സ്റ്റിയറിംഗ് തകരാര്‍: 87,000 കാറുകള്‍ തിരികെ വിളിച്ച് മാരുതി

രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ കാറുകള്‍ തിരികെ വിളിക്കുന്നു. 2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15 നും ഇടയില്‍ നിര്‍മ്മിച്ച എസ്-പ്രസോ, ഈക്കോ മോഡലുകളിലുള്ള 87,599 കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. സ്റ്റിയറിംഗ് ടൈ റോഡില്‍ (steering tie rod) തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി.

സൗജന്യമായി മാറ്റിനല്‍കും

ഈ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിയറിംഗ് ടൈ റോഡിന്റെ ഒരു ഭാഗത്ത് തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇത് ചില സന്ദര്‍ഭങ്ങളില്‍ വാഹനത്തിന്റെ സ്റ്റിയറബിലിറ്റിയെയും ഹാന്‍ഡ്ലിംഗിനെയും തകരാറിലാക്കും എന്നും മാരുതി സുസുക്കി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍ വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കും. തകരാര്‍ സംഭവിച്ച ഭാഗത്തിന് പകരം പുതിയത് സൗജന്യമായി മാറ്റിനല്‍കുമെന്നും കമ്പനി അറിയിച്ചു.

മുമ്പും തിരിച്ചുവിളിച്ചിട്ടുണ്ട്

രണ്ട് വര്‍ഷം മുമ്പ് മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന്റെ തകരാര്‍ മൂലം സിയാസ്, വിറ്റാര ബ്രെസ്സ, എക്‌സ്എല്‍6 പെട്രോള്‍ വേരിയന്റുകളുള്‍പ്പെടെ വിവിധ മോഡലുകളുടെ രണ്ട് ലക്ഷത്തോളം കാറുകള്‍ മാരുതി സുസുക്കി തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1.34 ലക്ഷം യൂണിറ്റ് വാഗണ്‍ആര്‍, ബലേനോ ഹാച്ച്ബാക്കുകള്‍ ഇന്ധന പമ്പുകളില്‍ തകരാറുള്ളതിനാല്‍ തിരിച്ചുവിളിച്ചു. കൂടാതെ മോട്ടോര്‍ ജനറേറ്റര്‍ തകരാര്‍ മൂലം 63,493 യൂണിറ്റ് സിയാസ്, എര്‍ട്ടിഗ, എക്‌സ്എല്‍6 പെട്രോള്‍ സ്മാര്‍ട്ട് ഹൈബ്രിഡ് വേരിയന്റുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു.

Related Articles
Next Story
Videos
Share it