എസ്‌യുവി വിഭാഗം ഇത്രയും വേഗം വളരുമെന്ന് കരുതിയില്ല, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് മാരുതി

രാജ്യത്തെ എസ്‌യുവി വാഹന വിപണിയെ അളക്കുന്നതില്‍ തെറ്റുപറ്റിയെന്ന് മാരുതി സുസൂക്കി (Maruti Suzuki) സിഇഒയും എംഡിയുമായ ഹിഷാഷി തുകൂച്ച് (Hisashi Takeuchi). എസ്‌യുവി വിപണി ഇത്രയും വേഗം വളരുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത സാമ്പത്തിക വര്‍ഷം (2023-24) എസ്‌യുവി സെഗ്മെന്റില്‍ ഒന്നാമതെത്തുകയാണ് ലക്ഷ്യമെന്നും സിഇഒ വ്യക്തമാക്കി.

രാജ്യത്തെ വാഹന വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് എസ്‌യുവി. 15,91,304 യൂണീറ്റ് എസ്‌യുവികള്‍ വിറ്റ കഴിഞ്ഞ വര്‍ഷം 35 ശതമാനം ആയിരുന്നു വളര്‍ച്ച. ടാറ്റ, മഹീന്ദ്ര, ഹ്യൂണ്ടായി എന്നിവയ്ക്കാണ് എസ്‌യുവി വിഭാഗത്തില്‍ മേധാവിത്വം. നിലവില്‍ ബ്രെസ, എക്‌സ്എല്‍6, ഗ്രാന്‍ഡ് വിറ്റാര എന്നിവയാണ് മാരുതി പുറത്തിറക്കുന്ന എസ്‌യുവികള്‍. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ജിമ്‌നി, ഫ്രോക്‌സ് (Fronx) എന്നീ എസ്‌യുവികള്‍ മാരുതി അവതരിപ്പിച്ചിട്ടുമുണ്ട്.

അതേ സമയം ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാന്‍ മാരുതി വൈകിയിട്ടില്ലെന്നാണ് ഹിഷാഷിയുടെ വിലയിരുത്തല്‍. 2025ല്‍ ആണ് മാരുതിയുടെ ആദ്യ ഇവി പുറത്തിറങ്ങുന്നത്. ഇവിക്കായി എക്‌സ്‌ക്ലൂസീവ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് കമ്പനി. ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്‌സ് എന്ന പേരില്‍ ഇവിയുടെ മോഡലും മാരുതി അവതരിപ്പിച്ചിരുന്നു. ആദ്യ മോഡലാണ്, അതുകൊണ്ട് സമയമെടുക്കുമെന്നാണ് ഇവിയെക്കുറിച്ച് ഹിഷാഷി പറഞ്ഞത്. രാജ്യത്തെ വിപണി വിഹിതം 42ല്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്തുകയാണ് മാരുതിയുടെ ലക്ഷ്യം. പിന്നീട് അത് 50 ശതമാനം ആക്കി ഉയര്‍ത്തും.

നിലവില്‍ 0.77 ശതമാനം ഉയര്‍ന്ന് 8,438 രൂപയിലാണ് (12.00 PM) മാരുതി ഓഹരികളുടെ വ്യാപാരം

Related Articles
Next Story
Videos
Share it