ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രം അരൂരില്‍

ലുലു ഗ്രൂപ്പ് 150 കോടി രൂപ ചെലവഴിച്ച് ആലപ്പുഴ അരൂരില്‍ നിര്‍മ്മിച്ച സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രം ഈ മാസം പ്രവര്‍ത്തനം തുടങ്ങും. പൂര്‍ണ്ണമയും സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഇത് കൂടാതെ സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റുമുണ്ട്.

ഇതിനായി ഡെന്മാര്‍ക്കില്‍ നിന്ന് അത്യാധുനിക മെഷീനറികള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ രണ്ട് യൂണിറ്റുകളിലായി മാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്കായി 800ലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.

പ്രധാന വിപണി

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കാണ് ഇവിടെ നിന്ന് സമുദ്ര വിഭവങ്ങള്‍ കയറ്റി അയക്കുക. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. യൂറോപ്പ്, യു.കെ, യു.എസ്, ജപ്പാന്‍, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ട്. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി ഡിവിഷനായ ഫെയര്‍ എക്സ്പോര്‍ട്സ് ഇന്ത്യ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6,200 കോടി രൂപയുടെ പഴം, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ, മാംസ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതില്‍ 560 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ പഴം, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ മാംസവിഭവങ്ങള്‍ ഉള്‍പ്പെടെ 10,000 കോടി രൂപയുടെ കയറ്റുമതിയാണ് ഫെയര്‍ എക്സ്പോര്‍ട്സ് ഇന്ത്യയില്‍ നിന്ന് ലക്ഷ്യമിടുന്നതെന്ന് ഫെയര്‍ എക്സ്പോര്‍ട്സ് സി.ഇ.ഒ നജിമുദ്ദീന്‍ ഇബ്രാഹിം കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. തെലങ്കാനയിലും അത്യാധുനിക ഉള്‍നാടന്‍ മത്സ്യവിഭവ സംസ്‌കരണ കേന്ദ്രം ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.


Related Articles
Next Story
Videos
Share it