200 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്‌

നേരത്തെ ലഖ്നൗവില്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പ് രണ്ടായിരം കോടി രൂപ നിക്ഷേപിച്ചിരുന്നു
200 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്‌
Published on

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഗ്രേറ്റര്‍ നോയിഡയില്‍ 200 കോടി രൂപ നിക്ഷേപിച്ച് ഉത്തര്‍പ്രദേശില്‍ വിപുലമായ പദ്ധതിക്കൊരുങ്ങുന്നു. സംസ്ഥാനത്തെ കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളിലേക്കാണ് ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുക. ഇതിനായി യു പി സര്‍ക്കാര്‍ ഗ്രേറ്റര്‍ നോയിഡയില്‍ 20 ഏക്കര്‍ അനുവദിച്ചു. ഇവിടെ ഒരു കാര്‍ഷിക ഉല്‍പാദന സോഴ്സിംഗ്, പ്രോസസ്സിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് സെന്റര്‍ എന്നിവയ്ക്കായാണ് 200 കോടി രൂപ മുതല്‍ മുടക്കുന്നത്. യു പിയിലെ ലഖ്നൗവില്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പ് ഇതിനകം രണ്ടായിരം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

'നോയിഡയില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ 200 കോടി രൂപ കൂടി നിക്ഷേപിക്കും. ഇതുവഴി വിവിധ രാജ്യങ്ങളിലേക്ക് വിവിധതരം പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യും. അങ്ങനെ വടക്ക് നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഒരു വലിയ വിപണി സൃഷ്ടിക്കും' ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി പി ടി ഐയോട് പറഞ്ഞു.

പ്രവാസി ബിസിനസുകാരനായ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ കീഴില്‍ മിഡില്‍ ഈസ്റ്റ്, ഈജിപ്ത്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ 197 ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും നടത്തിവരുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ഇവിടങ്ങളിലേക്ക് 3500 കോടിയുടെ പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണ സാധനങ്ങളുമാണ് കയറ്റി അയക്കുന്നത്. നോയിഡയിലെ പദ്ധതി കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഇത് കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ഒരു ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തില്‍ 60 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞമാസം ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അവിടെ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ പഴങ്ങളും പച്ചക്കറികളും ഉണങ്ങിയ പഴങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. യുപി ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും നിക്ഷേപക ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരിനു നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.

'ലഖ്നൗവിലെ ഞങ്ങളുടെ ലുലു മാള്‍ ഉടന്‍ തുറക്കാന്‍ ഒരുങ്ങുകയാണ്, 20,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമെ ലോകോത്തര ഷോപ്പിംഗ് അനുഭവം സംസ്ഥാന തലസ്ഥാനത്ത് എത്തിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com