സാമ്പത്തിക പ്രതിസന്ധി; ഹെറിറ്റേജ് കാറുകള്‍ വിറ്റ് മക്‌ലാരന്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഹെറിറ്റേജ് കളക്ഷനിലെ കാറുകള്‍ വിറ്റ് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മക്‌ലാരന്‍ (McLaren). കമ്പനിയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍ അര്‍റ്റൂരയുടെ (Artura) ടെക്‌നിക്കല്‍ അപ്ഗ്രഡേഷന് പണം കണ്ടെത്താനാണ് ഹെറിറ്റേജ് കളക്ഷനിലെ ഏതാനും കാറുകള്‍ കമ്പനി വിറ്റത്. മക്‌ലാരനില്‍ നിന്ന് കാറുകള്‍ വാങ്ങിയത് ബഹ്‌റിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് Mumtalakat ഹോള്‍ഡിംഗ് കമ്പനിയാണ്.
മക്‌ലാരന്റെ 60 ശതമാനത്തോളം ഓഹരികളും കൈവശം വെച്ചിരിക്കുന്ന Mumtalakat പ്രതിഫലമായി 100 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനിയില്‍ നടത്തുന്നത്. 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോര്‍മുല വണ്‍ റേസിംഗ്, സൂപ്പര്‍ കാര്‍ വിഭാഗങ്ങളിലായി അപൂര്‍വമായ 54 കാറുകളുടെ കളക്ഷനാണ് മക്‌ലാരനുള്ളത്. പണം കണ്ടെത്തുന്നതിന്‍െ ഭാഗമായി ഭാവിയില്‍ ഹെറിറ്റേജ് കളക്ഷനില്‍ നിന്ന് കൂടുതല്‍ കാറുകള്‍ കമ്പനി വിറ്റേക്കും.
2022 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 203 മില്യണ്‍ യൂറോയുടെ നഷ്ടത്തിലാണ് മക് ലാരന്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 69 മില്യണ്‍ യൂറോ ആയിരുന്നു കമ്പനിയുടെ നഷ്ടം. ഈ വര്‍ഷം നവംബറിലാണ് മക് ലാരന്‍ ഇന്ത്യയില്‍ ആദ്യ ഷോറൂം തുറന്നത്. നാല് കോടി രൂപ മുതലാണ് മക്ലാരന്‍ മോഡലുകളുടെ വില.