Begin typing your search above and press return to search.
മലയാള സിനിമ അടിമുടി മാറുന്നു; പുതിയ തന്ത്രങ്ങളോടെ വലിയ ക്യാന്‍വാസിലേക്ക്
മോഹന്‍ലാല്‍ അഭിനയിച്ച ബിഗ്ബജറ്റ് ബഹുഭാഷാ ചലച്ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം മലയാള സിനിമയില്‍ ആദ്യം വിവാദവും പിന്നീട് ഉപാധികളില്ലാതെയുള്ള തര്‍ക്കപരിഹാരവും വന്നെങ്കിലും മലയാള ചലച്ചിത്ര മേഖലയില്‍ സംഭവിക്കുന്ന പുതിയ പ്രവണതകളുടെ സൂചനകള്‍ തന്നെയാണത് അവശേഷിപ്പിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈം, നെറ്റ് ഫല്‍ക്സ്, ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍ നെക്സ്റ്റ് തുടങ്ങിയ വന്‍കിട സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഒരുകാലത്ത് മലയാള സിനിമയെ കാര്യമായി ഗൗനിച്ചിരുന്നില്ല. എന്നാല്‍ സ്ഥിതി അതല്ല. ഇതോടെ കോവിഡ് മൂലം തിയേറ്റര്‍ റിലീസില്ലാതെ കോടികളുടെ നിക്ഷേപം വെള്ളത്തിലായി കിടന്ന മലയാള സിനിമകള്‍ക്കും ശാപമോക്ഷത്തിന് വഴി തെളിഞ്ഞു.
ലോക്ഡൗണ്‍ നീണ്ടതോടെ മലയാള സിനിമയില്‍ നിക്ഷേപിച്ച 320 കോടിയോളം രൂപയാണ് ബ്ലോക്കായി കിടക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സിനിമാ നിര്‍മാണത്തിന് 36 ശതമാനം പലിശയില്‍ പണം കടമെടുത്തവര്‍ അത് തിരിച്ചടയ്ക്കാന്‍ 40 കോടി രൂപയോളം അധികമായി ചെലവിടേണ്ടിയും വരുന്നുണ്ട്.
ഈവിധം സാമ്പത്തിക ഭാരം തലയിലേറ്റി നില്‍ക്കുന്ന സിനിമാ നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ ഉഗ്രശാസനയൊന്നും മുഖവിലക്കെടുക്കാനും തയ്യാറല്ല. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ തിരശ്ശീലയില്‍ നിറയുമ്പോഴും ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് ഇനിയും മലയാള സിനിമകള്‍ ഒഴുകും.
മലയാള സിനിമക്ക് ആഗോള പ്രേക്ഷകര്‍
മുതല്‍ മുടക്ക് കണക്കാക്കുമ്പോള്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും ചെറിയ സിനിമ വ്യവസായമാണ് കേരളത്തിലുള്ളത്. ഗള്‍ഫ് പ്രൊഡ്യൂസര്‍മാരും ചില അതിസമ്പന്നന്മാരു ചേര്‍ന്നതാണ് നമ്മുടെ സിനിമ വ്യവസായം. അയല്‍ സംസ്ഥാനങ്ങളില്‍ കോടികള്‍ നിക്ഷേപിക്കാന്‍ തയ്യാറായ വലിയ പ്രൊഡക്ഷന്‍ ഹൗസുകളാണ് സിനിമ വ്യവസായം നിയന്ത്രിക്കുന്നത്.
പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ നട്ടം തിരിഞ്ഞ മലയാള സിനിമക്ക് ഡിജിറ്റല്‍ ഒ ടി ടി സ്ട്രീമിങ് അനുഗ്രഹമായി. മലയാള സിനിമ ലോക വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടു. വെറും 600 തീയേറ്ററില്‍ മാത്രം പ്രദര്‍ശിപ്പിച്ച് വരുമാനം നേടിയിരുന്ന മലയാള സിനിമയുടെ മുന്നില്‍ ഒ ടി ടി യിലൂടെ ലോക വിപണി തുറന്നു കിട്ടി.
''പതിവ് ഫോര്‍മുലകളില്‍ നിന്ന് മാറി ക്രിയേറ്റീവ് കണ്ടന്റിന് പ്രാധാന്യം ലഭിച്ചതും ഇപ്പോഴാണ്. ഭാവിയില്‍ ഒടിടി സിനിമകള്‍ക്ക് വലിയ സാധ്യതയാണ് തെളിഞ്ഞുവരുന്നത്,'' കേരളത്തിലെ പ്രധാന ഒടിടി പ്ലാറ്റ്ഫോമായ സി ഹോം സിനിമയുടെ മാനേജിംഗ് ഡയറക്റ്റര്‍ എസ് സിബു അഭിപ്രായപ്പെടുന്നു.
