ഓഹരി വിറ്റ് ₹450 കോടി സമാഹരിക്കാന്‍ മെഡിമിക്‌സിന്റെ ഉടമസ്ഥര്‍; ₹1,000 കോടി വിറ്റുവരവും ലക്ഷ്യം

ആയുര്‍വേദ സോപ്പായ മെഡിമിക്‌സിന്റെ നിര്‍മ്മാണ കമ്പനികളിലൊന്നായ ചോലയില്‍ ഗ്രൂപ്പ്, ഓഹരി വില്‍പനയിലൂടെ 400-450 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. അര നൂറ്റാണ്ടിലേറെ കാലമായി വിപണിയില്‍ വന്‍ സ്വീകാര്യതയോടെ നിലനില്‍ക്കുന്ന മെഡിമിക്‌സിന്റെ ഉത്തരേന്ത്യന്‍ വിപണി കൈകാര്യം ചെയ്യുന്ന ഗ്രൂപ്പാണ് ചോലയില്‍. 20-25 ശതമാനം ഓഹരികളാകും കമ്പനി വില്‍ക്കുകയെന്നും കമ്പനിയുടെ നിയന്ത്രണവകാശം ചോലയില്‍ ഗ്രൂപ്പ് തന്നെ നിലനിറുത്തുമെന്നും ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

ആദ്യമായി ധനസമാഹരണം
മലയാളിയും ഇന്ത്യന്‍ റെയില്‍വേയില്‍ ഡോക്ടറുമായിരുന്ന വി.പി. സിദ്ധന്‍ 1969ല്‍ സ്ഥാപിച്ചതാണ് മെഡിമിക്‌സ്. വാണിജ്യാടിസ്ഥാനത്തിലുള്ള സോപ്പ് നിര്‍മ്മാണം ചെന്നൈയിലെ ഫാക്ടറിയില്‍ നിന്ന് 1983ലാണ് ആരംഭിച്ചത്.
2007ല്‍ കമ്പനി രണ്ടായി പിളര്‍ന്നു. ഉത്തരേന്ത്യ, കിഴക്ക്, പടിഞ്ഞാറ് ഇന്ത്യ എന്നീ വിപണികളിലേക്ക് വി.പി. സിദ്ധന്റെ പുത്രൻ പ്രദീപ് ചോലയില്‍ നയിക്കുന്ന ചോലയില്‍ ഗ്രൂപ്പ് മെഡിമിക്‌സുമായി എത്തി. ദക്ഷിണേന്ത്യന്‍ വിപണിയുടെ ചുമതല വി.പി. സിദ്ധന്റെ മരുമകന്‍ ഡോ.എ.വി. അനൂപ് നയിക്കുന്ന എ.വി.എ ഗ്രൂപ്പ് ഏറ്റെടുത്തു.
ആദ്യമായാണ് ചോലയില്‍ ഗ്രൂപ്പ് പുറത്തുനിന്നുള്ള ധനസമാഹരണത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ക്യുട്ടിക്ക്യൂറയും കൃഷ്ണ തുളസിയും
നിലവില്‍ സോപ്പ്, ഫേസ് വാഷ്, ബോഡി വാഷ്, മോയിസ്ചറൈസര്‍, ഷാംപൂ, ഹൈജീന്‍ വാഷ് തുടങ്ങിയ ഉത്പന്നങ്ങള്‍ ചോലയില്‍ പുറത്തിറക്കുന്നുണ്ട്. മാഹാരാഷ്ട്രയാണ് മുഖ്യ വിപണി. ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മികച്ച വില്‍പനയുണ്ട്. അമേരിക്ക, ഗള്‍ഫ് എന്നിങ്ങനെ 35 രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നു.
2001ല്‍ പ്രമുഖ ടാല്‍ക് പൗഡര്‍, സോപ്പ് ബ്രാന്‍ഡായ ക്യുട്ടിക്ക്യൂറയെ ചോലയില്‍ ഏറ്റെടുത്തിരുന്നു. പിന്നീട് കൃഷ്ണ തുളസി എന്ന സോപ്പ് ബ്രാന്‍ഡിനെയും സ്വന്തമാക്കി.
1,000 കോടി വിറ്റുവരവ് ലക്ഷ്യം
ചോലയില്‍ ഗ്രൂപ്പിന്റെ വിറ്റുവരവ് 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 400 കോടി രൂപയോളമായിരുന്നു. വിറ്റുവരവ് 1,000 കോടി രൂപയായി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. ഇതിന്റെ ഭാഗമായി അനുപം കതേരിയയെ (Anupam Katheriya) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി (CEO) അടുത്തിടെ കമ്പനി നിയമിച്ചിരുന്നു.
നിലവിലെ ഉത്പന്നങ്ങളുടെ വിപണി വിപുലപ്പെടുത്തിയും പുതിയ ഉത്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്തും വിറ്റുവരവ് ലക്ഷ്യം കൈവരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. മാര്‍ഗോ, പതഞ്ജലി, ചന്ദ്രിക, ഹമാം, മൈസൂര്‍ സാന്‍ഡല്‍ എന്നിവയാണ് വിപണിയില്‍ ചോലയില്‍ ഗ്രൂപ്പിന്റെ മുഖ്യ എതിരാളികള്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it