

2018ല്‍ കേരള ബ്‌ളാസ്റ്റേഴ്‌സിനെ ലുലു ഗ്രൂപ്പ് വാങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാൽ ലുലു ഗ്രൂപ്പ് അത് നിഷേധിച്ച് അപ്പോൾ തന്നെ രംഗത്തെത്തിയിരുന്നു.

ഈയടുത്താണ് മലയാളി വ്യവസായിയായ പി.എന്‍.സി മേനോന്‍ സ്ഥാപിച്ച റിയല്‍റ്റി കമ്പനിയായ ശോഭ റിയല്‍റ്റി (Sobha Realty) ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ആഴ്‌സണലുമായി(Arsenal)പങ്കാളിത്തത്തിലേര്‍പ്പെട്ടത്. ദുബായ് ആസ്ഥാനമായുള്ള ആഡംബര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ശോഭ റിയല്‍റ്റിയുമായി ചേര്‍ന്ന് യൂത്ത് ഫുട്‌ബോള്‍ ക്ലിനിക്കുകള്‍, ടൂര്‍ണമെന്റുകള്‍, സെമിനാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫുട്‌ബോളുമായി ബന്ധപ്പെട്ട ഇവന്റുകള്‍ ആണ് ആഴ്സണല്‍ പദ്ധതിയിട്ടിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ മറ്റ് പദ്ധതികള്‍ പുറത്തുവിട്ടിട്ടില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it