അദാനി ഗ്രൂപ്പ് : വിമര്‍ശനങ്ങള്‍ക്കിടയിലും എല്‍.ഐസിയുടെ നിക്ഷേപമൂല്യം 50 % ഉയര്‍ന്നു

അദാനി ഗ്രൂപ്പില്‍ വലിയ നിക്ഷേപം നടത്തി കനത്ത നഷ്ടത്തിലാകുകയും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത എല്‍.ഐസിക്ക് ആശ്വാസ കാലം. കഴിഞ്ഞ രണ്ടു മാസത്തിനിടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ എല്‍.ഐ.സി നിക്ഷേപ മൂല്യം 44,600 കോടി രൂപയായി. ഇക്കാലയളവില്‍ അദാനി കമ്പനികളിലെ എല്‍.ഐ.സി നിക്ഷേപത്തിന്റെ മൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന 5,500 കോടി രൂപയാണ്. ഇതുവരെയുള്ള നിക്ഷേപത്തില്‍ 50 ശതമാനത്തിലധികം വളര്‍ച്ച നേടാന്‍ എല്‍.ഐ.സിക്ക് സാധിച്ചു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ 30,127 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ജനുവരി 30 ന് എല്‍.ഐ.സി പറഞ്ഞിരുന്നത്. അതാണ് മേയ് 24 ന് 44,600 കോടി രൂപയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനു മുന്‍പുള്ള മൂല്യത്തിലേക്ക് അദാനി ഓഹരികള്‍ തിരിച്ചെത്തിയിട്ടില്ല.

ജനുവരി അവസാനം മുതല്‍ അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 12 ലക്ഷം കോടി രൂപയില്‍ അധികമാണ് താഴ്ന്നത്. ഈ ഇടിവിലും ജനുവരി -മാര്‍ച്ച് പാദത്തില്‍ താഴ്ന്ന വിലയില്‍ എല്‍.ഐ.സി വീണ്ടും കൂടുതല്‍ ഓഹരികള്‍ വാങ്ങിയിരുന്നു.

നാല് ദിവസത്തില്‍ 14 ശതമാനം ഉയര്‍ച്ച

മേയ് 24 ന് വ്യാപാരം അവസാനിക്കുമ്പോള്‍ അദാനി കമ്പനികളിലെ എല്‍.ഐ.സിയുടെ നിക്ഷേപ മൂല്യം 44,684.77 കോടി രൂപയാണ്. മെയ് 19 ന് ഇത് 39.878.68 കോടി രൂപയായിരുന്നു. നാല് ദിവസത്തിനുള്ളില്‍ 14 ശതമാനം വര്‍ധന.മേയ് 22ന് ഗ്രൂപ്പിന്റെ വിപണി മൂല്യം 10 ലക്ഷം കോടി കവിഞ്ഞിരുന്നു.

അദാനി ഗ്രൂപ്പിന്റെ ഏഴ് കമ്പനികളിലാണ് എല്‍.ഐ.സിക്ക് നിക്ഷേപമുള്ളത്. ഇതില്‍ അദാനി പോര്‍ട്‌സിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം. 9.12 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മാര്‍ച്ച് 31 ന് 12,448 കോടി രൂപ മൂല്യമുണ്ടായിരുന്നത് മെയ് 23 ന് 14,136.63 കോടി രൂപയായി.

അദാനി എന്റെര്‍പ്രൈസില്‍ 4.26 ശതമാനം ഓഹരി പങ്കാളിത്തമാണ്. ഇതിലെ ഓഹരി മൂല്യം 12,017.05 കോടി രൂപയാണ്. അദാനി ഗ്രീന്‍ എനര്‍ജി യില്‍ 1.36 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 3.68 ശതമാനവുമാണ് എല്‍.ഐ.സി യുടെ പങ്കാളിത്തം. ഇരു കമ്പനികളുടെയും കൂടിയുള്ള നിക്ഷേപ മൂല്യം 5852.78 കോടി രൂപയായി.അംബുജ സിമന്റിലെ ഓഹരി മൂല്യം 5,270.66 കോടി രൂപയും എ.സി.സിയിലെ ഓഹരി മൂല്യം 2,144.12 കോടി രൂപയുമാണ്.

സുപ്രീം കോടതി പരാമര്‍ശവും ജി.ക്യു.ജി നിക്ഷേപവും കരുത്തായി

അബാനി ഗ്രൂപ്പ് ഓഹരികളിലെ കൃത്രിമമായ വിലക്കയറ്റം സെബിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് എന്ന നിഗമനത്തില്‍ എത്താനാവില്ല എന്ന സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അദാനി ഓഹരികള്‍ കുതിപ്പു തുടങ്ങിയത്.

യു.എസ്.ആസ്ഥാനമായി ജി.ക്യു.ജി പാര്‍ടേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി നിക്ഷേപം 10 ശതമാനം ഉയര്‍ത്തിയെന്ന വാര്‍ത്തയും മുന്നേറ്റത്തിനു കരുത്തു പകര്‍ന്നു. രാജീവ് ജെയ്ന്‍ നേതൃത്വം നല്‍കുന്ന ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് കഴിഞ്ഞ മാര്‍ച്ചില്‍ 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. പുതിയ നിക്ഷേപത്തോടെ അദാനി ഗ്രൂപ്പിലെ ഓഹരികളിലെ അവരുടെ മൂല്യം 25,000 കോടി രൂപയാണ്.

ഇതു കൂടാതെ കടം മുന്‍കൂറടച്ചും ബോണ്ടുകളും മറ്റും തിരിച്ചു വാങ്ങിയും നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്താനുള്ള നടപടികള്‍ അദാനി ഗ്രൂപ്പിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതും ഓഹരികളുടെ തിരിച്ചു വരവിന് കാരണമായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it