മാതമംഗലം സമരം ഒത്തുതീര്‍പ്പിലേക്ക്, പക്ഷേ ഹൈക്കോടതി ഉത്തരവ് നോക്കുകുത്തി

സംസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മാതമംഗലം സിഐടിയു കടയടപ്പിക്കല്‍ സമരത്തില്‍ ഒത്തുതീര്‍പ്പായെങ്കിലും ഹൈക്കോടതി ഉത്തരവ് നോക്കുകുത്തി. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കുന്നതിന് മാതമംഗലത്തെ എസ് ആര്‍ അസോസിയേറ്റ്സ് ഹാര്‍ഡ്‌വയര്‍ കടയുടമ റബീഹ് ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് നേടിയിരുന്നെങ്കിലും ഇന്ന് തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം അത് നടപ്പാവില്ല. യോഗത്തിലെ തീരുമാനം അനുസരിച്ച് കടയിലേക്ക് വരുന്ന വലിയ ലോഡുകള്‍ സിഐടിയു തൊഴിലാളികള്‍ ഇറക്കും. ചെറിയ ലോഡുകളുടെ കയറ്റിറക്ക് മാത്രമാണ് കടയുടമ നിയമിച്ച തൊഴിലാളികള്‍ ചെയ്യാന്‍ പാടുള്ളൂ. കൂടാതെ, സമരപ്പന്തല്‍ ഇന്ന് തന്നെ ഒഴിവാക്കാനും കടയ്ക്കുമേലുള്ള എല്ലാ വിലക്കുകളും പിന്‍വലിക്കാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, യോഗതീരുമാനങ്ങള്‍ കടയുടമയ്ക്ക് അനുകൂലമല്ലെന്നും ഗത്യന്തരമില്ലാതെയാണ് അദ്ദേഹം ഇത് അംഗീകരിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ പൊതുവേയുള്ള അഭിപ്രായം. 2021 ഓഗസ്റ്റില്‍ ആരംഭിച്ച ഹാര്‍ഡ്‌വയര്‍ കടയിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്നായിരുന്നു കടയുടമ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അനുമതി വാങ്ങിയത്. ഇതുപ്രകാരം തൊഴിലാളികളെയും നിയമിച്ചു. പിന്നാലെയാണ് പ്രദേശത്തെ സിഐടിയു തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് 50 ദിവസമായി തുടരുന്ന സിഐടിയു തൊഴിലാളി സമരത്തെ തുടര്‍ന്ന് കട അടച്ചുപൂട്ടേണ്ടതായും വന്നു.
അതേസമയം, പ്രശ്നത്തില്‍ പരിഹാരമായെങ്കിലും ഹൈക്കോടതി വിധി പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ലെന്ന് എസ് ആര്‍ അസോസിയേറ്റ്സ് ഹാര്‍ഡ്വയര്‍ കടയുടമ റബീഹ് ധനത്തോട് പറഞ്ഞു. ലോഡുകളുടെ കയറ്റിറക്ക് നടത്തുന്നതിന് സ്വന്തം തൊഴിലാളികളെ നിയമിക്കാമെന്ന ഹൈക്കോടതി വിധിയുണ്ടെങ്കിലും ഇത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. 16 വര്‍ഷത്തോളം പ്രവാസിയായിരുന്ന റബീഹ് മാതമംഗലത്ത് 70 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ഡ്വയര്‍ കട ആരംഭിച്ചത്.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it