കേരളത്തിന്റെ ഏറ്റവും വലിയ ഐ.ടി ടവറുകളുമായി ലുലു ഗ്രൂപ്പ്; 30,000 തൊഴിലവസരങ്ങള്‍
സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ ലുലു ഗ്രൂപ്പ് നിര്‍മിക്കുന്ന കേരളത്തിന്റെ ഏറ്റവും വലിയ ഇരട്ട ഐ.ടി ടവറുകളുടെ നിര്‍മാണം 2024ല്‍ പൂര്‍ത്തിയാകും. ലുലു ഗ്രൂപ്പിന്റെ ഈ ഇരട്ട ഐ.ടി ടവറുകള്‍ 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്രയടിയില്‍ 29 നിലകളിലായാണ് ഒരുങ്ങുന്നത്. മൂന്ന് ബേസ്‌മെന്റുകളും ഇതിലുണ്ട്.
ഫുഡ് കോര്‍ട്ട്, ഓഫീസ് സ്‌പേസുകളില്‍ കുട്ടികള്‍ക്കായുള്ള സ്ഥലം, ജിം, റീറ്റെയ്ല്‍ സ്പേസ്, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി തുടങ്ങിയവയെല്ലാം 152 മീറ്ററുള്ള രണ്ട് ടവറുകള്‍ക്കിടയിലുമായി ഉണ്ടാകും. ഇവിടെ 100% പവര്‍ ബാക്കപ്, സെന്‍ട്രലൈസ്ഡ് എ.സി, 4,200 പാര്‍ക്കിംഗ് യൂണിറ്റുകള്‍ എന്നീ സൗകര്യങ്ങളുമുണ്ടാകും. 30,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
എം.എ യൂസഫ് അലിയിലേക്ക്
എം.എ യൂസഫലിയുടെ മകളും മരുമകനുമായ ഷിഫ യൂസഫ് അലിയും ഷാരോണ്‍ ഷംസുദ്ദീനും ചേര്‍ന്ന് നയിക്കുന്ന സാന്‍ഡ്‌സ് ഗ്രൂപ്പാണ് സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഈ ഐ.ടി ടവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. പിന്നീട് ഷാരോണ്‍ ഷംസുദ്ദീന്‍ മിഡില്‍ ഈസ്റ്റ് ബിസിനസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ 2019ല്‍ പദ്ധതി എം.എ യൂസഫ് അലിക്ക് കൈമാറി. അങ്ങനെ സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ലുലു ഐ.ടി ഇന്‍ഫ്രാബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് (LIBPL) എന്ന കമ്പനിയായി. ലുലു ഗ്രൂപ്പിന് കീഴിലുള്ള ഈ ഇന്‍ഫ്രാബില്‍ഡിന്റേതാണ് ഇരട്ട ഐ.ടി ടവറുകളുടെ ഈ പദ്ധതി.
പദ്ധതി വൈകി, ചെലവ് വര്‍ധിച്ചു
2016 ലാണ് ഇരട്ട ഐ.ടി ടവറുകളുടെ നിര്‍മാണം ആരംഭിച്ചത്. 2021 ഏപ്രിലില്‍ പൂര്‍ത്തീകരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തൊഴിലാളി ക്ഷാമവും കോവിഡിന്റെ ആഘാതവും മൂലം പദ്ധതി വൈകി. ശേഷം 2022 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് കരുതിയെങ്കിലും വീണ്ടും കോവിഡ് വില്ലാനായി. പ്രതികൂലമായ കാലാവസ്ഥയും പ്രശ്‌നമായിരുന്നു. പിന്നിട് പദ്ധതി 2023 ജൂണ്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞു.
ഒടുവില്‍ 2024 ല്‍ പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. തുടക്കത്തില്‍ 1,200 കോടി രൂപയായി കണക്കാക്കിയിരുന്ന പദ്ധതിയുടെ ചെലവ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ 1,300 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു.
ലുലു സൈബര്‍ ടവറിനടുത്ത്
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 13 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 'ലുലു സൈബര്‍ ടവര്‍' എന്ന ഐ.ടി പാര്‍ക്കും നിലവില്‍ ലുലു പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതും സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. യു.എ.ഇ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ ദുബായ് ഹോള്‍ഡിംഗും (84%) കേരള സര്‍ക്കാരും (16%) ചേര്‍ന്നുള്ളൊരു സംയോജിത ബിസിനസ്സ് ടൗണ്‍ഷിപ്പാണ് 246 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്മാര്‍ട്ട്‌സിറ്റി കൊച്ചി.