മാളുകളുടെ വരുമാനം വേഗത്തില്‍ വര്‍ധിക്കുന്നുവെന്ന് ക്രിസില്‍

നടപ്പ് സാമ്പത്തിക വര്‍ഷം മാളുകളുടെ വരുമാനം കോവിഡിനു മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം അധികം ആകുമെന്ന് റിപ്പോര്‍ട്ട്. ഗവേഷണ, വിശകലന സ്ഥാപനമായ ക്രിസില്‍ ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം മാളുകളെ അത്രയേറെ ബാധിച്ചിരുന്നില്ല. മാളുകള്‍ അടച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ 2022 ഫെബ്രുവരിയോടെ തന്നെ കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് റീറ്റെയ്ല്‍ മേഖല എത്തിയിരുന്നു.

നിലവില്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 120-125 ശതമാനം വില്‍പ്പന കൂടിയിട്ടുണ്ട്. ഇതിലൂടെ പത്തു ശതമാനമെങ്കിലും വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
മിക്ക മാള്‍ ഓപറേറ്റര്‍മാരും കോവിഡ് സമയത്ത് റീറ്റെയ്ല്‍ ഷോപ്പുകളില്‍ നിന്ന് വാടക ഈടാക്കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഷോപ്പുകള്‍ അടച്ചുപൂൂട്ടലിലേക്ക് എത്തിയില്ല. മാളുകളുടെ വരുമാനത്തിന്റെ 75-80 ശതമാനം വരെ സംഭാവന ചെയ്യുന്ന ഗ്രോസറി, അപ്പാരല്‍, ഫൂട്ട് വെയര്‍, കോസ്‌മെറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ലക്ഷ്വറി മേഖലകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തോടെ തന്നെ മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ഫുഡ് ആന്‍ഡ് ബിവറേജസ്, സിനിമ, മറ്റു കുടുംബ വിനോദ കേന്ദ്രങ്ങള്‍ എന്നിവ കൂടി പുനരാരംഭിച്ചതോടെയാണ് മാളുകളുടെ വരുമാനം കൂടിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it