വേഗ റെയ്ല്‍: കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കടമ്പകളേറെ

കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസന രംഗത്തെ ഫഌഗ്ഷിപ്പ് പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച വേഗറെയ്ല്‍ സാക്ഷാത്കരിക്കപ്പെടാന്‍ ഇനി കടമ്പകളേറെ. തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ലൈന്‍ (കെ-റെയ്ല്‍) ന്റെ വിദേശവായ്പയുടെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഈ ബൃഹദ് പദ്ധതിയുടെ സാക്ഷാത്കാരത്തിന് മുന്നില്‍ വലിയ വെല്ലുവിളികളുണ്ടായിരിക്കുന്നത്.

പദ്ധതിക്ക് അന്തിമാനുമതി നല്‍കണമെങ്കില്‍ ലാഭകരമാകുമെന്ന് ബോധ്യപ്പെടണമെന്ന കേന്ദ്ര നിലപാടും കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും.
അതിവേഗത്തിന് കടിഞ്ഞാണ്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭ അധികാരമേറ്റയുടന്‍ വേഗ റെയ്ല്‍ പദ്ധതിക്ക് അതിവേഗം നല്‍കാന്‍ ചടുലമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. പദ്ധതിക്ക് തത്വത്തില്‍ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.

വേഗ റെയ്ല്‍ പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. കേരളത്തിലെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ ചൂണ്ടിക്കാട്ടി പല കോണുകളില്‍ നിന്നും എതിര്‍വാദം ഇതിനെതിരെ ഉണ്ടായെങ്കിലും സര്‍ക്കാര്‍ അതിനെയെല്ലാം ഇതുവരെ പ്രതിരോധിക്കുകയായിരുന്നു.

വിദേശ വായ്പയുടെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കില്ല, അന്തിമാനുമതി നല്‍കാന്‍ ലാഭകരമെന്ന് ബോധ്യപ്പെടുത്തണം എന്നീ രണ്ട് കാര്യങ്ങള്‍ കേന്ദ്രം ഇപ്പോള്‍ ചൂണ്ടിക്കാട്ടിയതോടെ പദ്ധതിക്കെതിരെയുള്ള എതിര്‍വാദങ്ങള്‍ക്കും ഇനി ശക്തിയാര്‍ജ്ജിക്കും.
പണം, വേഗത പ്രശ്‌നമാകും
വേഗ റെയ്ല്‍ സാക്ഷാത്കരിക്കാന്‍ മൊത്തം 63,941 കോടി രൂപയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെങ്കിലും 2.10 ലക്ഷം കോടി രൂപയെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് നീതി ആയോഗിന്റെ നിഗമനം. ഇത്രയും വലിയ തുക കേരളത്തിന്റെ ഉത്തരവാദിത്തത്തില്‍ കണ്ടെത്തുക എന്നത് തന്നെയാണ് വലിയ കടമ്പ.

നിര്‍ദിഷ്ട വേഗറെയ്ല്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിലും വേഗത്തില്‍ രാജ്യത്ത് പല ട്രെയ്‌നുകളും ഇപ്പോള്‍ ഓടുന്നുണ്ട്. മാത്രമല്ല, കേരളത്തില്‍ റെയ്ല്‍വേ ഭൂമി ഇതിനായി നല്‍കാനും റെയ്ല്‍വേയ്ക്ക് താല്‍പ്പര്യമില്ല.

മുന്‍പെന്നത്തേക്കാള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കേരളത്തില്‍ നിത്യസംഭവമാകുന്നതും സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക നിലയും എല്ലാം പദ്ധതിക്ക് വിലങ്ങുതടിയാകാന്‍ സാധ്യതയുണ്ട്.

ഏത് വിധേനയും ഇത്തരമൊരു മെഗാ പദ്ധതി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടണമെന്ന ചിന്ത രാഷ്ട്രീയപരമായ വിയോജിപ്പിന്റെ പേരില്‍ കേന്ദ്രത്തിന് ഉണ്ടാകണമെന്നുമില്ല. ഇതെല്ലാം തന്നെ വേഗറെയ്‌ലിന് മുന്നില്‍ കടമ്പകള്‍ സൃഷ്ടിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it