

കേരളത്തിലെ പ്രമുഖ ആഗോള സുഗന്ധവ്യഞ്ജന കമ്പനിയായ മാന്‍ കാന്‍കോര്‍ (Mane Kancor) ഏറ്റവും വലിയ ഉത്പാദന കേന്ദ്രം കര്‍ണാടകയിലെ ബിയാദ്ഗി (Biyadgi) യില്‍ സ്ഥാപിച്ചു. മുളക് കൃഷി കൂടുതലുള്ള പ്രദേശമാണിത്. 50 ഏക്കറില്‍ 1,50,000 ചതുരശ്ര അടിയിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള പുതിയ കേന്ദ്രത്തില്‍ തുടര്‍ച്ചയായി സുഗന്ധവ്യഞ്ജനങ്ങള്‍ വേര്‍തിരിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ബള്‍ക്ക് ഉത്പാദനം ഒരു സ്ഥലത്ത് കേന്ദ്രികരിക്കാനാണ് കര്‍ണാടകത്തില്‍ പ്ലാന്റ് സ്ഥാപിച്ചതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പ്രത്യക്ഷ തൊഴിലുകള്‍ 50 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ കര്‍ണാടകം, കേരളം, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ 10,000ലധികം കര്‍ഷകര്‍ക്ക് നേട്ടമാകും.
സ്വാഭാവിക നിറങ്ങള്‍, സ്വാഭാവിക ആന്റി ഓക്സിഡന്റ്‌സ്, വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ഊന്നല്‍ നല്‍കാന്‍ പുതിയ കേന്ദ്രം സഹായകരമാകും. സീറോ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ ജൈവ വസ്തുക്കളും ബോയിലറുകളില്‍ ഇന്ധനമായി പരിവര്‍ത്തനം ചെയ്യപ്പെടും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വാതകം കമ്പനി കാന്റീനില്‍ പാചകത്തിന് ഉപയോഗിക്കും. സംസ്‌കരിച്ച മലിന ജലം കൃഷി സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തും.
നേരത്തെ കാന്‍കോര്‍ ഇന്‍ഗ്രിഡിയന്റ്‌സ് എന്നറിയപ്പെട്ടിരുന്ന കമ്പനിയാണ് സുഗന്ധവ്യഞ്ജനങ്ങള്‍ വേര്‍തിരിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം 1969 ല്‍ ആരംഭിച്ചത്. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് മാന്‍ കാന്‍കോര്‍.
Read DhanamOnline in English
Subscribe to Dhanam Magazine