ആപ്പിള്‍ 'ചൈന തന്ത്രം' മാറ്റുന്നു; ഇന്ത്യക്ക് ഐഫോണ്‍ ചാകര; യുഎസിലേക്കുള്ള കയറ്റുമതി കുതിക്കും

എല്ലാം ഒരു രാജ്യത്ത് തന്നെ നിര്‍മിക്കുന്ന രീതി മാറ്റേണ്ടി വരുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്
Apple Iphone
Apple Iphonecanva
Published on

ചൈനയോടുള്ള ട്രംപിന്റെ വിരോധം ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് കുതിപ്പിന് വഴിയൊരുക്കുന്നു. ജൂണ്‍ പാദത്തില്‍ അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതി പ്രധാനമായും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി. ചൈനക്കെതിരെയുള്ള ട്രംപിന്റെ നികുതി യുദ്ധം, ബിസിനസ് തന്ത്രം മാറ്റാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. ചൈനീസ് നിര്‍മിത ഐഫോണുകള്‍ക്ക് പകരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത പാദത്തില്‍ യുഎസിലേക്കുള്ള ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലും വിയറ്റ്‌നാമിലുമായിരിക്കും നിര്‍മിക്കുകയെന്ന് ആപ്പില്‍ സിഇഒ ടിം കുക്ക് വെളിപ്പെടുത്തി.

മാറുന്ന വിപണന തന്ത്രം

ചൈനയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി വേണ്ട എന്നതാണ് ആപ്പിളിന്റെ പുതിയ തന്ത്രം. യുഎസിലേക്കുള്ള ഐഫോണുകള്‍ ഇന്ത്യയിലും ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ് എന്നിവ വിയറ്റ്‌നാമിലും നിര്‍മിച്ചാണ് യുഎസില്‍ എത്തിക്കുക. ചൈനയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ യുഎസ് ഇതര വിപണികളില്‍ എത്തിക്കും. ചൈനയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ക്കുള്ള അധിക നികുതി അമേരിക്ക പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള 20 ശതമാനം നികുതി പോലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍. ഈ നികുതി ഘടന തുടര്‍ന്നാല്‍ ഇപ്പോഴത്തെ പാദത്തില്‍ മാത്രം കമ്പനിക്ക് 900 മില്യണ്‍ ഡോളര്‍ അധിക ചെലവാണ് കണക്കാക്കിയിട്ടുള്ളത്.

എല്ലാം ഒരിടത്ത് നിര്‍മിക്കുന്നത് ബുദ്ധിയല്ല

ചൈനയില്‍ മാത്രം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത് ബുദ്ധിയല്ലെന്ന് ട്രംപിന്റെ നികുതി യുദ്ധം വന്നതോടെ തിരിച്ചറിഞ്ഞെന്ന് ടിം കുക്ക് പറഞ്ഞു. ഭാവിയില്‍ എന്തെല്ലാണ് സംഭവിക്കുകയെന്ന് പറയാനാകില്ല. അതു കൊണ്ട് വ്യത്യസ്ത രാജ്യങ്ങളില്‍ നിര്‍മാണവും വിതരണ ശൃംഖലകളും ആവശ്യമായി വരും. അദ്ദേഹം പറഞ്ഞു. ഇപ്പോഴും ചൈനയിലെ വിതരണ ശൃംഖല മാറ്റുന്നതിന് ആപ്പിളിന് പരിമിതകളുണ്ട്. യൂറോപ്പ് ഉള്‍പ്പടെയുള്ള മേഖലകളിലേക്ക് വിതരണത്തിനുള്ള ശക്തമായ ശൃംഖലയാണത്- ആപ്പിള്‍ സിഇഒ പറഞ്ഞു.

റിസള്‍ട്ടില്‍ നിരാശ

കഴിഞ്ഞ പാദത്തില്‍ നിക്ഷേപകരെ നിരാശരാക്കുന്നതായിരുന്നു ആപ്പിളിന്റെ റിസള്‍ട്ട്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വളര്‍ച്ച അഞ്ചു ശതമാനം മാത്രമാണ്. ചൈനയുമായി കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്ന ആപ്പിളിന് ട്രംപിന്റെ നികുതി നയം തിരിച്ചടിയായി. കഴിഞ്ഞ പാദത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ രണ്ട് ശതമാനം വര്‍ധനയാണുണ്ടായത്.

അതേസമയം കഴിഞ്ഞ പാദത്തിലെ വരുമാന കുറവ് ഭാവിയിലേക്കുള്ള മാനദണ്ഡമായി കാണേണ്ടതില്ലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ ബിസിനസ് തന്ത്രങ്ങളില്‍ കാതലമായ മാറ്റങ്ങളുണ്ടാകുമെന്നും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാന്‍ ഈ വര്‍ഷം ആപ്പിളിന് പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com