

മാരുതി സുസുക്കി വീണ്ടും ജനപ്രിയമോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഉത്പാദന ചെലവിലെ വര്‍ധന മറികടക്കാനാണ് വില കൂട്ടിയത്. ഹാച്ച്ബാക്ക് വിഭാഗത്തില്‍ വരുന്ന സ്വിഫ്റ്റിന്റെ വില 25,000 രൂപയോളമാണ് വര്‍ധിപ്പിച്ചത്. ഗ്രാന്‍ഡ് വിറ്റാരയുടെ വില 19,000 രൂപ ഉയര്‍ത്തി. ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് വിലവര്‍ധന.
വിലവര്‍ധനയ്ക്ക് ശേഷം സ്വിഫ്റ്റിന്റെ വിവിധ വകഭേദങ്ങളുടെ വില 5.99 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപ വരെ കൂടി. കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം ഗ്രാന്‍ഡ് വിറ്റാരയുടെ സിഗ്മ വേരിയന്റിന് 10.8 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം) വില.
ഉത്പാദന ചെലവ് ഉയരുന്നു
ഉയര്‍ന്ന ഉത്പാദന ചെലവും പണപ്പെരുപ്പവും കമ്മോഡിറ്റി വില വര്‍ധനയുമൊക്കെ മൂലം മാരുതിയും മറ്റ് കാര്‍ നിര്‍മാതാക്കളും അടുത്ത കുറച്ച് വര്‍ഷങ്ങളായി വില വര്‍ധിപ്പിച്ചു വരികയാണ്.
മാരുതി ഇക്കഴിഞ്ഞ ജനുവരിയില്‍ കാര്‍ വില 0.45 ശതമാനം കൂട്ടിയിരുന്നു. വില വര്‍ധിപ്പിച്ചേക്കുമെന്നുള്ള സൂചന കഴിഞ്ഞ നവംബറില്‍ തന്നെ കമ്പനി നല്‍കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine