ബംഗ്ലാദേശില്‍ നിര്‍മാണ യൂണിറ്റൊരുക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

വരുമാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ജൂവല്‍റി റീറ്റെയ്‌ലായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ബംഗ്ലാദേശിലേക്ക്. 200 കോടി രൂപ മുടക്കി നിര്‍മാണ യൂണിറ്റും മൂന്ന് റീറ്റെയല്‍് ഷോറൂമുകളും തുറക്കാനാണ് പദ്ധതി. ഏറ്റവും കൂടുതല്‍ ഷോറൂമുകളുള്ള രാജ്യത്തെ രണ്ടാമത്തെ ജൂവല്‍റി ശൃംഖലയും മലയാളി സംരംഭമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആണ്. പത്തു രാജ്യങ്ങളിലായി 284 ഷോറൂമുകളാണ് ഗ്രൂപ്പിനുള്ളത്. നിറ്റോള്‍ നിലോയ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ബംഗ്ലാദേശിലെ മൊദോണ്‍പൂരില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട ഗ്രൂപ്പ് ഇന്ത്യ, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയവയുമായി ബംഗ്ലാദേശില്‍ പങ്കാളിത്തത്തിലുള്ള കമ്പനിയാണ് നിറ്റോള്‍ നിലോയ് ഗ്രൂപ്പ്.
നവംബറില്‍ നിര്‍മാണ യൂണിറ്റും വര്‍ഷാവസാനത്തോടെ മൂന്ന് റീറ്റെയ്ല്‍ ഷോറൂമുകളും തുറക്കുമെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ബംഗ്ലാദേശിലെ നിര്‍ദ്ദിഷ്ട ആഭരണ നിര്‍മാണ യൂണിറ്റില്‍ പ്രതിവര്‍ഷം 6000 കിലോഗ്രാം നിര്‍മാണശേഷിയാകും ഉണ്ടാകുക. 250 ലേറെ പേര്‍ക്ക് തൊഴിലും ലഭിക്കും.
ആദ്യഘട്ടത്തില്‍ 1000 കിലോഗ്രാം ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് ഒരുക്കാനായി 100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത മൂന്ന്-അഞ്ച് വര്‍ഷത്തിനുള്ളില്‍ ആകെ 800 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രൂപ്പിന്റെ പദ്ധതി.
4.51 ശതകോടി ഡോളര്‍ വിറ്റുവരവുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് രാജ്യത്തെ ഏറ്റവും വലതും ആഗോള തലത്തില്‍ മൂന്നാമത്തേതുമായ കമ്പനിയാണ്. ഗ്രുപ്പിന്റെ വരുമാനത്തില്‍ 66 ശതമാനവും (2.88 ശതകോടി ഡോളര്‍) ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്.
പ്രതിവര്‍ഷം 18000 കിലോഗ്രാം ആഭരണ നിര്‍മാണ ശേഷിയുള്ള 14 നിര്‍മാണ യൂണിറ്റുകളാണ് ഗ്രൂപ്പിന് നിലവിലുള്ളത്. ഇന്ത്യയ്ക്ക് പുറമേ യുഎഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it