ഒടിടിയിലേക്ക് മലയാള സിനിമകള്‍ ചുവടുമാറ്റിയാലും തിയേറ്ററുകള്‍ അടച്ചുപൂട്ടാനൊന്നും പോവുന്നില്ല ഇതു രണ്ടും ഒരുമിച്ച് വളരുക തന്നെ ചെയ്യുമെന്നും പ്രമുഖ നിര്‍മാതാവ് ചൂണ്ടിക്കാട്ടുന്നു. ''മികച്ച കോണ്‍ടെന്റും, താരപ്രഭയുമുള്ള സിനിമകളാണ് വമ്പന്‍ ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ സ്വന്തമായി വാങ്ങുന്നത്. പണ്ട് സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നതിന്റെ ഗ്ലോറിഫയഡ് രൂപമാണ് ഒ ടി ടി. തീയേറ്ററില്‍ റിലീസ് ചെയ്ത ശേഷം ഒ ടി ടി റിലീസ് വരുന്നതാവും നല്ലത്. രണ്ടും ഒന്നിച്ചു വളരണം. ഒരു ഹൈബ്രിഡ് റിലീസ് വളര്‍ച്ചക്ക് കള മൊരുക്കും'' അടുത്തിടെ ആമസോണ്‍ ്രൈപമില്‍ റിലീസ് ചെയ്ത 'ഇറിഡാ' യുടെ തിരകഥകൃത്ത് വൈ. വി രാജേഷ് പറഞ്ഞു.
എന്ത് കൊണ്ട് മലയാള സിനിമ ഒ ടി ടി യിലേക്ക്
തിയേറ്റര്‍ അടച്ചിട്ടിരുന്ന പതിനേഴ് മാസകാലം പതിനഞ്ച് വന്‍കിട ചിത്രങ്ങള്‍ ഒ ടി ടി യില്‍ റിലീസ് ചെയ്തു. ഇതിന് പുറമെ ചില ചെറിയ ചിത്രങ്ങളും ഒ ടി ടി യില്‍ വിജകരമായി മാറി.
മരക്കാര്‍ പോലെയുള്ള വന്‍ ബജറ്റ് ചിത്രങ്ങള്‍ തീയേറ്ററില്‍ മാത്രം റിലീസ് ചെയ്താല്‍ വരുമാനം തിരികെ ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും. മുപ്പത്തി ഏഴ് സിനിമ റിലീസ് ചെയ്ത ആന്റണി പെരുമ്പാവൂരിന് തീയേറ്ററില്‍ നിന്ന് ഒരു കോടി രൂപ ഇപ്പോഴും പിരിഞ്ഞു കിട്ടാനുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്.
ഇത് മാത്രമല്ല കോടികണക്കിന് നിക്ഷേപം വേണ്ടി വരുന്ന മോഹന്‍ലാലിന്റെ ഭാവി പ്രൊജക്റ്റുകള്‍ക് ഒ ടി ടി യിലെ ആഗോള ബ്രാന്‍ഡ് ഇമേജ് അത്യാവശ്യമാണ്. ആശിര്‍വാദ് സിനിമസിന്റെ പുതിയ ഏഴു ചിത്രങ്ങളും ഒ ടി ടി യിലാണ് ഇനി വരാന്‍ പോകുന്നത്.
ഇതിന് പുറമെ 35 ലക്ഷം പ്രവാസ മലയാളികളുടെ വലിയയൊരു വിപണിയും ഒ ടി ടി വ്യവസായം ലക്ഷ്യമിടുന്നു.
കോവിഡ് കാലത്ത് വീട്ടിലിരുന്നു സിനിമ ആസ്വദിക്കുന്ന പുതിയ സമൂഹം കേരളത്തില്‍ രൂപം കൊണ്ടു. അവര്‍ തുടര്‍ന്നും അങ്ങനെ കാണും. ഒ ടി ടി ലും തീയേറ്ററിലും 'ഹൈബ്രിഡ് ' റിലീസ് ആവിഷ്‌കരിക്കണം. രണ്ടിനും ഇനി സ്പേസ് ഉണ്ട്. ഭാവിയില്‍ വലിയ സിനിമകള്‍ വന്‍കിട പ്ലാറ്റ്ഫിമിലും ചെറിയ സിനിമകള്‍ പ്രാദേശിക ഒ ടി ടി പ്ലാറ്റ്ഫോമിലും റിലീസ് വരും. ഒ ടി ടി യില്‍ സിനിമ കാണാത്തവര്‍ തീയേറ്ററില്‍ തന്നെ കാണും ഒ ടി ടി വ്യവസായത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് ്രൈപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ രാജു മേനോന്‍ വിശദികരിച്ചു.
മലയാള സിനിമയുടെ വിപണനം അമേചര്‍ രീതിയിലാണ് നടന്നു വന്നിരുന്നത്. കോടികള്‍ മുടക്കുന്ന സിനിമയുടെ വിപണനം, നിര്‍മാതാക്കളുടെ വിപണന തന്ത്രം അറിയാത്ത ആശ്രിതരാണ് പലപ്പോഴും ഏറ്റെടുത്ത് കുളമാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണ്. ആമസോണ്‍ നേരിട്ടാണ് ജയ് ഭിം പോലെയുള്ള ഒ ടി ടി റിലീസ് പരസ്യം നല്‍കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത വന്‍ ബഡ്ജറ്റ് ചിത്രം 'മിന്നല്‍മുരളി'യുടെ വിപണനം പ്രൊഫഷണല്‍ രീതിയിലാണ് നെറ്റ്ഫ്ലൈസ് ആവിഷ്‌കരിക്കുന്നത്. അതായത് സിനിമ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങള്‍ പോലെ ഉപഭോക്താക്കളെ ടാര്‍ഗറ്റ് ചെയ്ത് വിപണിയിലിറക്കും. ഈ ശീലങ്ങള്‍ മലയാള സിനിമക് വലിയ മാറ്റങ്ങള്‍ കൊണ്ടു വരും.
Next Story
Videos