ആമസോണിനെ മറികടന്നു, രണ്ടാമനായി മീഷോ
ഉത്സവ സീസണിലെ വില്‍പ്പനയില്‍ (Sale Order) ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെ (Amazon) മറികടന്ന് ഇന്ത്യന്‍ പ്ലാറ്റ്‌ഫോം മീഷോ (Meesho). ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ മീഷോ രണ്ടാം സ്ഥാനത്തെത്തി. ആകെ വില്‍പ്പനയുടെ 21 ശതമാനം ആണ് മീഷോ നേടിയത്. 49 ശതമാനം വിഹിതവുമായി ഫ്‌ലിപ്കാര്‍ട്ട് (Flipkart) ആണ് ഒന്നാം സ്ഥാനത്ത്.
ആമസോണിന്റെ (Amazon) വിഹിതം എത്ര ശതമാനം ആണെന്ന് വ്യക്തമല്ല. അതേ സമയം വില്‍പ്പനയിലൂടെ ലഭിച്ച തുകയുടെ അടിസ്ഥാനത്തില്‍ (Gross Merchandise Volume) ഫ്‌ലിപ്കാര്‍ട്ടിന് പിന്നില്‍ ആമസോണ്‍ രണ്ടാമതാണ്. ഈ വിഭാഗത്തില്‍ യഥാക്രമം 62 ശതമാനം, 26 ശതമാനം എന്നിങ്ങനെയാണ് ഫ്‌ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വിഹിതം. സെപ്റ്റംബര്‍ 23-27 തീയതികളില്‍ നടത്തിയ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലിലൂടെ മീഷോ മികച്ച പ്രകടനം ആണ് നടത്തിയത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ മീഷോ 68 ശതമാനം വളര്‍ച്ച നേടി. മെഗാ സെയിലില്‍ 33.4 ദശലക്ഷം ഓര്‍ഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്. അതില്‍ 60 ശതമാനവും ടയര്‍ 4+ മേഖലയില്‍ നിന്നാണ്. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ 75-80 ദശലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ 65 ശതമാനവും ടയര്‍ 2 നഗരങ്ങളില്‍ നിന്നാണ്.
സെപ്റ്റംബര്‍ 22-30 തീയതികളില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ 5.7 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 40,000 കോടിയുടെ) വില്‍പ്പന നേടിയെന്നാണ് അനാലിസിസ് സ്ഥാപനമായ റെഡ്‌സീറിന്റെ വിലയിരുത്തല്‍. മുന്‍വര്‍ഷത്തെക്കാള്‍ 27 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഏകദേശം 45-50 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് (Ecommerce) വിപണി. 2030ഓടെ ഇത് 350 ബില്യണ്‍ ഡോളളിന്റേതായി ഉയരുമെന്നാണ് വിലയിരുത്തല്‍.