കളമശേരിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുമായി ലുലു

ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് കളമശേരിയില്‍ അടുത്ത രണ്ടു മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മൂന്നു മാസമായി നടന്നു വരുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും അധികം വൈകാതെ പദ്ധതി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ലുലുവിന്റെ സമുദ്രോത്പന്ന സംസ്‌കരണ കേന്ദ്രമായ ലുലു ഫെയര്‍ എക്‌സ്പോര്‍ട്‌സിന്റെ ഉദ്ഘടാനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചിക്കടുത്ത് അരൂരില്‍ സ്ഥാപിച്ച അത്യാധുനിക കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു.
മറൈന്‍ പ്രൊഡ്കട്‌സ് എക്‌സ്‌പോര്‍ട്ട്
ഡവലപ്പ്മെന്റ് അതോറിറ്റി (MPEDA) ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി ചടങ്ങിൽ പങ്കെടുത്തു.

മാളുകളും ലൊജിസ്റ്റ്ക്‌സ് ബിസിനസും നടത്തി വരുന്ന ലുലു ഗ്രൂപ്പ് കേരളത്തില്‍ ആദ്യമായൊരു മാനുഫാക്ചറിംഗ് യൂണിറ്റ് തുറക്കുന്നത് മലയാളികളെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്നും കേരളത്തിന്റെ ബിസനസ് അന്തരീക്ഷം മെച്ചപ്പെടുന്നതിന്റെ സൂചനകളാണ് കൂടുതല്‍ വ്യവസായങ്ങള്‍ ഇങ്ങോട്ട് ആകര്‍ഷിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

മൂല്യവര്‍ധിത ഉത്പന്നങ്ങളും

കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് പുതിയ പദ്ധതിയെന്ന് യൂസഫലി പറഞ്ഞു. സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി പ്രത്യേകം യൂണിറ്റുമുണ്ട്. ഡെന്മാര്‍ക്കില്‍ നിന്നും അത്യാധുനിക മെഷിനറിയാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്. രണ്ട് യൂണിറ്റുകളിലായി മാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയവിടങ്ങളിലും ലുലുവിന് ഫുഡ്, മീറ്റ്, വെജിറ്റബ്ള്‍, ഫ്രൂട്‌സ് പ്രോസസിംഗ് യൂണിറ്റുകളുണ്ട്.

ഈ വര്‍ഷം 10,000 കോടിയുടെ കയറ്റുമതി ലക്ഷ്യം

ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യ ഇക്കൊല്ലം തന്നെ 10,000 കോടിയുടെ കയറ്റുമതി നടത്തുമെന്ന് എം.എ യൂസഫലി പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6,200 കോടി രൂപയുടെ പഴം പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ -മാംസ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. പുതിയ സമുദ്രോത്പന്ന സംസ്‌കരണ കേന്ദ്രം തുറന്നതോടെ കയറ്റുമതി ലക്ഷ്യം അതിവേഗം കൈവരിക്കാനാകുമെന്നും യൂസഫലി പറഞ്ഞു.

പഴം, പച്ചക്കറികളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ലുലു ഗ്രൂപ്പ്. അരി, മാംസ്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും മുന്നിലാണ്. ഈജിപ്ത്, അള്‍ജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആര്‍മികള്‍ക്ക് വേണ്ടിയും ലുലു മീറ്റ് കയറ്റുമതി നടത്തുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോന്യേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യു.കെ, യു.എസ്, ജപ്പാന്‍, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.

Related Articles
Next Story
Videos
Share it