ശില്പ ഷെട്ടിക്ക് നിക്ഷേപമുള്ള ഈ കമ്പനി ഐ.പി.ഒയ്ക്ക് മുമ്പ് ഫണ്ട് സമാഹരിക്കുന്നു
ബോളിവുഡ് താരം ശില്പ ഷെട്ടിക്ക് നിക്ഷേപമുള്ള മാമഎര്‍ത്ത് (Mamaearth) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (Initial Public Offer/IPO) മുന്‍പായി വിവിധ ഫണ്ടിംഗ് റൗണ്ടുകളിലൂടെ 12-15 കോടി ഡോളര്‍ (992 കോടിരൂപ) സമാഹരിക്കുന്നു. ഈ മാസം ആദ്യമാണ് പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ മാതൃകമ്പനിയായ ഹൊനാസ കണ്‍സ്യൂമര്‍ പ്രൈവറ്റ് ലിമിറ്റഡിന് (Honasa Consumer Private Limited) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്ന് ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചത്.
സോഫ്റ്റ് ബാങ്ക്, സിംഗപ്പൂര്‍ ജി.ഐ.സി, ഖത്തര്‍ ഇന്‍വെസറ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ), പ്രീ-ഐ.പി.ഒ നിക്ഷേപകരായ ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവരില്‍ നിന്ന് 150 കോടി ഡോളര്‍ സമാഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി മണി കണ്‍ട്രോള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാമാ എര്‍ത്തിന് സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം നേടാനായാല്‍ കഴിഞ്ഞ 15 മാസത്തിനിടയില്‍ സോഫ്റ്റ് ബാങ്ക് ഇന്ത്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമായി ഇതു മാറും.
400 കോടി രൂപയുടെ ഇക്വിറ്റി ഓഹരികള്‍
400 കോടി രൂപയുടെ ഫ്രഷ് ഇക്വിറ്റി ഓഹരികളും 468.2 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) കമ്പനി ഐ.പി.ഒ വഴി ലക്ഷ്യമിടുന്നത്. 2022 ജനുവരിയില്‍ പീക്ക് എക്‌സ്.വി പാര്‍ട്‌ണേഴ്‌സ് കമ്പനിയില്‍ നിക്ഷേപം നടത്തിയത് പ്രകാരം 120 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ്. ഡെര്‍മാകോ, ബിബ്ലണ്ട് എന്നീ ബ്രാന്‍ഡുകളും കമ്പനിക്ക് കീഴിലുണ്ട്.
മാമാഎര്‍ത്ത് സ്ഥാപകരായ വരുണ്‍, ഗസല്‍ അലഗ എന്നിവരെ കൂടാതെ സോഫിന വെഞ്ച്വേഴ്‌സ് എസ്.എ, ഇവോളന്‍സ്, ഫയര്‍സൈഡ് വെഞ്ച്വേഴ്‌സ്, സ്റ്റെല്ലാരിസ് വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ്, സ്‌നാപ് ഡീല്‍ സ്ഥാപകന്‍ കുനാല്‍ ബാല്‍, ബോളിവുഡ് താരം ശില്പ ഷെട്ടി കുന്ദ്ര, റിഷബ് ഹര്‍ഷ് മാരിവാല, രോഹിത് കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഓഹരി വിറ്റഴിക്കാന്‍ സന്നദ്ധത കാണിച്ചിട്ടുള്ളത്.
2022 ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 722.73 കോടി രൂപയും ലാഭം 3.67 കോടിരൂപയുമാണ്. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പ്രവര്‍ത്തന വരുമാനം 943.46 കോടി രൂപയും ലാഭം 14.43 കോടി രൂപയുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെ 35 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലറ്റുകള്‍ കമ്പനിക്കുണ്ട്. 132 പുതിയ ഇ.ബി.ഒ തുടങ്ങാനും കമ്പനിക്ക് പദ്ധതിടുന്നു.