മഹീന്ദ്രക്കെതിരെ കോടതി കയറി ഇൻഡിഗോ; തർക്കം ഇലക്ട്രിക് കാറിൻ്റെ പേരിനെച്ചൊല്ലി
ഇലക്ട്രിക് വാഹന ശ്രേണിയില്‍ പുതിയ മോഡലുകളുമായി അതിവേഗം വിപണിയില്‍ ശക്തമാകുകയാണ് പ്രമുഖ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര. 2025 ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ബി.ഇ 6ഇ (BE 6E) എന്ന് പേരിട്ടതായി അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. പേരിടലിനു പിന്നാലെ മഹീന്ദ്രയെ വെട്ടിലാക്കിയിരിക്കുകയാണ് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ.
6 ഇ എന്ന് പേരിനൊപ്പം ചേര്‍ത്തതാണ് ഇന്‍ഡിഗോയെ ചൊടിപ്പിച്ചത്. ഇന്‍ഡിഗോ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നത് 6ഇ എന്ന നാമത്തിലാണ്. കമ്പനിയുടെ ബ്രാന്‍ഡ് മുഖച്ഛായയുടെ ഒരു സുപ്രധാന ഭാഗമാണിത്. പാസഞ്ചര്‍ കേന്ദ്രീകൃതമായ പല സേവനങ്ങളും കമ്പനി ഈ പേരിലാണ് ലഭ്യമാക്കുന്നത്. 6ഇ പ്രൈം, 6 ഇ ഫ്‌ളെക്‌സ്, 6 ഇ ആഡ് ഓണ്‍സ് എന്നിങ്ങനെ പല വിധത്തില്‍ ഉപയോഗിക്കാറുണ്ട്. 2015ലാണ് ഇന്‍ഡിഗോ '6ഇ ലിങ്ക്' എന്ന നാമത്തിന് ട്രേഡ് മാര്‍ക്ക് നേടുന്നത്. പരസ്യ സേവനങ്ങള്‍ (ക്ലാസ് 9), ഓണ്‍ലൈന്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അധിഷ്ഠിത സേവനങ്ങള്‍ (ക്ലാസ് 35), എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് (ക്ലാസ് 39), പത്ര പരസ്യങ്ങള്‍ (ക്ലാസ് 16) എന്നിവയ്‌ക്കെല്ലാമായാണ് ട്രേഡ് മാര്‍ക്ക് നേടിയത്.
കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിൽ നടക്കുകയാണ്. ഇന്ന് ജസ്റ്റിസ് അമിത് ബസാല്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവായതിനാല്‍ ഡിസംബര്‍ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ പ്രശ്‌ന പരിഹാരത്തിന് മഹീന്ദ്രയുടെ വക്താക്കള്‍ സംസാരിക്കുന്നുണ്ടെന്നാണ് ഇന്‍ഡിഗോയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ സന്ദീപ് സേത്തി വ്യക്തമാക്കുന്നത്.
മഹീന്ദ്രയും 6 ഇയും
മഹീന്ദ്രയ്ക്ക് ക്ലാസ് 12 വിഭാഗത്തിലാണ് ബി.ഇ 6 ഇ എന്ന ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി അനുമതി ലഭിച്ചത്. ടൂ വീലര്‍ ഒഴികെയുള്ള വിവിധ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ട്രേഡ് മാര്‍ക്ക്.
എന്തായാലും ഇന്‍ഡിഗോയും മഹീന്ദ്രയും തമ്മിലുള്ള കേസ് ബൗദ്ധിക സ്വത്ത് അവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകാന്‍ കാരണമാകും. വിവിധ ഇന്‍ഡസ്ട്രികള്‍ക്ക് ഒരേ ട്രേഡ് മാര്‍ക്ക് നല്‍കുന്നതിനെ കുറിച്ചുള്ള ആശങ്കകളും ഇതിനൊപ്പം ഉയരുന്നുണ്ട്.